ADVERTISEMENT
മന്ത്രിമാരെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് സുബോധമുള്ള ഒരു ഗവര്‍ണറും ഭീഷണി മുഴക്കില്ലെന്ന് ഡോ.തോമസ് ഐസക്ക്(Thomas Isaac). റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോര്‍ച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരമെന്നും ഗവര്‍ണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനില്‍ അദ്ദേഹം ആര്‍എസ്എസിന്റെ വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയമാവുകയാണോ എന്നാണ് തന്റെ സംശയമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോര്‍ച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവര്‍ണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനില്‍ അദ്ദേഹം ആര്‍എസ്എസിന്റെ വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവര്‍ണറും ഭീഷണി മുഴക്കില്ല.
പ്രീതി പിന്‍വലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആര്‍എസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാല്‍ ഗവര്‍ണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവര്‍ണര്‍ക്കു തെറിപ്പിക്കാന്‍ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തില്‍ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കട്ടെ.
പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാല്‍ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാന്‍ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure).
ബ്രിട്ടണില്‍ രാജാവ് സേവകനെ പുറത്താക്കിയാല്‍ ചോദ്യം ചെയ്യാനോ കോടതിയില്‍ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കല്‍പം നമ്മുടെ ഭരണഘടനയില്‍ ബ്രിട്ടണെ അതേപോലെ പകര്‍ത്തി വെയ്ക്കുകയല്ല ചെയ്തത്.
ഇവിടെ പ്രസിഡന്റിന്റിനും ഗവര്‍ണര്‍ക്കും തിരുവുള്ളക്കേടുണ്ടായാല്‍ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിര്‍ദ്ദേശമനുസരിച്ചു വേണം.
അക്കാര്യം ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവില്‍ ബി പി സിംഗാള്‍ കേസില്‍ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്.
ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓര്‍മ്മിപ്പിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.