Maharashtra: മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം

മഹാരാഷ്ട്രയിലെ(Maharashtra) ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയാണ് സി പി എം(CPIM). നൂറോളം പഞ്ചായത്തുകളില്‍ ഭൂരിപക്ഷം നേടിയത്. മഹാരാഷ്ട്രയില്‍ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് തനിച്ചു മല്‍സരിച്ച സിപിഐഎമ്മിന് തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായത് . കൂടാതെ നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്.

സമീപ കല മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്രയധികം വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചത്. പ്രത്യയശാസ്ത്രത്തിന്റെ വിജയമെന്നാണ് അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ നേതാവ് അശോക് ധൗളെ പ്രതികരിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭയും പാര്‍ട്ടിയും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആര്‍ കൃഷ്ണന്‍ വിലയിരുത്തി. ശിവസേനയുടെയും ബിജെപിയുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെ മറി കടന്നു കൊണ്ടാണ് ഈ വിജയം നേടാന്‍ കഴിഞ്ഞതെന്നും പ്രചാരണ രംഗത്ത് കൊട്ടിഘോഷങ്ങളിലാതെ നേടിയ വിജയം പാര്‍ട്ടിക്ക് സാധാരണ ജനങ്ങളിലുള്ള സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചതായ സൂചനകള്‍ തന്നെയാണ് വ്യക്തമാക്കുന്നതെന്നും സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നേരിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമായും നാസിക്, പാല്‍ഖര്‍, താനെ, അഹമ്മദ് നഗര്‍ എന്നീ ജില്ലകളില്‍ നിന്നായി 102 പഞ്ചായത്ത് പ്രസിഡന്റുമാരെയാണ് പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. നാസിക് ജില്ലയില്‍ മാത്രം 59 പഞ്ചായത്തുകളില്‍ സിപിഐ എം ജയിച്ചിട്ടുണ്ട്. സുര്‍ഗണ താലൂക്കില്‍ 33 പഞ്ചായത്തും കല്‍വാന്‍ താലൂക്കില്‍ 8 പഞ്ചായത്തും ത്രയമ്പകേശ്വര്‍ താലൂക്കില്‍ 7 പഞ്ചായത്തും ദിണ്ഡോരി താലൂക്കില്‍ 6 പഞ്ചായത്തും പേത് താലൂക്കില്‍ അഞ്ച് പഞ്ചായത്തും സിപിഐ എം ഭരിക്കും. പാല്‍ഘര്‍-താനെ ജില്ലയില്‍ ദഹാനു താലൂക്കില്‍ 9 പഞ്ചായത്തും ജവഹര്‍ താലൂക്കില്‍ 5 പഞ്ചായത്തും തലാസരി, വിക്രംഗഡ്, വാഡ, ഷഹാപൂര്‍, മൂര്‍ബാദ് എന്നീ താലൂക്കുകളിലായി 12 പഞ്ചായത്തുകളും സിപിഐ എം നേടി. അഹമ്മദ് നഗര്‍ ജില്ലയിലെ അകോല്‍ താലൂക്കിലും ആറ് പഞ്ചായത്തുകള്‍ നേടാന്‍ സാധിച്ചു. കൂടാതെ പുറമെ നൂറിലധികം ഗ്രാമപഞ്ചായത്തുകളില്‍ സീറ്റുകള്‍ നേടാനും പാര്‍ട്ടിക്ക് സാധിച്ചു.

താനെയിലെ കിസാല്‍ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായി സഖാവ് കവിത വാരെ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് സഖാവ് കവിത വാറെ. തെരഞ്ഞെടുപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഒടുവിലെ കണക്ക് പ്രകാരം 971 പഞ്ചായത്തുകളുടെ ഫലമാണ് ലഭിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News