ABCD: വയനാട്ടിലെ എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും 6 അടിസ്ഥാന സര്‍ക്കാര്‍ രേഖകള്‍ ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും 6 അടിസ്ഥാന സര്‍ക്കാര്‍ രേഖകള്‍ ഉറപ്പു വരുത്തുന്ന പദ്ധതിക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഐടി മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും പിന്തുണയോടെ വയനാട് ജില്ലാ സംവിധാനം നടപ്പാക്കുന്ന പദ്ധതിയാണ് എബിസിഡി. ജനകീയ വികസന ബദലുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളും നല്‍കുന്ന ആനുകൂല്യങ്ങളും അര്‍ഹരായ എല്ലാ പട്ടികവര്‍ഗക്കാരിലേക്കുമെത്തുന്നുവെന്ന് ‘എബിസിഡി’ പദ്ധതി വഴി ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാട് ജില്ലയിലുള്ള എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ആറ് അടിസ്ഥാന സര്‍ക്കാര്‍ രേഖകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന ‘എബിസിഡി പദ്ധതി’ക്ക് തുടക്കം കുറിച്ചു. ഐടി മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും പിന്തുണയോടെ വയനാട് ജില്ലാ സംവിധാനം നടപ്പാക്കുന്ന പദ്ധതിയാണ് എബിസിഡി.
ഓരോ പഞ്ചായത്തിലെയും പട്ടികവര്‍ഗക്കാര്‍ക്ക് ആറ് അടിസ്ഥാന രേഖകള്‍ (ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന/മരണ സര്‍ട്ടിഫിക്കറ്റുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇലക്ഷന്‍ ഐഡി) ഉണ്ടോയെന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ പ്രത്യേക ക്യാമ്പുകള്‍ വഴി അവ നല്‍കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. രേഖകളുടെ പരിശോധനക്കും മറ്റുമായി എല്ലാ അനുബന്ധ വകുപ്പുകളെയും ഒരു ക്യാമ്പില്‍ ഉള്‍പ്പെടുത്തുന്നത് ഓരോ ഗുണഭോക്താവിനും ആവശ്യമായ സേവനങ്ങളെല്ലാം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കും. അതുവഴി ഓരോ രേഖകള്‍ക്കുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്നതിനുള്ള സമയവും ആയാസവും കുറയ്ക്കാം.
ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓരോ അക്ഷയ കേന്ദ്രത്തിലും പ്രത്യേകം ഗോത്ര സൗഹൃദ കൗണ്ടറുകള്‍ മുഖേന സേവനം നല്‍കാനും ആലോചിക്കുന്നുണ്ട്. സര്‍വ്വതലസ്പര്‍ശിയായ ജനകീയ വികസന ബദലുമായി മുന്നോട്ടു പോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികളും നല്‍കുന്ന ആനുകൂല്യങ്ങളും അര്‍ഹരായ എല്ലാ പട്ടികവര്‍ഗക്കാരിലേക്കുമെത്തുന്നുവെന്ന് ‘എബിസിഡി’ പദ്ധതി വഴി ഉറപ്പാക്കാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here