ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പുറത്തേക്കോ?

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമത നീക്കം ശക്തം. ലിസ് ട്രസിനെ പുറത്താക്കണമെന്ന ആവശ്യം ടോറി പാര്‍ട്ടിയില്‍ ശക്തമായി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വംശജന്‍ റിഷി സുനകിനെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുറത്താക്കല്‍ ആവശ്യം ഉയരുന്നത്.

പ്രധാനമന്ത്രി പദത്തിലെത്തി മാസങ്ങള്‍ തികയുന്നതിന് മുന്‍പേ സ്ഥാനമൊ‍ഴിയേണ്ട അവസ്ഥയിലേക്ക് ലിസ് ട്രസ് നീങ്ങുകയാണെന്നാണ് സൂചനകള്‍. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇടപെടലുകള്‍ ഫലം കാണുന്നില്ലെന്നാണ് ലിസ് ട്രസിനെതിരെ ഉയരുന്ന പ്രധാന ആരോപണം. അധികാരം ഏറ്റെടുത്തയുടന്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ ബ്രിട്ടനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

നികുതി വെട്ടിക്കുറച്ച നടപടി വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി ക്വാസി ക്വാര്‍ടെങിനെ പുറത്താക്കി ജെറമി ഹണ്ടിന് ചുമതല നല്‍കിയിരുന്നു. ലിസ് ട്രസിനെ തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് 62% ടോറീസ് പാര്‍ട്ടി അംഗങ്ങളും നിലപാടെടുത്തു.

ലിസ് ട്രസിനെ മാറ്റി ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെയോ പെന്നി മോര്‍ഡോങിനെയോ പ്രധാനമന്ത്രിയാക്കണമെന്നാണ് ആവശ്യം. ക‍ഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഋഷി സുനക് രണ്ടാമതും  പെന്നി മോര്‍ഡോങ് മൂന്നാമതുമാണ് എത്തിയത്.

അതിനിടെ അധികാരത്തിലെത്താന്‍ ഋഷി സുനക് നടത്തുന്ന ശ്രമമാണ് ഇപ്പോ‍‍ഴത്തേതെന്ന ആരോപണമാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അനുകൂലികള്‍ ഉന്നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലിസ് ട്രസിന്‍റെ നടപടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News