OLX വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍

OLX ല്‍ വില്‍പ്പനയ്ക്ക് വെച്ച വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയുടെ 52500 രൂപ വില വരുന്ന ഐഫോണ്‍ തന്ത്രപൂര്‍വം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് ഫസീല്‍ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിന്‍ (21),പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

OLX ല്‍ വില്‍ക്കാന്‍ വെക്കുന്ന ഐഫോണ്‍ ഉടമകളെ ആണ് പ്രതികള്‍ ഉന്നം വെക്കുന്നത്. സംഘത്തിലെ സ്ത്രീ വ്യാജ പേരുകളില്‍ മൊബൈല്‍ ഫോണ്‍ ഉടമകളെ വിളിച്ചു ഇടപാട് ഉറപ്പിച്ച ശേഷം മൊബൈല്‍ ഫോണ്‍ കോഴിക്കോട്, നിലമ്പൂര്‍ ഭാഗത്തേക്ക് ഉള്ള ബസ്സില്‍ കയറ്റി വിടാന്‍ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് റെസിപ്റ്റ് തയ്യാറാക്കി ഫോണ്‍ ഉടമക്ക് അയച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടില്‍ പണം ലഭിക്കാതെ ഫോണ്‍ ഉടമ സംഘത്തെ ബന്ധപ്പെടുമ്പോള്‍ ബാങ്ക് സെര്‍വര്‍ തകരാര്‍ ആണ് എന്ന് വിശ്വസിപ്പിക്കുകയും. ഈ സമയം കൊണ്ട് തട്ടിപ്പുകാര്‍ ഫോണ്‍ ബസ്സില്‍ നിന്നും വാങ്ങി മൊബൈല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്.

തട്ടിപ്പിലൂടെ നേടുന്ന പണം വിനോദ സഞ്ചാരത്തിനും ആഡംബര ജീവിത്തത്തിനാണ് ഇവര്‍ ഉപയോഗിച്ച് കൊണ്ടിരുന്നത്. സമാന രീതിയില്‍ ഇടപാടുകരുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി ദുരുപയോഗം ചെയ്ത ഫസീലിന്റെ സഹോദരന്‍ ഫാസിലിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു. ഓണ്‍ലൈന്‍ വഴി വില്‍പ്പന, വാങ്ങല്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ കഴിവതും ഷെയര്‍ ചെയ്യാതിരിക്കുകയും വേണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News