Daya Bai: ദയാബായിയുടെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

എൻഡോസൾഫാൻ ദുരിബാധിതർക്കായി സാമൂഹ്യപ്രവർത്തക ദയാബായി(daya bai)യുടെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുമെന്ന്‌ മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവും സമരസമിതി നേതാക്കളുമായുള്ള ചർച്ചയ്ക്ക്‌ ശേഷം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ(pinarayi vijayan) നിർദ്ദേശ പ്രകാരമാണ്‌ സാമൂഹിക നീതി മന്ത്രി ബിന്ദുവും ആരോഗ്യ മന്ത്രി വീണാ ജോർജും ചർച്ചയ്ക്ക്‌ നേതൃത്വം കൊടുത്തത്‌.

എയിംസ്‌ പരിഗണന പട്ടികയിൽ കാസർകോടിനെ ഉൾപ്പെടുത്തുക, കാസർകോട് ആശുപത്രികളിൽ വിദഗ്ധചികിത്സ ഉറപ്പാക്കുക, മെഡിക്കൽ ക്യാമ്പ്‌ കാര്യക്ഷമമാക്കുക, തദ്ദേശസ്ഥാപനങ്ങളിൽ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദയാബായി നിരാഹാരസമയം ആരംഭിച്ചത്‌.

എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴികെയുള്ളവ ചർച്ചയിൽ അംഗീകരിച്ചു. എയിംസുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാർ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. കോഴിക്കോട്‌ കിണാലൂരിൽ സ്ഥലം ഏറ്റെടുക്കുകയും പദ്ധതിറിപ്പോർട്ട്‌ കേന്ദ്രസർക്കാരിന്‌ സമർപ്പിക്കുകയും ചെയ്യതാണ്‌. അതിനാൽ മറ്റു പ്രദേശങ്ങളെ തത്ക്കാലം പരിഗണിക്കാനാകില്ല. ഇക്കാര്യം സമരസമിതിയെ അറിയിച്ചിട്ടുണ്ടെന്ന്‌ മന്ത്രി വീണ പറഞ്ഞു.

കാസർകോട്‌ എൻഡോസൾഫാൻ ബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയതും ഇനി നടപ്പാക്കാനുള്ളതുമായ പദ്ധതികളും ചർച്ചയായി. കാസർകോട്‌ മെഡിക്കൽ കോളേജ്‌, ജനറൽ ആശുപത്രി, ജില്ല ആശുപത്രി, അമ്മയും കുഞ്ഞും ആശുപത്രി, കോവിഡ്‌കാലത്ത്‌ സ്ഥാപിച്ച ടാറ്റ ആശുപത്രി എന്നിവിടിങ്ങളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ചർച്ചയിൽ ഉറപ്പ് നൽകി.

ന്യൂറോളജിയുമായി ബന്ധപ്പെട്ട സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങൾ പരമാവധി ഒരു വർഷത്തിനകം കാസർകോട്‌ ജില്ലയിൽ ഒരുക്കും. ആ കാസർകോട്‌ മെഡിക്കൽ കോളേജിൽ രണ്ട്‌ ന്യൂറോളജിസ്റ്റ്‌ തസ്തികയ്ക്ക്‌ രൂപം നൽകിയിരുന്നു. അവിടെയും കാഞ്ഞങ്ങാട്‌ ആശുപത്രിയിലും അടക്കം ന്യൂറോളജി ചികിത്സയ്ക്കായുള്ള ഉപകരണങ്ങൾ വാങ്ങാനും കൂടുതൽ സൗകര്യം ഒരുക്കാനുമുള്ള നടപടികളുമുണ്ട്‌. ഇതിനായി 45 കോടിയോളം രൂപയും അനുവദിച്ചിട്ടുണ്ട്‌.

കാഞ്ഞങ്ങാട്‌ ആശുപത്രിയിൽ ന്യൂബോൺ ഐസിയു, കാത്ത്‌ലാബ്‌, കാർഡിയോളജി ഒപി എന്നിവയും ആരംഭിച്ചിട്ടുണ്ട്‌. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്‌. നിലവിൽ ഫയർ ആൻഡ്‌ സേഫ്‌റ്റി സംബന്ധിച്ച ചില നിർമാണപ്രവർത്തനങ്ങളും നടപടികളും നടന്നുവരികയാണ്‌. ഇതെല്ലാം ചർച്ചയിൽ വ്യക്തമാക്കിയതായി മന്ത്രി വീണ ജോർജ്‌ പറഞ്ഞു.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ രണ്ടുമാസത്തിനുള്ളിൽ കാസർകോട്‌ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. അപേക്ഷ സമർപ്പിച്ചവർക്കാണ്‌ ക്യാമ്പ്‌. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പകൽ പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യം തദ്ദേശവകുപ്പുമായി ചർച്ച ചെയ്ത്‌ നടപ്പാക്കും.

ബഡ്‌സ് സ്‌കൂളുകളോട് അനുബന്ധമായി ബഡ്‌സ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതും പരിശോധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സെക്രട്ടറിയറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ നടന്ന ചർച്ചയിൽ സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീനാ കോട്ടപ്പുറം, കരീം ചൗക്കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

അതേസമയം, സെക്രട്ടറിയറ്റിന്‌ മുന്നിലെ നിരാഹാര സമരം നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്‌ ദയാബായി പറഞ്ഞു. അടുത്ത രണ്ടുദിവസത്തിനുള്ളിൽ മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News