എകെജി സെൻ്റർ ആക്രമണവും എൽദോസ് കുന്നപ്പിള്ളിയുടെ പീഡനവും; പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം

എകെജി സെൻ്റർ ആക്രമണവും എൽദോസ് കുന്നപ്പിള്ളിയുടെ പീഡനവും പ്രതിരോധത്തിലായി കോൺഗ്രസ് നേതൃത്വം. കെ സുധാകരൻ അധ്യക്ഷനായ ശേഷം കോൺഗ്രസിൽ ക്രിമിനൽവത്ക്കരണമെന്ന് മുതിർന്ന നേതാക്കൾ.കെപിസിസി നേതൃത്വം അപക്വമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ നേതാക്കൾ പറയുന്നു.

ക്രിമിനലുകളെ സംരക്ഷിച്ച് പാർട്ടിയെ പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യമാക്കിയെന്നാണ് വിമർശനം ഉയരുന്നത്. സുധാകരൻ എത്തിയ ശേഷം കോൺഗ്രസിൻ്റെ പൊതു സ്വീകാര്യതയ്ക്ക് കളങ്കം വന്നെന്നും മറുവിഭാഗം നേതാക്കൾ പറയുന്നു. കുറ്റക്കാരെ സുധാകരനും വി ഡി സതീശനും പരസ്യമായി ന്യായീകരിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും പാർട്ടി യിൽ വിമർശനമുണ്ട്.

എകെജി സെന്റർ ആക്രമണത്തിൽ യൂത്ത്‌ കോൺഗ്രസ്‌ പിടിയിലായതും എൽദോസ്‌ കുന്നപ്പിള്ളി വിഷയവുമടക്കം കോൺഗ്രസ്‌ പ്രതിസന്ധിയിലായിട്ടും കെപിസിസി എക്‌സിക്യൂട്ടീവോ രാഷ്ട്രീയകാര്യ സമിതിയോ വിളിച്ചുചേർക്കാൻ സുധാകരൻ തയ്യാറാകുന്നില്ല. ഇതിൽ നേതാക്കൾക്ക്‌ കടുത്ത അസംതൃപ്‌തിയുണ്ട്‌. പറയാൻ വേദിപോലുമില്ലെന്ന വികാരമാണ്‌ നേതാക്കൾ പങ്കുവെക്കുന്നത്‌.

അതേസമയം, എൽദോസ്‌ കുന്നപ്പിള്ളി വിഷയത്തിൽ കെപിസിസി നേതൃത്വം അപക്വമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ നേതാക്കൾ പറയുന്നു. കേസിലെ പരാതിക്കാരിയെ മോശക്കാരിയാക്കാനും എൽദോസിനെ വെള്ളപൂശാനും നേതൃത്വം ശ്രമിക്കുകയാണ്‌. ഒരു സ്ത്രീയെ പരസ്യമായി തല്ലാൻ എന്തധികാരമെന്ന്‌ എംഎൽഎയോട്‌ ചോദിക്കാൻ പോലും നേതൃത്വം തയ്യാറായിട്ടില്ല. ഇത്‌ പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്ക്‌ ചീത്തപ്പേരുണ്ടാക്കി. ശരിയായ നിലയിൽ പാർട്ടിയെ നയിക്കണമെന്ന ചിന്ത പ്രസിഡന്റിനില്ലെന്നും തന്നെ പിന്തുണയ്‌ക്കുന്നവരെയും ക്രിമിനലുകളെ തീറ്റിപ്പോറ്റുന്നതിൽ മാത്രമാണ്‌ താൽപര്യമെന്നുമാണ്‌ മുതിർന്ന നേതാക്കൾ‌ പറയുന്നത്‌.

പല നേതാക്കളും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന്‌ മാറി നിൽക്കുന്നതും ഇതുകൊണ്ട് തന്നെ. മുൻ പ്രസിഡന്റുമാരായ വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെല്ലാം മാനസികമായി നിലവിലെ നേതൃത്വത്തിന് എതിരാണ്. സുധാകരൻ്റെ സെമി കേഡർ പരിഷ്കരണമാണ് സംഘടനയെ ക്രിമിനൽ കൂട്ടമായി മാറ്റിയതെന്നാണ് ഭൂരിപക്ഷം നേതാക്കളും പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News