Tiger: കടുവയെ കുടുക്കാൻ… ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം

വയനാ(wayanad) ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ(Tiger)യെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം. മയക്കുവെടി വെച്ച്‌ പിടികൂടാൻ ആർ ആർ ടി സംഘം പ്രദേശത്ത്‌ വ്യാപക തിരച്ചിൽ നടത്തുകയാണ്‌. അതിനിടെ പ്രദേശത്ത്‌ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചയായി തുടരുകയാണ്‌ ചീരാലിലെ കടുവാ ഭീതി.

ഇതിനിടെ കൊല്ലപ്പെട്ടത്‌ എട്ട്‌ വളർത്തുമൃഗങ്ങൾ. പരിക്കേറ്റവ നിരവധി. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക്‌ പിന്നാലെ കടുവയെ പിടികൂടാൻ വനം വകുപ്പ്‌ നടത്തുന്ന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിട്ടില്ല.അതേ സമയം ഇടക്കിടെയുള്ള ആക്രമണങ്ങൾ തുടരുകയാണ്‌.

കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാനാണ്‌ നിലവിൽ ശ്രമങ്ങൾ തുടരുന്നത്‌. ആർ ആർ ടി സംഘം പ്രദേശത്ത്‌ വ്യാപക തിരച്ചിൽ നടത്തുകയാണ്‌. വനാതിർത്തിയും സ്വകാര്യ തോട്ടങ്ങളുമുള്ള പ്രദേശത്ത്‌ തിരച്ചിൽ ദുഷ്കരമാണ്‌. എത്രയും വേഗം കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന് വൈൽഡ്‌ ലൈഫ്‌ വാർഡൻ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയും കടുവയുടെ ആക്രമണത്തിൽ രണ്ട്‌ പശുക്കൾക്ക്‌ പരിക്കേറ്റിരുന്നു. കണ്ടർമ്മല വേലായുധൻ,കരുവള്ളി ജയ്സി എന്നിവരുടെ പശുക്കളാണ്‌ ആക്രമിക്കപ്പെട്ടത്‌. ക്ഷീര കർഷകർ ഏറെയുള്ള മേഖല കടുവാഭീതിയേറിയതോടെ പ്രതിസന്ധിയിലാണ്‌.

ജില്ലയിൽ പല മേഖലകളിലും കടുവ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ജില്ലാകളക്ടർ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു. സ്വകാര്യ തോട്ടങ്ങളിൽ കടുവകൾ എത്താനുള്ള സാധ്യതയില്ലാതാക്കാൻ അടിക്കാടുകൾ വെട്ടിതെളിക്കാൻ ഉടമകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌. ചീരലിന്‌ പുറമേ കൃഷ്ണഗിരി,ദൊട്ടപ്പൻ കുളം,ആറാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here