ആകെയുള്ളത് 13 സെന്റ്; അതില്‍ 10 സെന്റും വീട് വയ്ക്കാന്‍ വിട്ടുനല്‍കി ബിനോയ്

ആകെയുള്ള 13 സെന്റ് വസ്തുവില്‍ 10 സെന്റ് മൂന്നു കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സൗജന്യമായി വിട്ടുനല്‍കിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പാവുമ്പ പൊയ്കത്തറയില്‍ (പ്രൈസ് വില്ലയില്‍) ബിനോയിക്ക് (45) നാടിന്റെ നാനാതുറകളില്‍നിന്ന് അഭിനന്ദന പ്രവാഹം. ബിനോയ് പഠിച്ച പാവുമ്പ എച്ച് എസിലെ 93 ബാച്ചിലെ പഴയ സഹപാഠികള്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ചത് അപ്രതീക്ഷിതമായി. വൈകാതെ ഒത്തുചേരുന്ന പഴയ സൗഹൃദക്കൂട്ടം ബിനോയിയെയും കുടുംബത്തെയും അനുമോദിക്കാന്‍ ഒരുങ്ങുകയാണ്.

മണപ്പള്ളി സെന്റ് മേരീസ് ഇടവക വികാരിയും അംഗങ്ങളും വിവിധ പാര്‍ടി പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അടക്കം നിരവധി പേരാണ് ബിനോയിയുടെയും കുടുംബത്തിന്റെയും നന്മ മനസ്സിനെ അഭിനന്ദിച്ചത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെയും അഭിനന്ദനമറിയിച്ചു.

പാവുമ്പ ലോക്കലിലെ മനപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ബിനോയ് നാടിന്റെ ആവശ്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. ഇതിനിടെ പഞ്ചായത്ത് അംഗം ശ്രീകുമാര്‍ വാര്‍ഡിലെ ഒരു നിര്‍ധന കുടുംബത്തിന് വീട്വയ്ക്കാന്‍ സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്നത് ബിനോയിയുമായി സംസാരിച്ചു. ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ധനംസമാഹരിച്ച് ഇവര്‍ക്ക് വസ്തുവാങ്ങി നല്‍കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍, ഇവര്‍ക്ക് സ്വന്തം വസ്തു വിട്ടുനല്‍കാന്‍ ബിനോയി തയ്യാറാകുകയായിരുന്നു.

പാവുമ്പ മണപ്പള്ളി ജങ്ഷന് സമീപത്താണ് ബിനോയിയും കുടുംബവും താമസിക്കുന്ന വസ്തുവും വീടും നിലനില്‍ക്കുന്നത്. ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തി മിച്ചം പിടിച്ച തുകകൊണ്ട് 2002ല്‍ ബിനോയി ഈ വസ്തു വാങ്ങിയത്. വസ്തു നല്‍കുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളോട് ആലോചിച്ചപ്പോള്‍ എല്ലാവരും പൂര്‍ണ പിന്തുണ നല്‍കി. ബുധനാഴ്ച ഓച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News