K Raghavan: മലയാളി മനസ്സില്‍ അനശ്വരനായി സംഗീത ചക്രവര്‍ത്തി രാഘവന്‍മാസ്റ്റര്‍

സംഗീത ചക്രവര്‍ത്തി കെ രാഘവന്‍മാസ്റ്റരുടെ(K Raghavan Master) ചരമവാര്‍ഷികദിനമാണിന്ന്. അറബികടലിന്റെ തീരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മാസ്റ്റര്‍ തന്റെ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ അനശ്വരനായി ജീവിക്കുകയാണ്. മലയാള നാടക ചലച്ചിത്ര ഗാനശാഖയെ നാടന്‍ ശീലുകളുടെയും മാപ്പിളപ്പാട്ടിന്റെയും ചിലങ്കയണിയിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവന്‍ മാസ്റ്റര്‍. അദ്ദേഹം ഈണം നല്‍കിയ പാട്ടുകള്‍ മലയാളിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണദ്ദേഹത്തിന്റെ ഗാനങ്ങളെന്ന് ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു. തലശ്ശേരി താലൂക്കില്‍ തലായി എന്ന പ്രദേശത്ത് കുഞ്ഞിന്‍ വീട്ടില്‍ കൃഷ്ണന്റേയും പാര്‍വ്വതിയുടേയും മകനായി 1913 ഡിസംബര്‍ 2നാണ് ജനനം. കുടുംബം സംഗീതാത്മകമല്ലായിരുന്നു.

വളരെ ചെറുപ്പം മുതല്‍ തന്നെ രാഘവന്‍ മാസ്റ്റര്‍ സംഗീതത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ്. നാരായണയ്യരുടെ കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതപഠനത്തിനു ശേഷം ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ ജീവനക്കാരനായി.സംഗീതസംവിധായകന്‍ എന്നതിനു പുറമേ ഗായകനും സംഗീതാധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. ഹിന്ദി തമിഴ് സിനിമാ സംഗീതം കടമെടുക്കുന്ന സ്ഥിതി മാറ്റി കേരളത്തിന്റെ പ്രാദേശികമായ നാടന്‍ സംഗീതശൈലിയില്‍ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ ആളാണ് അദ്ദേഹം.

നീലക്കുയിലാണ് രാഘവന്റെ സംഗീതസംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചിത്രം. നീലക്കുയിലിലെ ‘കായലരികത്തു വലയെറിഞ്ഞപ്പം…വളകിലുക്കിയ സുന്ദരീ…’ എന്ന ഗാനം എല്ലാ വിധത്തിലും രാഘവന്‍ മാഷിന്റെ ഭാഗ്യമുദ്രയായിരുന്നു. പിന്നീട് വയലാര്‍ സഖ്യം മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടം തന്നെ ആയിരുന്നു.

നിര്‍മ്മാല്യത്തിനും, പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ് മികച്ച സംഗീതസംവിധായകനുള്ള സ്േറ്ററ്റ് അവാര്‍ഡ് രാഘവന്‍ മാഷെ തേടിയെത്തിയ്ത്. കേരളാ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹനായി. 2010ല്‍ രാജ്യം പത്മശ്രീ നല്‍കി മലായാളത്തിന്റെ അഭിമാനത്തെ ആദരിച്ചു. നൂറാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കെ 2013 ഒക്ടോബര്‍ 19നു പുലര്‍ച്ചെയാണ് രാഘവന്‍ മാസ്റ്റര്‍ യാത്രയായത്. അര്‍ത്ഥ സമ്പുഷ്ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറയിലെ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുകയാണ്. മലയാള സിനിമാ ലോകത്തെ ഒരുപിടി അതുല്യ ഗാനങ്ങളുടെ കുലപതിയ്ക്ക് കൈരളിയുടെ പ്രണാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like