നൂറ്റാണ്ടിന്റെ പന്ത്’ വില്‍പ്പനയ്ക്ക്

മാറഡോണയുടെ രണ്ട് വിഖ്യാത ഗോളുകള്‍ക്ക് വഴിയൊരുക്കിയ പന്ത് വില്‍പ്പനയ്ക്ക്. 1986ല്‍ മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉപയോഗിച്ച അഡിഡാസിന്റെ അസ്ടെകാ പന്താണ് ലേലത്തിനുള്ളത്. ഈ മത്സരത്തിലാണ് മാറഡോണയുടെ കുപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ’ ഗോളും സമാനതകളില്ലാത്ത ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നത്. കളി അര്‍ജന്റീന 2–1ന് ജയിച്ചു. ആ വര്‍ഷമാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് നേടിയത്.

ഖത്തര്‍ ലോകകപ്പിന് നാലുനാള്‍മുമ്പായിരിക്കും ലേലം–നവംബര്‍ 16ന്. അന്ന് ആ മത്സരം നിയന്ത്രിച്ച ടുണീഷ്യക്കാരനായ റഫറി അലി ബിന്‍ നാസറാണ് ലേലവിവരം പ്രഖ്യാപിച്ചത്. 36 വര്‍ഷമായി ഈ എഴുപത്തെട്ടുകാരനാണ് പന്ത് കൈവശംവച്ചിരിക്കുന്നത്. ”ഈ പന്ത് ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. അതിത്രയുംകാലം എന്റെ അലമാരയ്ക്കുള്ളിലായിരുന്നു. ഇനി ലോകം കാണട്ടെ”. കളിയുടെ 90 മിനിറ്റും ഈ ഒരൊറ്റ പന്താണ് ഉപയോഗിച്ചത്. ലേലത്തുക 23–27 കോടിയാണ്. ലേലത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നവര്‍ക്ക് ഈമാസം 28 മുതല്‍ അപേക്ഷിക്കാം.
മാറഡോണയുടെ കൈകൊണ്ടുള്ള ഗോളടി കണ്ടില്ലെന്നാണ് റഫറിയുടെ വിശദീകരണം. ” പന്തിനായി ഉയര്‍ന്നുചാടിയ മാറഡോണയ്ക്കും ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടനും പിറകിലായിരുന്നു ഞാന്‍. പന്ത് വലയില്‍ എത്തിയപ്പോള്‍ ഞാന്‍ ലൈന്‍ റഫറിയെ നോക്കി. ഗോളെന്നായിരുന്നു ബള്‍ഗേറിയക്കാരനായ റഫറി ബോഗ്ദന്‍ ഡോചേവിന്റെ പ്രതികരണം. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ഗോളിന് വിസിലൂതി”.

നൂറ്റാണ്ടിന്റെ ഗോള്‍ ഇപ്പോഴും റഫറിയുടെ മനസ്സിലുണ്ട്. ‘മധ്യനിരയില്‍നിന്ന് മാറഡോണയുടെ കുതിപ്പ് ഞാന്‍ സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. ഞാന്‍ പിന്നാലെകൂടി. മൂന്ന് പ്രതിരോധക്കാരുടെ തടസ്സം അനായാസം നീക്കി മുന്നേറി. ബോക്സില്‍ കയറിയപ്പോള്‍ മാറഡോണ ഇപ്പോള്‍ വീഴ്ത്തപ്പെടുമെന്ന് ഉറപ്പിച്ചതാണ്. എങ്കില്‍ പെനല്‍റ്റിക്ക് വിസിലൂതാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു. വീണ്ടും ഒരു എതിരാളിയെയും ഗോളിയെയും മറികടന്ന് ഗോള്‍. ഈ നിമിഷത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. ഏതെങ്കിലും ഘട്ടത്തില്‍ ഞാന്‍ ഫൗള്‍ വിസിലൂതിയെങ്കില്‍ സുന്ദരനിമിഷം ലോകത്തിന് നഷ്ടപ്പെടുമായിരുന്നു’–റഫറി പറഞ്ഞു. 2015ല്‍ ടുണീഷ്യയിലെത്തിയ മാറഡോണ റഫറിയെ വീട്ടിലെത്തി കണ്ടിരുന്നു.

ഈ മത്സരത്തില്‍ മാറഡോണ അണിഞ്ഞിരുന്ന ജേഴ്സി റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ പോയിരുന്നു. ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ സ്റ്റീവ് ഹോഡ്ജാണ് ജേഴ്സി ലേലം ചെയ്തത്. 55 കോടി രൂപയ്ക്കാണ് ലേലത്തിന് വച്ചതെങ്കിലും 65.83 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സ്പോര്‍ട്സുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ലേലമായിരുന്നു ഇത്. ‘ദൈവത്തിന്റെ കൈ’ ഗോള്‍ നേടുമ്പോള്‍ മാറഡോണ അണിഞ്ഞ ജേഴ്സി ഇതല്ലെന്ന വാദവുമായി കുടുംബാംഗങ്ങള്‍ രംഗത്തുവന്നിരുന്നു.

ദൈവത്തിന്റെ കൈ
1986 ജൂണ്‍ 22ന് മെക്സിക്കോ എസ്റ്റാഡിയോ അസ്ടെകാ സ്റ്റേഡിയമായിരുന്നു വേദി. കളി കാണാന്‍ 1.15 ലക്ഷം കാണികള്‍. കളി തുടങ്ങി 51–ാംമിനിറ്റ്. മാറഡോണ ജോര്‍ജ് വല്‍ഡാനോക്ക് തട്ടിക്കൊടുത്ത പന്ത് ഇംഗ്ലണ്ടിന്റെ മധ്യനിരതാരം സ്റ്റീവ് ഹോഡ്ജിന് കിട്ടിയെങ്കിലും അടിച്ചകറ്റിയത് ബോക്സിലേക്ക് ഉയര്‍ന്നുപൊങ്ങി. ഓടിയെത്തിയ മാറഡോണ ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പം ചാടി പന്ത് വലയിലേക്ക് കൈകൊണ്ട് കോരിയിട്ടു. റഫറി ഗോള്‍ വിധിച്ചു. കളിക്കുശേഷം മാറഡോണ പറഞ്ഞത് ‘കുറച്ച് എന്റെ തലകൊണ്ടും കുറച്ച് ദൈവത്തിന്റെ കൈകൊണ്ടും നേടിയ ഗോള്‍’ എന്നായിരുന്നു.

നൂറ്റാണ്ടിന്റെ ഗോള്‍
അമ്പത്താറാംമിനിറ്റ്. സ്വന്തം ഭാഗത്തുനിന്ന് ഹെക്ടര്‍ എന്റിക്വയുടെ പാസ് മാറഡോണ സ്വീകരിച്ചു. പിന്നെയൊരു കുതിപ്പാണ്. പന്ത് ബൂട്ടില്‍ ഒട്ടിച്ചുവച്ചപോലെ. പീറ്റര്‍ ബേര്‍ഡ്സ്ലേ, പീറ്റര്‍ റീഡ്, ടെറി ബുച്ചര്‍, ടെറി ഫെന്‍വിക് വീണ്ടും ടെറി ബുച്ചര്‍ എന്നീ ഇംഗ്ലീഷ് കളിക്കാരെയും ഒടുവില്‍ ഗോളി പീറ്റര്‍ ഷില്‍ട്ടനെയും മറികടന്നാണ് ഗോള്‍. ഇതേക്കുറിച്ച് മാറഡോണ പറഞ്ഞത് ‘ഞാന്‍ ഇംഗ്ലണ്ടിന്റെ കളിക്കാരോട് കടപ്പെട്ടിരിക്കുന്നു. മറ്റേത് ടീമായാലും ഞാന്‍ പെനല്‍റ്റി ബോക്സിലെത്തുംമുമ്പ് വീണുപോകുമായിരുന്നു. കളിയുടെ നല്ല സ്പിരിറ്റിന് നന്ദി’. 81–ാംമിനിറ്റില്‍ ഗാരി ലിനേക്കറാണ് ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News