നഴ്‌സ് ലിനിയുടെ ഓർമ്മയ്ക്കായി, കുറ്റ്യാടി കടന്തറപുഴയ്ക്ക് കുറുകെ പാലം

നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഓർമ്മയ്ക്കായി, കുറ്റ്യാടി കടന്തറപുഴയ്ക്ക് കുറുകെ പാലം. മരുതോങ്കര – ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഒരു കോടി രൂപ ചെലവിലാണ് ലിനിയുടെ വീടിന് സമീപം പാലം നിർമ്മിച്ചത്.

കുറ്റ്യാടി കടന്തറപുഴയുടെ മറുകരയെത്താൻ മുമ്പ് മരംകൊണ്ട് താത്കാലിക പാലം വര്‍ഷം തോറും നിര്‍മിക്കാറായിരുന്നു പതിവ്. കടന്തറ പുഴ മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുന്നതിനാല്‍ ഭീതിയോടെയാണ് നാട്ടുകാര്‍ പാലത്തിലൂടെ യാത്രചെയ്തിരുന്നത്. അപ്രതീക്ഷിതമായി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി നിരവധി പേര്‍ ഈ മേഖലയില്‍ മരണപ്പെട്ടിരുന്നു. പുതിയ പാലം യാഥാർത്ഥയമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പേരാമ്പ്ര-കുറ്റ്യാടി നിയോജക മണ്ഡലങ്ങളെയും കൊയിലാണ്ടി-വടകര താലുക്കുകളെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നഴ്സ് ലിനിയുടെ ഓർമ്മയ്ക്കായി പാലം ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ എം എൽ എ പറഞ്ഞു.

ലിനിയുടെ വീടിനോട് ചേർന്നാണ് പുതിയ പാലം. മകൾക്ക് കാണാൻ സാധിച്ചില്ലെങ്കിലും അവൾ ആഗ്രഹിച്ചതുപോലെ പുഴയ്ക്ക് കുറുകെ പാലം വന്നതിന്റെ സന്തോഷത്തിലാണ് ലിനിയുടെ അമ്മ രാധ .ഇരുവശത്തും രണ്ട് തൂണുകളായുള്ള പാലത്തിന് 45 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. ചെമ്പനോട ഭാഗത്ത് പാലത്തിന് അടുത്തെത്താന്‍ പുഴയ്ക്ക് സമീപത്ത് വരെ റോഡുണ്ട്. നൂറ് മീറ്റര്‍ ദൂരത്തില്‍ നേരത്തേയുള്ള ടാര്‍ചെയ്ത റോഡ് റീടാര്‍ ചെയ്ത് നവീകരിക്കും.

പ്രദേശവാസികള്‍ തന്നെ വിട്ടുനല്‍കിയ സ്ഥലത്ത് കൂടിയാണ് റോഡ് നിര്‍മിച്ചത്. ജനുവരിയോടെ അപ്രോച്ച് റോഡൊരുക്കി പാലം ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം. പാലത്തിന് മുകളിൽ സോളാർ സ്ഥാപിച്ച് രാത്രിയിൽ ലെെറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും പുരോ​ഗമിക്കുന്നു. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ചെമ്പനോട ഭാഗത്തുനിന്ന് പശുക്കടവ് ഭാഗത്തേക്ക് ഉള്‍പ്പെടെ യാത്ര എളുപ്പമാകും. പൊതുമേഖല സ്ഥാപനമായ സില്‍ക്കിനായിരുന്നു നിര്‍മാണച്ചുമതല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here