വോട്ടെണ്ണല്‍ നാളെ;കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം|Congress President

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ(Congress President) നാളെ അറിയാം. നാളെ രാവിലെ 10 മണി മുതലാണ് വോട്ടെണ്ണല്‍ നടക്കുക. 68 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പില്‍ 96% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരാണ് വിജയ് എന്ന് നാളെ അറിയാം.

മല്ലിഖാര്‍ഗെ ആയാലും ശശി തരൂരായാലും 24 വര്‍ഷങ്ങള്‍ക്കുശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകും. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അധ്യക്ഷത തിരഞ്ഞെടുപ്പിന് ഉണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ വോട്ട് ചെയ്തു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. പ്രചാരണത്തിലുടനീളം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തിന്റെ സഹായം ലഭിച്ച ഖാര്‍ഗെയ്ക്ക് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കോയ്മ ലഭിക്കാനാണ് സാധ്യത.

ആര്‍ക്കും പിന്തുണയില്ല എന്ന് ഗാന്ധി കുടുംബം നിലപാട് എടുത്തെങ്കിലും അവരുടെ അടുത്ത അനുയായികള്‍ ഖാര്‍ഗെയുടെ പ്രചാരകരായി മാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം കണ്ടു. കേരളത്തില്‍ നിന്ന് പോലും പ്രധാന നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം അതുതന്നെ. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.1000 ന് അടുത്ത് വോട്ടാണ് തരൂര്‍ പ്രതീക്ഷിക്കുന്നത്. 500 എത്തിയാല്‍ സ്വീകാര്യതയായി ഉയര്‍ത്തി പദവിക്കായി അവകാശവാദമുന്നയിക്കും. പ്രവര്‍ത്തക സമിതി, വര്‍ക്കിങ് പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് ഇതിലൊരു പദവിയാണ് തരൂരിന് താല്പര്യം.

കേരളത്തില്‍ നിന്നടക്കമുള്ള ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ഇന്ന് ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. നാളെ രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണും. ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. പെട്ടികള്‍ തുറന്ന് ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തിയ ശേഷമാണ് വോട്ടെണ്ണല്‍ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതോടെ നടപടികള്‍ അവസാനിക്കും. ഫലം എന്തായാലും ഈ നേതാക്കള്‍ക്കെല്ലാം ഒരുമിച്ച് ചേര്‍ന്ന് പാര്‍ട്ടിയെ പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുവാന്‍ കഴിയുമോ എന്നതാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News