ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍; പുതിയ സംഘടനയുമായി ലീഗിലെ അസംതൃപ്തര്‍| Muslim League

പുതിയ സംഘടനയുമായി ലീഗിലെ(Muslim League) അസംതൃപ്തര്‍. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് സംഘടന. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. രൂപീകരണ യോഗം ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കും. ലീഗില്‍ നിന്നും നടപടി നേരിട്ടവര്‍ ഉള്‍പെടെ 100 പേര്‍ രൂപീകരണ യോഗത്തില്‍ പങ്കെടുക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.

മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളും പ്രധാന പ്രവര്‍ത്തകരുമാണ് സമാന്തര സംഘടനക്ക് രൂപം നല്‍കുന്നത്. അന്തരിച്ച ലീഗ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണ് പുതിയ സംഘടന. ഔദ്യോഗിക ലീഗ് നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എസ് ഹംസയാണ് പ്രധാന സംഘാടകന്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്താനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിമത നേതാക്കളുടെ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പുതിയ സംഘടന രൂപം കൊള്ളുന്നത്.

ലീഗില്‍ നിന്നും, ലീഗ് അനുബന്ധ സംഘടനകളില്‍ സമീപകാലത്തായി നടപടി നേരിട്ട പ്രമുഖരൊക്കെ യോഗത്തില്‍ പങ്കെടുക്കും. ശിഹാബ് തങ്ങളുടെ മകന്‍ മൊയ്‌നലി തങ്ങളെ പങ്കെടുപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പുറത്താക്കപ്പെട്ട മുന്‍ എം എസ് എഫ് നേതാക്കളായ ലത്തീഫ് തുറയൂര്‍,ഷൈജല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ദുബായ് കെ.എം.സി.സി നേതാവ് ഇബ്രാഹിം എളറ്റില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയുമുണ്ട്. മുന്‍ ഹരിത നേതാക്കളും പുതിയ നിക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.അതേ സമയം നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുളെള നീക്കങ്ങള്‍ ഔദ്യോഗിക പക്ഷവും ശക്തമാക്കിയിട്ടുണ്ട്.യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ പലരെയും ബന്ധപ്പെട്ടതായാണ് സൂചന. എന്നാല്‍ നിശ്ചയിച്ച 100 പേരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News