
ഒരേസമയം താന്‍ ഗുരുവും സുഹൃത്തുമായി കണ്ട വ്യക്തിയാണ് ഡോ. സ്‌കറിയ സക്കറിയയെന്ന്(scaria zacharia) ഡോ. ബി ഇക്ബാല്‍. അന്ത്യം ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സ്‌കറിയ സക്കറിയക്ക് കൂപ്പുകൈകളോടെ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രഗത്ഭ ഗവേഷകനും പ്രശസ്ത അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ (75) അന്തരിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങള്‍ ഡോ. സ്‌കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാ ശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അദ്ദേഹമാണു.മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങള്‍, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്ക്ലോര്‍ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ.മേഖലകളില്‍ മൗലിക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
മലയാളം സര്‍വകലാശാലയും അടുത്തിടെ എം.ജി. സര്‍വകലാശാലയും ഡി. ലിറ്റ് നല്‍കി ആദരിച്ചിരുന്നു. എസ് ബി കോളേജില്‍ ഞങ്ങള്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് ഒരേ വര്‍ഷമാണു പഠിച്ചത്. 1963-64 ല്‍. വ്യത്യസ്ത ബാച്ചുകളിലായിരുന്നതിനാല്‍ അക്കാലത്ത് പരിചയപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥങ്ങള്‍ വായിച്ചാണു അടുപ്പത്തിലായത്. സ്‌കറിയ സക്കറിയ സംശോധനം ചെയ്ത് ഓശാന ബൈബിളാണു ഞാന്‍ പതിവായി വായിക്കുന്നത്.
കഴിഞ്ഞ ദിവസം അദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മകന്‍ അരുള്‍ ജോര്‍ജ്ജുമായി സംസാരിച്ചിരുന്നു. അന്ത്യം ഇത്രപെട്ടെന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒരേസമയം ഞാന്‍ ഗുരുവും സുഹ്രുത്തുമായി കണ്ടിരുന്ന സ്‌കറിയ സക്കറിയക്ക് കൂപ്പുകൈകളോടെ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here