എന്‍ഡോസള്‍ഫാന്‍ കമ്പനിക്കൊപ്പം നിന്ന വലതുപക്ഷ സംഘടനകള്‍ ഇപ്പോള്‍ നടത്തുന്നത് നിഴല്‍യുദ്ധം:ഡി വൈ എഫ് ഐ|DYFI

എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ നിരോധനത്തിലേക്ക് നയിച്ചത് ഡിവൈഎഫ്‌ഐ നടത്തിയ നിയമ പോരാട്ടമാണെന്നും പിണറായി സര്‍ക്കാര്‍ ദുരിത ബാധിതരോട് പുലര്‍ത്തുന്ന കരുതല്‍ മാതൃകാപരമെന്നും ഡിവൈഎഫ്‌ഐ(DYFI) കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ്. അന്നത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന്റെ നേതൃത്വത്തില്‍ വിഷമഴ പെയ്ത ഭൂമിയിലൂടെ നടത്തിയ അതിജീവിന സന്ദേശ ജാഥയുടെ തുടര്‍ച്ചയായി ദുരിത ബാധിതര്‍ അനുഭവിക്കുന്ന വേദനകള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ എത്തിച്ചു.

കീടനാശിനി ലോബിക്ക് ഒപ്പം നിന്ന യുപിഎ ഗവണ്‍മെന്റ് നിരോധനത്തിന് തയ്യാറാകാതിരുന്നപ്പോഴാണ് ഡിവൈഎഫ്‌ഐ സുപ്രീംകോടതിയെ സമീപിച്ചത്. 2011ല്‍ ഡിവൈഎഫ്‌ഐ കൊടുത്ത കേസിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത്. അന്ന് കമ്പനിക്ക് വക്കാലത്തുമായി വന്നത് കോണ്‍ഗ്രസ് വക്താവായ മനു അഭിഷേക് സിംഗ് വിയെ പോലുള്ള അഭിഭാഷകരായിരുന്നു.

2006 – 11 കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ് ദുരിത ബാധിതര്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കിയത്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ അവ അട്ടിമറിച്ചു. ഡിവൈഎഫ്‌ഐയുടെ തന്നെ നേതൃത്വത്തില്‍ അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ 15 രോഗ ബാധിത കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയും 50 വിദ്യാര്‍ത്ഥികള്‍ക്ക് അരലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ്,സൗജന്യ ആമ്പുലന്‍സ് സര്‍വ്വീസ് തുടങ്ങിയ ഇടപെടല്‍ നടത്തി. 2016 മുതലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമാണ്. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷനും 5 ലക്ഷം വീതം ധനസഹായത്തിനുമായി 432.6 കോടി രൂപ ചെലവഴിച്ചു. രോഗാവസ്ഥയിലുള്ളവരും, തൊഴിലെടുക്കാനാകാതെ വീട്ടിനുള്ളില്‍ കഴിയുന്നവരുമായ 5285 പേര്‍ക്ക് സ്നേഹസാന്ത്വനം പദ്ധതിയില്‍ 2011 മുതല്‍ 2022 ആഗസ്ത് വരെ പെന്‍ഷന്‍ ഇനത്തില്‍ 107.49 കോടി നല്‍കി.

എന്‍ഡോസള്‍ഫാന്‍ പ്രതിമാസ പെന്‍ഷന്‍ 1700 രൂപ ലഭിക്കുന്നത് 1398 പേര്‍ക്ക് 2200രൂപ ലഭിക്കുന്ന 1413 പേരും 1200 രൂപ ലഭിക്കുന്ന 2474 പേരും ജില്ലയിലുണ്ട്. ദുരിതബാധിത കുടുംബങ്ങളുടെ വായ്പ എഴുതി തള്ളുന്നതിനായി 6.82 കോടിയാണ് വിവിധ ബാങ്കുകളില്‍ നല്‍കിയത്. 50000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയുള്ള കടം തള്ളി.1720 വ്യക്തികളുടെ 2153 വായ്പയാണ് തള്ളിയത്. ദുരിതബാധിതരുടെ എം പാനല്‍ ചെയ്ത ആശുപത്രികളിലെ ചികിത്സക്ക് 20.14 കോടിയും വാഹന സൗകര്യത്തിന് 6.97 കോടിയുമുള്‍പ്പെടെ 27.11 കോടി രൂപയും ചെലവഴിച്ചു. ഒപ്പം ജില്ലയുടെ ആരോഗ്യ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഇനിയും സജീകരിക്കേണ്ടതുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അത്തരം ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച മുന്നനുഭവം നമുക്കുണ്ട്. എന്നാല്‍ ആനുകൂല്യങ്ങളും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നതിന് താല്‍പര്യപൂര്‍വ്വം പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ഇപ്പോള്‍ നടക്കുന്ന നീക്കം നിഗൂഢമാണ്. അന്ന് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കൊപ്പം നിന്ന വലതുപക്ഷ സംഘടനകള്‍ ഇപ്പോള്‍ നടത്തുന്നത് നിഴല്‍യുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News