ടിബിഎസ് ഉടമ എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു|Balakrishnamarar

ടി ബി എസിന്റെയും പൂര്‍ണ്ണ പബ്ലിക്കേഷന്‍സിന്റെയും ഉടമ (NE Balakrishnamarar)എന്‍ ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. 1932 കണ്ണൂര്‍ ജില്ലയിലെ കണ്ണവം തൊടീക്കളത്ത് തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞിക്കൃഷ്ണമാരാരുടെയും മാധവി മാരസ്യാരുടെയും മകനായാണ് ജനനം. ഒന്നര വയസ്സിലേ പിതാവ് മരണപ്പെട്ടു. രണ്ടാനച്ഛനായ കമ്മ്യൂണിസ്റ്റുകാരന്‍ പി വി രാഘവമാരാര്‍ക്കൊപ്പമായിരുന്നു ബാല്യവും കൗമാരവും.

കഴിഞ്ഞ ദിവസമായിരുന്നു മാരാരുടെ നവതി ആഘോഷം. സംസ്‌ക്കാരം ഇന്ന് മൂന്നിന് പുതിയപാലം ശ്മശാനത്തില്‍. ഭാര്യ: സരോജം. മക്കള്‍: എന്‍ ഇ മനോഹര്‍, ഡോ. അനിത. മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍. കണ്ണൂര്‍ കൂത്തുപറമ്പ് കണ്ണവം തൊടിക്കുളത്തെ തറവാട്ടില്‍ നിന്ന് പതിമൂന്നാമത്തെ വയസ്സിലാണ് മാരാര്‍ കോഴിക്കോട്ടെത്തുന്നത്. തുടക്കം പത്രവില്‍പ്പനക്കാരനായി. തുടര്‍ന്ന് പ്രഭാത് ബുക്ക് ഹൗസില്‍ കമ്മീഷന്‍ ഏജന്റായി. തലച്ചുമടായി പുസ്തകങ്ങള്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തിയ കാലം.

പിന്നീട് സൈക്കിളിലായി പുസ്തകവുമായുള്ള യാത്രകള്‍. പിന്നീട് ടൂറിങ് ബുക് സ്റ്റാള്‍ തുടങ്ങി. 1957ല്‍ മിഠായിത്തെരുവില്‍ 25 രൂപ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലേക്ക് ബുക് സ്റ്റാള്‍ മാറി. പൂര്‍ണ്ണയിലൂടെ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ ഏഴായിരത്തോളം പുസ്തകങ്ങളാണ് പുറത്ത് വന്നത്. ജീവിതകഥ കണ്ണീരിന്റെ മാധുര്യം എന്ന പേരില്‍ പുറത്തിറങ്ങി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എന്‍ ഇ ബാലറാം അടുത്ത ബന്ധുവായിരുന്നു. ബാലകൃഷ്ണമാരാരുടെ നിര്യാണത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ഇ കെ വിജയന്‍ എം എല്‍ എ തുടങ്ങിയവര്‍ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News