Human Sacrifice;തമിഴ്‌നാട്ടില്‍ നരബലിക്ക് ശ്രമമെന്ന് സംശയം; ആറുപേര്‍ അറസ്റ്റില്‍

തമിഴ്‌നാട് തിരുവണ്ണാമലയില്‍ നരബലി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തഹസീല്‍ദാരും പൊലീസും വീടിനകത്തേക്ക് കയറിയത്.

തിരുവണ്ണാമല ജില്ലയിലെ ആറണി എസ് വി നഗറില്‍ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ വീട്ടില്‍ നിന്നു കരച്ചില്‍ കേട്ട അയല്‍വാസികള്‍ പൊലീസിനെയും തഹസീല്‍ദാരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ തഹസില്‍ദാരും പൊലീസും വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസ്സപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവര്‍ വിളിച്ചുപറഞ്ഞു. ഇതോടെ നരബലി പുറത്ത് തടിച്ചു കൂടിയ ഗ്രാമവാസികളാകെ ക്ഷുഭിതരായി. വീട്ടുകാര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. തുടര്‍ന്നാണ് ജെസിബി ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്ത് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ഉള്ളില്‍ കടന്ന് മന്ത്രവാദം നടത്തിയവരെ പിടികൂടുകയായിരുന്നു.

ധനപാലന്‍, കാമാക്ഷി ദമ്പതികളുടെ ചെറുമകളായ ഗോമതി അടുത്ത കാലത്ത് ആനപ്പടി സ്വദേശിയായ പ്രകാശ് എന്ന പൂജാരിയുമായി വിവാഹിതയായിരുന്നു. ഗോമതിക്ക് പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തില്‍ ഇയാളുടെ നേതൃത്വത്തിലാണ് മന്ത്രവാദം നടന്നതെന്നാണ് വിവരം. വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും അതിരൂക്ഷമായിട്ടാണ് വീട്ടുകാര്‍ പെരുമാറിയത്. അക്രമാസക്തരായ പെരുമാറിയ വല്ലാത്തൊരു ഉന്മാദാവസ്ഥയിലായിരുന്നു.

പാവയും മറ്റും ഉപയോഗിച്ചുള്ള ആഭിചാര ക്രിയയാണ് ഇവര്‍ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. നരബലിക്ക് ശ്രമം നടന്നോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here