വിദേശയാത്ര ; കുടുംബത്തെ കൂട്ടിയതില്‍ അനൗചിത്യമില്ലെന്ന് മുഖ്യമന്ത്രി | Pinarayi Vijayan

വിദേശയാത്രയെക്കുറിച്ച് നെഗറ്റീവ് ആയ വികാരമാണ് മാധ്യമങ്ങളിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉല്ലാസയാത്ര ആണെന്ന പ്രതീതി ഉണ്ടാക്കി. കുടുംബത്തെ കൂട്ടിയതിൽ അനൗചിത്യം ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാടിന്റെ പുരോഗമനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് വിദേശയാത്രയിൽ നടന്നത്. നാടിന് നേടാൻ കഴിഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ പറയുന്നില്ല. മാധ്യമങ്ങൾ യാത്രയെ ഉല്ലാസയാത്രയായി കണ്ടു. പ്രതിപക്ഷത്തിന് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നില്ല. അതിനൊപ്പം മാധ്യമങ്ങൾ ചേരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒക്ടോബർ 1ന് പുറപ്പെടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരിയുടെ വിയോഗത്തെ തുടർന്ന് യാത്ര നീട്ടി. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് ലക്ഷ്യം വെച്ചാണ് യാത്ര പ്ലാൻ ചെയ്തത്. അതെല്ലാം പൂർത്തിയാക്കാനായി. യാത്രയ്ക്ക് ലക്ഷ്യമിട്ടിരുന്നതിനേക്കാൾ നേട്ടമുണ്ടായി. പഠന മേഖലയിലെ സഹകരണം, തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവയായിരുന്നു ലക്ഷ്യം. ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദർശനം നടത്തിയത്.

പ്രധാന പരിപാടി ലോക കേരള സഭയുടെ മേഖലാ സമ്മേളനം ആയിരുന്നു (യൂറോപ്യൻ, യു.കെ). മലയാളി പ്രവാസി സമ്മേളനവും നടന്നു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. മന്ത്രിമാരായ പി രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ ആ സമ്മേളനത്തിൽ അഭ്യർഥിച്ചു. വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ, വിദ്യാർഥി കുടിയേറ്റം, യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ്, പ്രവാസി സംഘടനകളുടെയും ലോകകേരള സഭയുടെയും പ്രവർത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ നടത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

നോർവെയുമായി സഹകരണം ശക്തമാക്കാൻ നടത്തിയ ചർച്ചകൾ കേരളത്തിലെ മത്സ്യമേഖലയ്ക്ക് ഉണർവേകും. ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ കേരളത്തിൽ സന്ദർശനം നടത്തും. നോബൽ പീസ് സെന്റർ ഡയറക്ടറുമായി നോർവെയിൽ കൂടിക്കാഴ്ച നടത്തി.

ലോക സമാധാന സമ്മേളനം വിളിക്കാൻ താത്പര്യം അറിയിച്ചു. കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർനിക്ഷേപമുണ്ടാകുമെന്ന് നോർവീജിയൻ കമ്പനി അറിയിച്ചു. കൊച്ചിയെ കേരളത്തിലെ മാരിടൈം ഹബ് ആക്കി മാറ്റുകയാണ് സർക്കാറിൻറെ ലക്ഷ്യം. നിക്ഷേപം നൽകാൻ മലയാളി കൂട്ടായ്മ സന്നദ്ധത അറിയിച്ചു. മികച്ച സംരംഭകത്വ അവസരങ്ങൾ അവർക്കായി സർക്കാർ കേരളത്തിൽ ഒരുക്കും.

നോർവെയ്ക്ക് സമാനമായ രീതിയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യം ഒരുക്കും. ഗവേഷക വിദ്യാർഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നോർവെയിൽ നിന്ന് പഠിക്കാൻ ഏറെ കാര്യങ്ങളുണ്ട്. പ്രകൃതി ദുരന്തം തടയാൻ നോർവെയുടെ പിന്തുണ ലഭിക്കും.

ശുദ്ധജലത്താൽ സമൃദ്ധമായ നാടാണ് നോർവെ. കേരളത്തിലെ സ്റ്റാർട്ട്അപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാൻ ഫിൻലൻഡ് താത്പര്യം അറിയിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സാധ്യത കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് അന്താരാഷ്ട്ര സർവകലാശാലകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വിവിധ അന്താരാഷ്ട്ര സർവകലാശാലകളുമായി കേരളത്തിലെ ഡിജിറ്റൽ സർവകലാശാല ഒപ്പുവെച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News