ADVERTISEMENT
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയര്‍മാനായി കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കൗണ്‍സിലിന്റെ കീഴില്‍ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗണ്‍സില്‍, ഇംപ്ലിമെന്റേഷന്‍ ആന്റ് ടെക്‌നിക്കല്‍ കമ്മറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പില്‍ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെല്‍ കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും, ജില്ലാ വികസന കമ്മീഷണര്‍മാരുടെ/ജില്ലാ പ്ലാനിംഗ് ഓഫീസിനെ ജില്ലാതല സെക്രട്ടേറിയേറ്റായും രൂപീകരിക്കും.
കുട്ടനാട് ഏകോപന കൗണ്‍സിലിന്റെ ചെയര്‍മാനായി മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായി കൃഷി വകുപ്പ് മന്ത്രിയും (കണ്‍വീനര്‍ / സെക്രട്ടറി) ആയി ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രവര്‍ത്തിക്കും.
റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും. 40 അംഗ കൗണ്‍സിലില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും ചീഫ് എഞ്ചിനീയര്‍മാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അംഗങ്ങളായിരിക്കും.
ലക്ഷ്യങ്ങള്‍
1. കുട്ടനാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഒറ്റ സംവിധാനത്തിന്റെ കീഴിലാക്കും. ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം നടത്തുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും പദ്ധതികള്‍ക്ക് ആവര്‍ത്തന സ്വഭാവമില്ലാതെ നടപ്പിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
2. കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക.
3. കുട്ടനാട്ടിലെ സമഗ്ര ജലമാനേജ്‌മെന്റ് നടപ്പിലാക്കുക.
4. കുട്ടനാട്ടിലെ നെല്‍ക്കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
5. കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാര്‍ഷിക കലണ്ടറും കൃഷിരീതിയും നടപ്പിലാക്കുക.
6. വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുക.
7. കുട്ടനാട്ടിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങള്‍ സമാഹരിക്കുക.
കൗണ്‍സില്‍ ആറ് മാസത്തിലൊരിക്കല്‍ യോഗം ചേരും.
കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിന് 12 തസ്തികകള്‍
കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിന്റെ പ്രവര്‍ത്തനത്തിന് 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സൂപ്രണ്ട് (ഡെപ്യൂട്ടി സൂപ്രണ്ട്), അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 1, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2, എന്നിവയുടെ ഓരോ തസ്തികകളും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ 3 തസ്തികകളും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ 6 തസ്തികകളുമാണ് സൃഷ്ടിക്കുക. ഇതിനുപുറമെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് 9 തസ്തികകള്‍ പുനര്‍വിന്യസിക്കും.
വടക്കഞ്ചേരി അപകടം – 2 ലക്ഷം രൂപ വീതം ധനസഹായം
പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ മരണപ്പെട്ട 9 പേരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച തുകയ്ക്കു പുറമെയാണിത്.
സേവനകാലാവധി ദീര്‍ഘിപ്പിച്ചു
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജയകുമാറിന്റെ സേവനകാലാവധി 28.02.2022 മുതല്‍ രണ്ട് വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കും.
ജഡ്ജിമാര്‍ക്ക് കാര്‍ വാങ്ങാന്‍ അനുമതി
സംസ്ഥാനത്തെ ഏഴ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങുന്നതിന് അനുമതി നല്‍കും.
പാട്ടത്തിന് നല്‍കും
കണ്ണൂര്‍ ജില്ലയില്‍ ചെറുവാഞ്ചേരിയില്‍ അപ്ലൈഡ് സയന്‍സ് കോളേജിന്റെ പ്രവര്‍ത്തനത്തിന് കണ്ടെത്തിയ 5 ഏക്കര്‍ ഭൂമിയുടെ കമ്പോളവില ഓരോ അഞ്ച് വര്‍ഷം കൂടുന്തോറും പുതുക്കി നിശ്ചയിക്കും. ആര്‍ ഒന്നിന് നൂറു രൂപ പാട്ടനിരക്കില്‍ 30 വര്‍ഷത്തേക്ക് ഐ.എച്ച്.ആര്‍.ഡിക്ക് പാട്ടത്തിന് അനുവദിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.