സമൂഹത്തിന് മുന്നില്‍ അപഹാസ്യനാകരുത് ; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി | Pinarayi Vijayan

സമൂഹത്തിന് മുന്നിൽ അപഹാസ്യനാകരുതെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി.ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്ന രീതിയല്ല. വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന.

നമ്മുടെ രാജ്യം ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ്. പാർലമെൻററി ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യവും കടമയും എന്തെല്ലാമാണ് എന്നും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും കർത്തവ്യവും കടമകളും എന്തൊക്കെയെന്നും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്.

കോടതിവിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ട്.തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തം.

ഡോ. അംബേദ്കർ തന്നെ പറഞ്ഞത്, ഗവർണ്ണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ദൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ ‘മന്ത്രിസഭയുടെ ഉപദേശം പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്’ എന്നത് സുപ്രിംകോടതി എടുത്തു പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്.

മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്തു സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളും
ആണ്. ഇതൊന്നും അല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധം ആവില്ലേ?

നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്നകാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആവഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യം എന്ന് പറയാനാവില്ല. സാധു ആവുകയുമില്ല.

വിദേശയാത്ര ഫലപ്രദം: ലക്ഷ്യമിട്ടതിനേക്കാൾ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി

ഭാവി കേരളത്തെ കെട്ടിപ്പെടുക്കാനുളള ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു കേരളസംഘത്തിന്റെ വിദേശപര്യടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളനിർമ്മിതിക്കായുളള ക്രിയാത്മക ചർച്ചകളും നിർദ്ദേശങ്ങളും യാത്രയിൽ ഉയർന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിദേശയാത്രയാത്ര നടത്തിയതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണങ്ങൾ യാത്ര കൊണ്ട് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഓദ്യോഗിക സംഘം സന്ദർശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകൾ നടന്നു. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.

സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതൽ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം അഭ്യർഥിച്ചു. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here