അഴിമതിക്കെതിരെ കര്‍ശന നടപടി: സിപിസി

രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ ഷി ജിന്‍പിങ് സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഫലം കണ്ടതായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഇരുപതാം കോണ്‍ഗ്രസ് വിലയിരുത്തി. ബീജിങ്ങില്‍ ഞായറാഴ്ച ആരംഭിച്ച പാര്‍ടി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്ഷപാതരഹിതമായ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി പാര്‍ടിയുടെ അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഷി ജിന്‍പിങ് അധികാരമേറ്റശേഷമുള്ള പത്തുവര്‍ഷത്തിനിടെ 9.6 കോടി പാര്‍ടി അംഗങ്ങളില്‍ 553 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തു. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തിനിടെ 80,000 പാര്‍ടി അംഗങ്ങള്‍ ചെറുതും വലുതുമായ അഴിമതിക്കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. പത്തുവര്‍ഷത്തിനിടെ 2.07 ലക്ഷം അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പത്ത് വര്‍ഷത്തിനിടെ, രാജ്യത്താകെ 50 ലക്ഷം പേര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നു. ശിക്ഷിക്കപ്പെട്ടവരില്‍ 11 ശതമാനംപേര്‍ ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരാണ്. സര്‍ക്കാരിന്റെ കര്‍ക്കശ നടപടികളാണ് ഇത്രയധികം അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികരംഗം തുറന്നിടും

ചൈനയുടെ സാമ്പത്തികരംഗം കൂടുതലായി തുറന്നിടാന്‍ സിപിസി പാര്‍ടി കോണ്‍ഗ്രസില്‍ തീരുമാനം. ആഗോളവല്‍ക്കരണം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതും ഗുണപ്രദവുമായിരിക്കുമെന്ന് ഉറപ്പാക്കുമൊന്നും ദേശീയ വികസന, നവീകരണ കമീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാവോ ചെന്‍ക്‌സിന്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാവോ. ചൈന ആഭ്യന്തര വിപണിയില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉടന്‍തന്നെ സ്വയംപര്യാപ്തമാകുമെന്നുമുള്ള പ്രത്യാശകള്‍ അസ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി ഉയര്‍ന്ന നിലവാരവും കാര്യപ്രാപ്തിയുള്ളതും നീതിയുക്തമായതുമായ പുതിയ വികസനരീതി രൂപപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഷാവോ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News