Hindi: ഹിന്ദി നിര്‍ബ്ബന്ധമാക്കാന്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ ഭാഷയുടെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്നതാണ്: കരിവെള്ളൂര്‍ മുരളി

ഭാഷയാണ് മനുഷ്യനെ ഒന്നിപ്പിക്കുന്ന അടിസ്ഥാന സ്വത്വമെന്നും കേരളത്തിലായാലും(Kerala) ആഗോളാടിസ്ഥാനത്തിലായാലും ഭാഷയുടെ എല്ലാ വഴികളിലും ചോര പുരണ്ടിട്ടുണ്ടെന്നും ബംഗ്ലാദേശിലും കേരളത്തിലും നടന്ന സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കരിവെള്ളൂര്‍ മുരളി(Karivellur Murali) പറഞ്ഞു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയുടെ പ്രചാരണമെന്നത് അടിസ്ഥാനപരമായി ഒരു പുരോഗമന ചിന്തയാണ്. ഇപ്പോള്‍ ഹിന്ദി(Hindi) നിര്‍ബ്ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഭാഷയുടെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയെയുള്ളുവെന്നും ഇന്ത്യയില്‍ ഭാഷയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും നടക്കുന്നത് ഹരാകിരി പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ 11 മണിക്ക് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ചാണ് മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നത്. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ കൊളാബ മുതല്‍ റായ്ഗഡ്, ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 11 മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പൊതുയോഗത്തില്‍ പങ്കെടുത്തു.

വിനോദ് നായര്‍ അവതരിപ്പിച്ച ”ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക”, ലതിക ബാലകൃഷ്ണന്‍ അവതരിപ്പിച്ച ”പ്രവാസി ക്ഷേമനിധിയില്‍ വീട്ടമ്മമാര്‍ക്ക് അംഗത്വമെടുക്കുന്നതിന് ചട്ടങ്ങളില്‍ ഇളവും വ്യക്തതയും വരുത്തുക” വന്ദന സത്യന്‍ അവതരിപ്പിച്ച ”പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മതവര്‍ഗീയതക്കും ജാതി ഉച്ചനീചത്വങ്ങള്‍ക്കും എതിരായി മുംബൈ മലയാളികളെ അണിനിരത്തുക” എന്നീ പ്രമേയങ്ങള്‍ യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News