കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ(k sudhakaran) വിവാദ പ്രസ്താവനയ്ക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ(Arya Rajendran) മറുപടി. സച്ചിന്‍ ദേവിനൊപ്പമുള്ള ഫോട്ടോ ‘തെക്കും വടക്കും ഒന്നാണ്’ എന്ന കുറിപ്പോടെയാണ് ആര്യ പങ്കുവച്ചിട്ടുള്ളത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്. സുധാകരന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. മലയാളികളെ ഒന്നായാണ് കാണേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവർ സ്വീകരിക്കുന്ന നിലപാടുകൾ നോക്കിയാവണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ്റെ വിവാദ പരാമർശം. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയാണ് വിവാദമായത്. സുധാകരൻ നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്.
ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തൻ്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഞാൻ നിൻ്റെ മനസ് വായിച്ചു. അത് നിൻ്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’.
സുധാകരൻ്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ശ്രീമാൻ കെ സുധാകരൻ, തെക്കും വടക്കുമല്ല പ്രശ്നം, മനുഷ്യ ഗുണമാണ് വേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കോൺഗ്രസെന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് സുധാകരൻ തന്നെ വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.