Mumbai: കലാസ്വാദകരുടെ മനം കവര്‍ന്ന് മൂന്ന് ചിത്രകാരികള്‍; അഭിനന്ദനവുമായി സ്റ്റീഫന്‍ ദേവസ്സി

മുംബൈയില്‍ രണ്ടു മലയാളികള്‍ അടക്കം മൂന്ന് ചിത്രകാരികള്‍ ചേര്‍ന്നൊരുക്കിയ ചിത്ര പ്രദര്‍ശനം കലാസ്വാദകരുടെ മനം കവരുന്നു. നഗരജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ജന്മനാടിന്റെ സംസ്‌കാരവും പൈതൃകവും പേറുന്ന ചിത്രരചനകള്‍ക്കായി സമയം കണ്ടെത്തിയ കലാകാരികളെ അഭിനന്ദിച്ച് പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി.

മുംബൈയിലെ ഔദ്യോദിക ജീവിതത്തിലെ ഇടവേളകള്‍ ചിത്രകലക്കായി മാറ്റി വച്ചാണ് വിവിധ മാധ്യമങ്ങളിലുള്ള രചനകളുമായി ഈ കലാകാരികള്‍ ചിത്ര പ്രദര്‍ശനമൊരുക്കിയത്.

മലയാളികളായ ദേവീനയും ബീനയും കൂടാതെ വ്രക്ഷ ഭണ്ഡാരിയും ചേര്‍ന്നാണ് വൈവിധ്യങ്ങളുടെ നിറക്കൂട്ടുകളുമായി കലാസ്വാദകരെ വിസ്മയിപ്പിക്കുന്നത്. പരസ്പരം കണ്ടിട്ടില്ലാത്ത ഇവരെല്ലാം വാട്ട്‌സപ്പ് വഴിയാണ് ചിത്ര പ്രദര്‍ശനം ഏകോപിപ്പിച്ചതെന്ന് ദേവീന പറയുന്നു

വര്‍ണത്തില്‍ ചാലിച്ച നേര്‍ചിത്രങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാടിനെ പരിചയപ്പെടുത്തുകയാണ് ദേവീന മേനോന്‍

ദൈവത്തിന്റെ വിരല്‍സ്പര്‍ശമെന്നാണ് പ്രദര്‍ശനം ഉത്ഘാടനം ചെയ്ത പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ആദ്യ പ്രതികരണം

ജന്മനാടിന്റെ സംസ്‌കാരവും പൈതൃകവും പ്രസരിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രചോദനമേകുന്നുവെന്നും കീബോര്‍ഡ് മാന്ത്രികന്‍ പറഞ്ഞു. വീടിനുള്ളില്‍ ഒതുങ്ങി കൂടുന്നവര്‍ തങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പുറത്തെത്തുന്നതില്‍ അഭിമാനമുണ്ടെന്നും സ്റ്റീഫന്‍ ദേവസ്സി കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ദേവീനയുടെ വാക്കുകളില്‍ സംതൃപ്തി നിറഞ്ഞ സന്തോഷം. ആദ്യ ചിത്ര പ്രദര്‍ശനത്തിന്റെ ത്രില്ലില്‍ തന്നെയാണ് ബീന രാജ്കുമാറും വ്രക്ഷ ഭണ്ഡാരിയും

മകളുടെ ചിത്ര പ്രദര്‍ശനം കാണാന്‍ തിരുവനന്തപുരത്തെ തൈക്കാട്ട് നിന്നെത്തിയ ദേവീനയുടെ മാതാപിതാക്കളായ ഗീതക്കും രാജ് കുമാറിനും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം . മുംബൈയില്‍ പവായിലാണ് ദേവീന താമസിക്കുന്നത്. സ്വതന്ത്ര സമരസേനാനി കെ അയ്യപ്പന്‍ പിള്ളയുടെ കൊച്ചു മകളാണ്.

കുടുംബത്തിന്റെ പിന്തുണ തന്നെയാണ് ഇവരുടെയെല്ലാം കഴിവുകള്‍ക്ക് ചിറകുകള്‍ നല്‍കിയത്.

മുംബൈയിലെ ബിസിനസ്സ് ഹബ്ബായ നരിമാന്‍ പോയിന്റിലെ ബജാജ് ആര്‍ട്ട് ഗാലറിയിലാണ് എണ്ണച്ചായത്തിലും ജലച്ചായത്തിലും അക്രിലിക്കിലും തീര്‍ത്ത രചനകളുമായി മൂന്ന് ചിത്രകാരികള്‍ കൈയ്യൊപ്പ് ചാര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News