വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പോലീസ്  അറസ്റ്റ് ചെയ്തു. മുട്ടം സ്വദേശി ജോബി മാത്യുവാണ് പിടിയിലായത്. ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനം വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തിന്റെ  വിവിധ ജില്ലകളിൽ നിന്നായി നിരവധിയാളുകൾ  ഇയാളുടെ തട്ടിപ്പിനിരയായതായാണ് വിവരം.

തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന വ്യാജ റിക്രൂട്ടിങ് ഏജൻസി കേന്ദ്രീകരിച്ചായിരുന്നു ജോബി മാത്യുവിന്റെ  തട്ടിപ്പ്. അബുദാബിയിലെ  സ്ഥാപനങ്ങളിലേക്കായി വിവിധ തസ്തികകളിലുള്ള ജോലിയായിരുന്നു വാഗ്ദാനം.

ഇതിനായി 60000 രൂപയാണ് ഓരോരുത്തരിൽ നിന്നും പ്രതി  ഈടാക്കിയിരുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ  സ്ഥാപനത്തില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതാനും ആഴ്ച മുമ്പ് സ്ഥാപനം പൂട്ടിയതോടെ  പണം നല്‍കിയവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എൺപതോളം പരാതികളാണ് പോലീസിന് ലഭിച്ചത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിലിനായി ശ്രമിക്കുന്നവരായിരുന്നു തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ കുന്നത്തുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ജോബി മാത്യു പിടിയിലായത്. പിടിയിലായ ജോബി മാത്യു ഇതുവരെ ഒരാളെ പോലും ജോലിക്ക് കയറ്റി വിട്ടിട്ടില്ലെന്നും യാതൊരു രേഖകളും ഇല്ലാതെയാണ് സ്ഥാപനം  പ്രവർത്തിച്ചിരുന്നതെന്നും തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു പറഞ്ഞു.

2008 മുതൽ യാതൊരു ലൈസൻസുമില്ലാതെയാണ് ആൽഫ ഇൻഫർമേഷൻ തൊടുപുഴയിൽ പ്രവർത്തിച്ചത്. ഇതുവരെ 4000 ത്തിനും 5000 ത്തിനും ഇടയിൽ ആളുകൾ തട്ടിപ്പിനിരയായതായാണ് പോലീസിൻ്റെ കണ്ടെത്തൽ.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News