ISL: ബ്ലാസ്റ്റേഴ്സും എടികെയും നേർക്കുനേർ; മഞ്ഞക്കടലായി കൊച്ചി; മത്സരം ഉടന്‍

ഐഎസ്എല്ലിൽ(ISL) കേരള ബ്ലാസ്‌റ്റേഴ്‌സ്(kerala blasters) ഇന്ന് എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും. കൊച്ചി ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിൽ 7.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം മത്സരം വിജയിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ടീം ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിൻറെ കിരീടസ്വപ്‌നങ്ങൾ രണ്ടുതവണ തച്ചുടച്ച ടീമാണ് എടികെ മോഹൻ ബഗാൻ. അതുകൊണ്ടുതന്നെ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം ഏറെ നിർണായകവുമാണ്. 4-4-2 ശൈലിയില്‍ ഗ്രീക്കുതാരം ദിമിത്രിയോസ് ഡയമാന്റകോസിനെയും ഓസ്‌ട്രേലിയന്‍ താരം അപ്പോസ്‌തോലോസ് ജിയാനുവിനെയും സ്‌ട്രൈക്കര്‍മാരാക്കുമ്പോള്‍ ഇടതുവിങ്ങില്‍ യുറുഗ്വായ് താരം അഡ്രിയാന്‍ ലൂണ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലെത്തും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുക്രൈന്‍ താരം ഇവാന്‍ കലിയൂഷ്‌നിക്ക് സൂപ്പര്‍ സബ് എന്ന റോള്‍ തന്നെയാകും ഇത്തവണയും.

കലിയൂഷ്‌നിയെ ആദ്യ ഇലവനിലിറക്കിയാല്‍ ജിയാനുവോ ഡയമാന്റകോസോ ആദ്യം ബെഞ്ചിലിരിക്കേണ്ടിവരും. അവശേഷിക്കുന്ന ഒരു വിദേശ ക്വാട്ടയില്‍ പ്രതിരോധതാരം ക്രൊയേഷ്യയുടെ മാര്‍ക്കോ ലെസ്‌കോവിച്ച് തന്നെ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോയും ഹര്‍മന്‍ജ്യോത് ഖബ്രയും ഹോര്‍മിപാമും അടങ്ങുന്ന ഇന്ത്യന്‍ പ്രതിരോധനിര തന്നെയാകും കളിക്കുന്നത്.

മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ജീക്‌സണ്‍ സിങും പ്യൂട്ടിയയും തന്നെ ഇറങ്ങിയേക്കും. എന്തായാലും കൊച്ചിയിൽ മഞ്ഞപ്പട ആരാധകരുടെ ആവേശമാണ് അലയടിക്കുന്നത്. ആരാകും വിജയികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here