T-20 World Cup: ടി-20 ലോകകപ്പ്: കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി

ടി-20 ലോകകപ്പില്‍(T-20 World Cup) കൊവിഡ് പോസിറ്റീവായ(Covid positive) താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി. രാജ്യത്ത് കൊവിഡ് ബാധിതരായവര്‍ നിര്‍ബന്ധിതമായി ഐസൊലേറ്റ് ചെയ്യണമെന്ന നിയമം പിന്‍വലിച്ചതോടെയാണ് കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്കും ലോകകപ്പില്‍ കളിക്കാന്‍ അവസരമൊരുങ്ങുന്നത്. കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്ക് ഇടക്കിടെയുള്ള പരിശോധനയോ ഐസൊലേഷനോ ആവശ്യമില്ലെന്ന് ഐസിസി അറിയിച്ചു. താരം മാച്ച് ഫിറ്റാണോ എന്ന് ടീം ഡോക്ടറിനു തീരുമാനമെടുക്കാമെന്നും ഐസിസി പറയുന്നു.

അതേസമയം, പാക് പേസര്‍ ഷഹീന്‍ അഫ്രീദി ടീമിനൊപ്പം ചേര്‍ന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിര്‍ന്ന ബാറ്റര്‍ ഫഖര്‍ സമാനും ടീമിനൊപ്പം ചേര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയില്‍ നടക്കുന്ന സന്നാഹമത്സരത്തില്‍ ഷഹീന്‍ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാല്‍, ഫഖര്‍ സമാന്‍ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല.

ഈ വര്‍ഷം ജൂലായില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടര്‍ന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പില്‍ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ഇതിനിടെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ അയച്ച അടുത്ത വര്‍ഷത്തെ മള്‍ട്ടി നാഷണല്‍ ഇവന്റ് അജണ്ടയില്‍ ഏഷ്യാ കപ്പും ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ക്ലിയറന്‍സ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനില്‍ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News