മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നുറുക്കി കളയാനാണ് തോന്നിയത്, സോമൻ

കേരളം ഒന്നാകെ നടുങ്ങിയ ഇലന്തൂർ നരബലി…കേരളം നടുങ്ങിയ നരബലിയുടെ മുഖ്യആസൂത്രകരിലൊരാൾ ഭഗവൽസിങ്ങാണെന്ന് നാട്ടുകാർക്കാർക്കും ആദ്യമൊന്നും വിശ്വസിക്കാനായില്ല. സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഭഗവൽസിങ്ങിന്റെയും ഭാര്യ ലൈലയുടെയും മറ്റൊരുമുഖം നാട്ടുകാർ അറിയുന്നത്.

ഭഗവൽസിങ്ങിന്റെയും ഭാര്യ ലൈലയുടെയും സൂത്രധാരൻ ഷാഫിയുടെയും ഈ മൂന്ന് നാരദരന്മാരുടെയും കത്തിമുനയിൽ കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറി വിൽക്കുന്ന സ്ത്രീകൾ. സാമൂഹിക ബന്ധങ്ങളോ പിടിപാടുകളോ ഇല്ലാത്ത കുടുംബങ്ങളിലുള്ള പാവപ്പെട്ട രണ്ടു സ്ത്രീകൾ. അതിലൊരാൾ തമിഴ്നാട് സ്വദേശിയും.പത്മയും റോസ്ലിയും.

ഇരുവരുടെയും ശരീരം കൃത്യമായി 56 കഷ്ണങ്ങളാക്കി കുഴികളിൽ കുഴിച്ചുതള്ളി.ഈ മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കുഴിയിൽ നിന്നെടുക്കുന്നത് സോമൻ ആണ്. ഒരു പക്ഷെ പോലീസുകാർ സോമനെ ഇലന്തൂരിലേക്ക് വിളിക്കുമ്പോൾ അറിഞ്ഞുകാണില്ല അവിടുത്തെ അന്തരീക്ഷം. എന്താണ് സംഭവം എന്നറിയാതെയാണ് താൻ ഇലന്തൂരിൽ എത്തുന്നത് എന്നാണ് സോമൻ ഓർത്തെടുക്കുന്നത്.

സോമൻ കഴിഞ്ഞ 34 വർഷമായി ഡിപ്പാർട്മെന്റിന്റെ എല്ലാ കേസുകളിലും മുഖ്യ പങ്കുവഹിച്ചുട്ടയാൾ. പലരും എടുക്കാൻ മടിക്കുന്ന മാസങ്ങളോളം പഴകിയതും അഴുകിയതുമായ മൃതദേഹം സോമൻ എടുത്തുകൊടുത്ത് ഡിപ്പാർട്മെന്റിനെ പല സമയങ്ങളിലും സഹായിച്ചിട്ടുണ്ട്.

കൈകൊണ്ട് മാന്തിയെടുക്കുകയായിരുന്നു സോമൻ റോസ്ലിയുടെയും പത്മയുടെയും 56 കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ മൃതദേഹാവശിഷ്ടം. ഇവ കുഴിയിൽ നിന്നും മാറ്റിയെടുത്ത് പുറത്ത്എത്തിച്ചപ്പോൾ ഈ കൊലപാതകികളെ ഇതുപോലെ നുറുക്കിക്കളയാനാണ് തനിക്ക് തോന്നിയതെന്ന് സോമൻ പറയുന്നു. ഈ സന്ദർഭം ഓർത്തെടുക്കുമ്പോൾ മൃതദേഹം ആദ്യം കണ്ടതിന്റെ ഞെട്ടൽ സോമന്റെ മുഖത്തുനിന്ന് മാറിയിരുന്നില്ല.

സോമന്റെ വാക്കുകൾ ഇങ്ങിനെ

ഈ സംഭവം കണ്ടപ്പോൾ ആദ്യം തോന്നിയത് ഇത് ചെയ്ത പ്രതികളെയും ഇതേപോലെ തന്നെ നുറുക്കി കൊല്ലമായിരുന്നുവെന്ന് എനിക്ക് തോന്നിപോയി… പക്ഷെ നമുക്ക് അതിന് ഒരു നിയമം ഇല്ലാലോ…സോമൻ പറയുന്നു… എന്റെ 34 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഏറ്റവും ദുരിതം നിറഞ്ഞ ജോലിയായിരുന്നു ഇലന്തൂരിലേത്… ഒരു മാസം വരെ പഴക്കമുള്ള ആർക്കും എടുക്കാൻ സാധിക്കാത്ത ബോഡികളാണ് ഞാൻ കൂടുതലും എടുത്തിട്ടുള്ളത്…ഇത് ചെയ്തവർക്ക് എത്രത്തോളം മനോധൈര്യം ഉണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്… ഇക്കൂട്ടത്തിൽ ഒരു സ്ത്രീ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ ശെരിക്കും താൻ അമ്പരന്ന് പോയി.. അവർക്കൊരു മനസാക്ഷി ഇല്ലാതായിപ്പോയില്ലേ?(സോമൻ പറയുന്നു)…

കുഴിച്ചിട്ടിരിക്കുന്ന മൃതദേഹങ്ങൾ ഒരിക്കലും കിളച്ചെടുക്കാൻ സാധിക്കുന്നതായിരുന്നില്ല… അത് കൈകൊണ്ട് മാന്തിതന്നെയെടുക്കണം…. ഒരു കേടുപാടും വരാതെ വളരെ സൂക്ഷമതയോടെ അതിനെ കൈകാര്യം ചെയേണ്ടതുണ്ട്…

പലരും അറച്ചുപോകുന്ന ബോഡിയാണ് ഞാൻ എടുക്കാറുള്ളത് പലരും എന്നെ കഴുകാൻ എന്ന് വരെ വിളിക്കാറുണ്ട്…സോമൻ പറയുന്നു…

അഴുകിത്തുടങ്ങിയ മൃതദേഹം മറ്റൊരു മൃതദേഹമാകട്ടെ എല്ലുംകഷ്ണം മാത്രമായിരുന്നു.. അതിന് ഒരു കേടുപാടുകളും സംഭവിക്കാതെ വളരെ സൂക്ഷ്മതയോടെ അത് പൊലീസിന് കൈമാറി ഈ കേസിൽ കേരളാ പോലീസിന്റെ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തിയ സോമൻ.

മൃതദേഹങ്ങൾ കുഴിയിൽ നിന്നും എടുക്കുന്ന സമയങ്ങളിൽ അതിന് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിൽ പിന്നീടതിന്റെ ശാസ്ത്രീയമായ പരിശോധനയിൽ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേനെ.. എന്നാൽ അതിനൊന്നും ഇടവരുത്താതെ വളരെ സൂക്ഷ്മതയോടും കൃത്യതയോടുകൂടിയും അയാൾ തന്റെ ദൗത്യം കൃത്യമായി നിറവേറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here