ADVERTISEMENT
ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനമായി ടൊയോട്ടയുടെ കൊറോള ആൾട്ടിസ് പുറത്തിറക്കി. ആഗോള വിപണിയിൽ എത്തിയിട്ടുള്ള ടൊയോട്ടയുടെ പുതുതലമുറ കൊറോള ആൾട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്‌ളെക്‌സ് ഫ്യുവൽ പതിപ്പ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.
പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 1.8 ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. ഇത് 101 ബി.എച്ച്.പി. പവറും 142.2 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം 72 ബി.എച്ച്.പി. പവറും 162.8 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 1.3kWh ബാറ്ററിപാക്കും ഇതിലുണ്ട്.
സി.വി.ടിയാണ് ട്രാൻസ്മിഷൻ.പുതുമയുള്ള ഡിസൈനോടെയാണ് ആഗോളതലത്തിൽ പുതുതലമുറ ആൾട്ടിസ് എത്തിയത്. ഈ ഡിസൈൻ ശൈലി തന്നെയാണ് ഇന്ത്യയിലെ ഫ്‌ളെക്‌സ് ഫ്യുവൽ പതിപ്പിലും നൽകിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പ് നൽകിയിട്ടുള്ള നേർത്ത ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലാമ്പ്, ജെ ഷേപ്പിലുള്ള എൽ.ഇ.ഡി. ഡി.ആർ.എൽ, വലിയ എയർഡാം, വലിയ ബമ്പർ എന്നിവ മുഖം അലങ്കരിക്കുമ്പോൾ ക്രോം സ്ട്രിപ്പുകൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന റാപ്പ്എറൗണ്ട് ടെയ്ൽലാമ്പാണ് പിൻഭാഗത്തിന് അഴകേകുന്നത്.
പെട്രോളിന് പകരമായി എഥനോൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കൊറോള ആൾട്ടിസിന് സാധിക്കുമെന്നാണ് ടൊയോട്ട അഭിപ്രായപ്പെടുന്നത്. കാർബൺ എമിഷൻ കുറഞ്ഞ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി മറ്റ് ഊർജമാർഗങ്ങൾ ടൊയോട്ട തേടുന്നുണ്ടെന്നും അതിലൂടെ ഒന്നിലധികം ക്ലീൻ സാങ്കേതികവിദ്യകൾ ടൊയോട്ട അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നത്.
ഒന്നിലധികം ഇന്ധനം ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്-ഫ്യുവൽ വെഹിക്കിൾ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന എൻജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്.പെട്രോളിനൊപ്പം എഥനോളും ഇന്ധനമായാണ് ഇത്തരം വാഹനങ്ങൾ ഒരുങ്ങുന്നത്.
പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടായേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.