കൊച്ചിയെ ലോകത്തിലെ വലിയ മാരിടൈം ഹബ്ബാക്കി മാറ്റുക സർക്കാർ ലക്ഷ്യം : മുഖ്യമന്ത്രി | Pinarayi Vijayan

പ്രളയമാപ്പിങ്ങിൽ സാങ്കേതിക ഉപദേശം നൽകാമെന്ന് നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ ലോകത്തിലെ വലിയ മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.

ശുദ്ധജലത്താൽ സമൃദ്ധമായ നാട് ലക്ഷ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോർവേ മാതൃക ഇത്തരം കാര്യത്തിൽ ഉപയോഗിക്കും.ആരോഗ്യ, വയോജന പരിപാലന രംഗത്തും ഫിൻലൻ്റുമായി പരസ്പര സഹകരണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും, തൊഴിൽ അന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുമെന്ന് ഫിൻലൻറ് ഉറപ്പ് നൽകിയിട്ടുണ്ട്.ആരോഗ്യ മേഖലയിലുള്ളവർക്ക് ഫിൻലൻറിൽ വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സർക്കാർ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി.

പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേർക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ :

വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിയേയും കൂട്ടി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ‍ഞങ്ങളുടെ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം മൂലം മുൻനിശ്ചയിച്ചതിലും വൈകിയാണ് യാത്ര ആരംഭിച്ചത്.

സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള വികസനം മുൻനിർത്തിയാണ് ഇങ്ങനെയൊരു യാത്ര പദ്ധതിയിട്ടത്. അഭിമാനത്തോടെ പറയട്ടെ ലക്ഷ്യമിട്ടതിലും കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്ത് സ്വായത്തമായിട്ടുണ്ട്. പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ ഇതൊക്കെയായിരുന്നു സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഇക്കാര്യത്തിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു.

നാളെയുടെ പദാർത്ഥമെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യാത്രയിൽ തീരുമാനമായി. ഫിൻലൻഡ്, നോർവ്വേ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദർശിച്ചത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകളുണ്ടായിരുന്നു. പി.രാജീവ്, വി ശിവൻകുട്ടി, വീണ ജോർജ്ജ് എന്നീ മന്ത്രിമാരും ചീഫ് സെക്രട്ടറി വിപി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വികെ രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

ലോകകേരളസഭയുടെ യൂറോപ്യൻ – യുകെ മേഖലാ സമ്മേളനത്തിൽ ഒക്ടോബർ ഒൻപതിന് പങ്കെടുത്തു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായി. വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികൾ യോഗത്തിൽ ചർച്ചയായി. സമ്മേളനത്തിൽ ഉരുതിരിഞ്ഞ നിർദേശങ്ങൾ ലോകകേരളസഭയിൽ ചർച്ച ചെയ്യും. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യുകെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോർ‍ക്ക വഴി അവസരമൊരുക്കും. ഇതിനായി അവിടുത്തെ ഏജൻസികളുമായി നോർക്ക ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൻ്റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും.

ഒപ്പുവച്ച കരാർ പ്രകാരം നഴ്സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകൾക്കും യുകെ കുടിയേറ്റം സാധ്യമാവും. അഭിമുഖ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് ഐഇഎൽടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോർക്ക റൂട്ട്സ് വഴി ഓഫർ ലെറ്റർ നൽകും. ലെറ്റർ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാൽ മതി. ഇനിയും അന്താരാഷ്ട്രതലത്തിൽ ആരോഗ്യപ്രവർത്തകർക്കുള്ള ഒട്ടനവധി തൊഴിൽ സാധ്യതകളുണ്ട്. കൊവിഡാനന്തരം ആ സാധ്യത പലമടങ്ങ് വർധിച്ചു. ഈ തൊഴിലവസരങ്ങൾ പരമാവധി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മനുഷ്യതട്ടിപ്പും, വിസാ തട്ടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നാം നേരിടുണ്ട്. ഇതു തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് അരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News