കുറെ കൊല്ലമായില്ലേ മലയാളസിനിമയിൽ വന്നിട്ട് ;ഞാൻ പകച്ചുപോയ ആ ചോദ്യം : ശ്രീനിവാസൻ

സിനിമയിൽ വന്ന് കൊല്ലം കൊറേ ആയിട്ടും തനിക്ക് മലയാള സിനിമക്ക് എന്ത് നേട്ടമാണ് നൽകാൻ കഴിഞ്ഞത് എന്ന ചോദ്യത്തിൽ മനസ്സ് തുറക്കുകയാണ് നടൻ ശ്രീനിവാസൻ . വർഷങ്ങൾക്ക് മുൻപ് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇതേപ്പറ്റി പറഞ്ഞത് .

ഒരിക്കൽ എന്നോടുതന്നെ ഞാൻ ഒരു ചോദ്യം ചോദിച്ചു . കൊറേ കൊല്ലം ആയല്ലോടോ സിനിമയിൽ വന്നിട്ട് ..എന്നിട്ട് തന്നെക്കൊണ്ട് മലയാള സിനിമക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ ? സത്യം പറഞ്ഞാൽ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചു പോയി . അവസാനം ആലോചിച്ച് ആലോചിച്ച് എനിക്കൊരു ഉത്തരം കിട്ടി . പല എഴുത്തുകാരും സംവിധായകരും ഞാൻ അവരുടെ പടം അഭിനയിക്കണമെന്ന് പറഞ്ഞ് എന്റടുത്തേക്ക് വന്നു . കഥ കേൾക്കുമ്പോൾ അത് മോശമാണെന്ന് തോന്നിയാൽ ഞാൻ അതിന് ഇല്ലെന്ന് പറഞ്ഞ് ധീരമായി ഞാൻ പിന്മാറിയിട്ടുണ്ട് .

അങ്ങനെ ഞാൻ അഭിനയിക്കാത്തതുകൊണ്ട് ഒരു അഞ്ഞൂറ് സിനിമയെങ്കിലും നടക്കാതെ പോയിട്ടുണ്ട് . അങ്ങനെ ഞാൻ കാരണം മലയാളത്തിൽ ഇറങ്ങാതെ പോയ ആ അഞ്ഞൂറ് സിനിമകളാണ് എന്റെ നേട്ടം , അല്ലെങ്കിൽ എനിക്ക് മലയാള സിനിമയോടുള്ള സംഭാവന എന്ന് ഞാൻ വിശ്വസിക്കുന്നു .

എന്നാലും ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ചില മോശം സിനിമകളിൽ ഞാൻ പെട്ടിട്ടുണ്ട് . മോഹൻലാൽ പറയുകയുണ്ടായി ചില സുഹൃത്തുക്കളുടെ നിർബന്ധമാണ് അതിനു കാരണമെന്ന് . പക്ഷെ സൗഹൃദം ഊട്ടി ഉറപ്പിക്കാൻ പ്രേക്ഷകർക്ക് ഒരു മോശം സിനിമ സമ്മാനിക്കണമെന്ന കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല . ഞാൻ അത്തരത്തിലുള്ള സിനിമകിളിൽ പെട്ട് പോയതിന്റെ കാരണം അതൊന്നുമല്ല .പല സംവിധായകരും ചതിച്ചു സിനിമ എടുത്തിട്ടുണ്ട് .

എനിക്കിഷ്ട്ടപ്പെടാത്ത കഥ ഞാൻ ഇഷ്ട്ടപ്പെട്ടില്ലെന്ന് പറയുമ്പോൾ എഴുത്തുകാരന് ഇഷ്ട്ടപ്പെട്ടു മാറ്റം വരുത്തി എന്നും പറഞ്ഞ് നിർമ്മാതാക്കളെക്കൊണ്ട് പണം മുടക്കി സിനിമ എടുപ്പിച്ചിട്ടുണ്ട് . ഗതികേട് കൊണ്ട് എനിക്കും അഭിനയിക്കേണ്ടി വന്നിട്ടുണ്ട് . പക്ഷെ എനിക്ക് പറയാനുള്ള കാര്യം എത്ര സുഹൃത്ത് ആയിക്കോട്ടെ , എത്ര വലിയ ബന്ധം ആയിക്കോട്ടെ …നല്ല കഥയല്ല എന്നുണ്ടെങ്കിൽ അതിൽ വിട്ടു വീഴ്ച്ച ചെയ്യരുത് . പ്രേക്ഷകര്ക്ക് നല്ല ചിത്രങ്ങൾ ആണ് നമ്മൾ നൽകേണ്ടത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here