നിങ്ങൾ പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഗാഡ്ജറ്റ് വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഡിവൈസുകളിലൊന്നാണ് സ്മാർട്ട് വാച്ച് (Smartwatch). സാധാരണ വാച്ചുകൾ ഉപയോഗിച്ചിരുന്ന ആളുകളെല്ലാം ഇപ്പോൾ സ്മാർട്ട് വാച്ചിലേക്ക് മാറുകയാണ്.

ഫിറ്റ്നസ് ഫീച്ചറുകളും ആരോഗ്യപരമായ ഫീച്ചറുകളും സ്റ്റൈലുമെല്ലാം സ്മാർട്ട് വാച്ചുകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ പല വില വിഭാഗങ്ങളിലായി വാച്ചുകൾ ലഭ്യമാണ്. പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

കണക്റ്റിവിറ്റി

സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് വാങ്ങന്ന ഡിവൈസ് നിങ്ങളുടെ സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ഡിവൈസ് തന്നെയാണോ എന്നതാണ്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നയാൾ ആപ്പിൾ വാച്ച് വാങ്ങിയിട്ട് കാര്യമില്ല. അതുപോലെ പല വില കുറഞ്ഞ വാച്ചുകളും എല്ലാ സ്മാർട്ട്ഫോണുകളിലും സപ്പോർട്ട് ചെയ്യണമെന്നില്ല. വളരെ പഴയ ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ വാച്ച് വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഓപ്പറേറ്റിങ് സിസ്റ്റം

സ്മാർട്ട് വാച്ചുകളുടെ ഒഎസും വാച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘടകമാണ്. മികച്ച ഒഎസിൽ മാത്രം പ്രവർത്തിക്കുന്ന വാച്ചുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ആപ്പിൾ വാച്ചുകൾ വാച്ച്ഒഎസിലാണ് പ്രവർത്തിക്കുന്നത്. സാംസങ് ഗാലക്സി സ്മാർട്ട് വാച്ചുകൾ പ്രവർത്തിക്കുന്നത് ടിസെൻ ഒഎസിലാണ്. ഫോസിൽ, എൽജി അടക്കമുള്ളവയുടെ വാച്ചുകൾ ഗൂഗിൾ വെയർ ഒഎസിൽ പ്രവർത്തിക്കുന്നു. മികച്ച എക്സ്പീരിയൻസ് നൽകുന്ന, ഉപയോഗിക്കാൻ എളുപ്പമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ഒഎസിൽ പ്രവർത്തിക്കുന്ന വാച്ചുകൾ തിരഞ്ഞെടുക്കാം.

ഡിസ്പ്ലെ

സ്മാർട്ട് വാച്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഡിസ്പ്ലെ. ചെറിയ ഡിസ്പ്ലെയാണ് വാച്ചുകളിൽ ഉണ്ടാവുക എന്നതുകൊണ്ട് നിലവാരമുള്ള പാനലുള്ള വാച്ചുകൾ തന്നെ തിരഞ്ഞെടുക്കുക. ആപ്പിൾ വാച്ചുകളിലും സാംസങ് ഗാലക്സി വാച്ചുകളിലും OLED ഡിസ്പ്ലെയാണുള്ളത്. റിയൽമി LCD ഡിസ്പ്ലെയും ഓപ്പോ AMOLED ഡിസ്പ്ലെയും നൽകുന്നുണ്ട്. നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഇതിൽ ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. ഡിസ്പ്ലെയുടെ ബ്രൈറ്റ്നസ് ലെവലും റസലൂഷനും വാച്ചുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.

ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾ

സ്മാർട്ട് വാച്ചുകളുടെ പ്രധാന ഉപയോഗങ്ങളിലൊന്ന് ആരോഗ്യ, ഫിറ്റ്നസ് മോണിറ്ററുകളാണ്. അതുകൊണ്ട് തന്നെ നിങ്ങളൊരു സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ ഇക്കാര്യം പ്രധാനമായി കാണണം. ഹാർട്ട്ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ എന്നിവയുള്ള വാച്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഫിറ്റ്നസിന് പ്രധാന്യം കൊടുക്കുന്ന ആളാണ് നിങ്ങളെങ്കിൽ ജിപിഎസ് സപ്പോർട്ടുമായി വരുന്ന വാച്ച് തിരഞ്ഞെടുക്കാം. സ്ത്രീകൾക്കായുള്ള ഫീച്ചറുകളുമായി വരുന്ന വാച്ചുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ആപ്പ് സപ്പോർട്ട്

കാണാൻ കുഞ്ഞനാണ് എങ്കിലും സ്മാർട്ട് വാച്ചുകൾക്കായി നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള വാച്ച് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. സ്പോർട്സ് ആപ്പുകൾ, വാട്സ്ആപ്പ്, ഊബർ തുടങ്ങിവയെല്ലാം വാച്ചിനായി പ്രത്യേകം ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയെല്ലാം ഇൻസ്റ്റാൾ ചെയ്യുന്ന വാച്ച് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. ആപ്പിളിന്റെ വാച്ച് ഒഎസിലും ഗൂഗിൾ വെയർ ഒഎസിലും സപ്പോർട്ട് ചെയ്യുന്ന ധാരാളം ആപ്പുകളുണ്ട്. മറ്റ് ഒഎസുകളിൽ പ്രവർത്തിക്കുന്ന വാച്ചുകൾ വാങ്ങുമ്പോൾ സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ കൂടി പരിശോധിക്കുക.

ബാറ്ററി

കൊണ്ടുനടക്കുന്ന ഏതൊരു ഗാഡ്ജറ്റനെയും പോലെ സ്മാർട്ട് വാച്ചുകളുടെ കാര്യത്തിലും പ്രധാനപ്പെട്ട കാര്യമാണ് ബാറ്ററി. ഫിറ്റ്നസ് ബാൻഡുകളെ അപേക്ഷിച്ച് കുറച്ച് ബാക്ക്അപ്പ് മാത്രം നൽകുന്നവയാണ് സ്മാർട്ട് വാച്ചുകൾ. ആപ്പിൾ വാച്ച് പരമാവധി 18 മണിക്കൂർ ബാക്ക് അപ്പ് മാത്രമേ നൽകുന്നുള്ളു. സാംസങ് വാച്ചുകൾ കുറച്ച് കൂടി സമയം അധികം ബാക്ക്അപ്പ് നൽകുന്നു. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ബാറ്ററി ബാക്ക്അപ്പ് നൽകാൻ സാധിക്കുന്ന വാച്ചുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

വില

മറ്റേതൊരു ഡിവൈസ് വാങ്ങുന്നത് പോലെ തന്നെ സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോഴും വില പ്രധാനപ്പെട്ട ഘടകമാണ്. 2000 രൂപ വില വിഭാഗത്തിൽ ബോട്ട്, അമാസ്ഫിറ്റ് പോലുള്ള ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ ലഭ്യമാണ്. 4000 രൂപ വില വിഭാഗത്തിൽ റിയൽമി അടക്കമുള്ളവയുടെ കുറച്ച് കൂടി മികച്ച വാച്ചുകളുണ്ട്. അല്പം കൂടി വില കൊടുത്താൽ ഫോസിൽ അടക്കമുള്ള ബ്രാന്റുകളുടെ വാച്ചുകൾ വാങ്ങാം. നിങ്ങളുടെ ബജറ്റിനും ആവശ്യത്തിനും അനുസരിച്ച വാച്ച് വാങ്ങുന്നതാണ് നല്ലത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News