യോഗി ബംഗ്ലാദേശിനെ കണ്ട് പഠിക്കണം: ബംഗ്ലാദേശ് യാത്ര വിവരണവുമായി KT ജലീൽ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Tuesday, February 7, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    Umrah; ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

    ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല

    T-20; വെസ്റ്റിന്‍ഡീസിനെതിരെ കളിക്കളത്തിൽ സഞ്ജുവും; ഇന്ത്യുടെ ടി-20 സ്ക്വാഡിൽ ഇടം നേടി താരം

    സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു

    അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

    അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

    തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

    തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

    CPIM പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

    ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

    മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

    മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    Umrah; ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

    ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല

    T-20; വെസ്റ്റിന്‍ഡീസിനെതിരെ കളിക്കളത്തിൽ സഞ്ജുവും; ഇന്ത്യുടെ ടി-20 സ്ക്വാഡിൽ ഇടം നേടി താരം

    സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു

    അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

    അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

    തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

    തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

    CPIM പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

    ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

    മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

    മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result
Kairali News
No Result
View All Result

യോഗി ബംഗ്ലാദേശിനെ കണ്ട് പഠിക്കണം: ബംഗ്ലാദേശ് യാത്ര വിവരണവുമായി KT ജലീൽ

by newzkairali
4 months ago
യോഗി ബംഗ്ലാദേശിനെ കണ്ട് പഠിക്കണം: ബംഗ്ലാദേശ് യാത്ര വിവരണവുമായി KT ജലീൽ

Read Also

എല്ലാ വർഗ്ഗീയതകളും തുലയട്ടെ… പിഎഫ്ഐ നിരോധനം സ്വാഗതാർഹം: കെ.ടി ജലീൽ

Quran; യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്തത് ഖുര്‍ആന്‍ തന്നെ; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചരണം പൊളിച്ച് കസ്റ്റംസ് രേഖകൾ

KT Jaleel;പെണ്‍കുട്ടിയെ മതപണ്ഡിതന്‍ അപമാനിച്ച സംഭവം; MSF നേതൃത്വം സ്വയം തരംതാ‍ഴുന്നു , കെ ടി ജലീല്‍

തന്റെ ബംഗ്ലാദേശ് യാത്രയുടെ വിവരണം പങ്കുവെക്കുന്നതിനെ യോഗി ആദിത്യനാഥിനെ വിമർശിച്ച് കെ ടി ജലീൽ എം എൽ എ. ജലീൽ തന്റെ ഫേസ്ബുക്കിലാണ് വിമർശനവുമായി എത്തിയത്.

പഴമയും പാരമ്പര്യവും നില നിർത്താൻ ബംഗ്ലാ ദേശക്കാർ ബദ്ധശ്രദ്ധരാണ്. അവർ നാരായൺ ഗഞ്ചിൻ്റെ പേരുമാറ്റാൻ തുനിഞ്ഞിട്ടേയില്ല.

ഗംഗ ഹിമാലയത്തിൽ നിന്നൊഴുകിത്തുടങ്ങി ബംഗ്ലാദേശിലെത്തുമ്പോൾ പത്മയായി മാറുന്നു. പശ്ചിമ ബംഗാളിൽ നിന്നാരംഭിക്കുന്ന ടീസ്ത നദി ബംഗ്ലാദേശിൻ്റെ മാറിടം തഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ബ്രഹ്‌മപുത്ര കുടിനീർ ചുരത്തി കടന്ന് പോകുന്നതും ബംഗ്ലാ മണ്ണിലൂടെയാണ്. 6.8 കിലോമീറ്റർ ദൂരത്തിൽ പത്മ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ബ്രിഡ്ജ് പത്മ പാലം എന്നാണ് അറിയപ്പെടുന്നത്. അതിന് “പാത്തുമ്മ” പാലം എന്ന് നാമകരണം ചെയ്ത് വികൃതമാക്കിയാലത്തെ സ്ഥിതി എന്താകും? എന്ന് ചോദിക്കുന്ന ജലീൽ പിന്നീട് മുഗൾ ഓർമ്മകളെ മായ്ച്ചു കളയാൻ അലഹബാദിനെ യോഗി ആദിത്യനാഥ് പ്രയാഗ് രാജാക്കിയതും ഫൈസാബാദിനെ അയോദ്ധ്യയാക്കിയതും മുഗൾസറായ് റെയിൽവെ സ്റ്റേഷൻ്റെ പേര് ദീൻദയാൽ ഉപാദ്ധ്യായ റെയിൽവെ സ്റ്റേഷനെന്നാക്കി മാറ്റിയതും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്മപ്പെടുത്തുകയായിരുന്നു.

തുടർഭരണം കിട്ടിയ യോഗി ആദിത്യനാഥ് സ്ഥലനാമങ്ങൾ വക്രീകരിക്കാൻ ഒരു വലിയ പട്ടിക തന്നെ തയ്യാറാക്കിയതായാണ് വാർത്തകൾ. അധികം വൈകാതെ സുൽത്താൻപൂർ ഖുഷ്ഭവൻപൂരും, മിർസാപ്പൂർ വിൻദ്യാധമും, അലിഗർ ഹരിഗറും, ആഗ്ര അഗർവനും, മൈൻപുരി മയാൻ നഗറും, മുസഫർ നഗർ ലക്ഷ്മി നഗറും, ഫിറോസാബാദ് ചന്ദ്രനഗറുമൊക്കെയായി കോലം മാറുമെന്നാണ് റിപ്പോർട്ടുകൾ. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കണ്ടറിയണം എന്നും ജലീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീൽ എം എൽ എ യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ….

മുജീബിൻ്റെ ഓർമ്മകൾ പെയ്തിറങ്ങുന്ന ഡാക്ക

കൽക്കത്തയിൽ നിന്ന് ഒരു മണിക്കൂർ പറന്നാൽ ഡാക്കയിലെത്താം. ഉച്ചക്ക് ശേഷം 2.05 ന് പുറപ്പെട്ട ഇൻഡിഗോ വിമാനം, കൃത്യം 3.05 ന് ഡാക്കാ ഹസ്രത്ത് ഷാജലാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങി. വിമാനത്തിൽ നിന്ന് താഴേക്ക് നോക്കിയാൽ പുഴകളും കായലുകളും വെള്ളക്കെട്ടുകളും നെൽപ്പാടങ്ങളും നിറഞ്ഞ് നിൽക്കുന്നത് കാണാം. ആലപ്പുഴയിൽ ഒരു എയർപോർട്ട് വന്നാൽ വിമാനമിറങ്ങുന്ന പ്രതീതി. കുട്ടനാടൻ സൗന്ദര്യം മുഴുവൻ നുകരാനായ തോന്നൽ. പതിനാലാം നൂറ്റാണ്ടിൽ ബംഗ്ലാദേശിലെ സിലറ്റിൽ ജീവിച്ചിരുന്ന സൂഫിയായിരുന്നു ഹസ്രത്ത് ഷാജലാൽ. മേഘാലയയോട് അടുത്ത് കിടക്കുന്ന ബംഗ്ലാ നഗരമാണ് സിലറ്റ്. തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമായ നഗരം. അദ്ദേഹതിൻ്റെ പേരാണ് വിമാനത്താവളത്തിന് നൽകിയിരിക്കുന്നത്.
എയർപോർട്ടിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ലോകോത്തര വിമാനത്താവളങ്ങളിലൊന്നായി ഡാക്ക മാറും. നിലവിലെ എയർപോർട്ടിന് വലിയ വലിപ്പമില്ല. പശ്ചാത്തലസൗകര്യ വികസനത്തിലാണ് ബംഗ്ലാദേശ് ശ്രദ്ധിക്കുന്നതെന്ന് തലസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നു. മെട്രോ, ഫ്ലൈ ഓവറുകൾ എന്നിവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. ശരിക്കു പറഞ്ഞാൽ മിനി കൽക്കത്തയാണ് ഡാക്ക. രൂപത്തിലും ഭാവത്തിലും ജീവിത രീതികളിലും സംസ്കാരത്തിലും പശ്ചിമ ബംഗാളിന് സമാനമാണ് 1947 ന് മുമ്പ് കിഴക്കൻ ബംഗാൾ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബംഗ്ലാദേശ്.
ഒരേ ജനങ്ങൾ, ഒരേ ഭാഷ, ഒരേ രീതികൾ. ‘ബംഗാളി’ സ്വത്വത്തിന് പശ്ചിമ ബംഗാളികളും ബംഗ്ലാദേശുകാരും വലിയ പ്രാമുഖ്യമാണ് കൽപ്പിക്കുന്നത്. പൊറോട്ടയും ചോറും ഇറച്ചിയും മീനും ഡാക്കയിലും കൊൽക്കത്തയിലും സുലഭം. ഇന്ത്യക്കാരോട് വലിയ മമതയാണ് ശൈഖ് ഹസീനയുടെ നാട്ടുകാർക്ക്. പടിഞ്ഞാറൻ പാക്കിസ്ഥാൻ്റെ ഉരുക്കുമുഷ്ടികളിൽ നിന്ന് കിഴക്കൻ ദേശക്കാർക്ക് മോചനം കിട്ടാൻ സഹായിച്ച ഇന്ദിരാഗാന്ധി അവർക്ക് പ്രിയങ്കരിയാണെന്ന് സംസാരത്തിൽ മനസ്സിലായി. ഇവിടെയുള്ള ഇന്ത്യക്കാർ ബഹുമാനിതരാകുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.
വിഭജന കാലത്ത് ഒരിക്കലും പാക്കിസ്ഥാൻ്റെ ഭാഗമാകേണ്ട പ്രദേശമല്ല കിഴക്കൻ ബംഗാൾ. ഇരു പ്രദേശങ്ങളിലേയും മതം ഒന്നാണെങ്കിലും ഭാഷയും സംസ്കാരവും വ്യത്യസ്തമാണ്. പാക്കിസ്ഥാനുമായി ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നേ ഇല്ല. ഇന്ത്യയും മ്യാൻമറുമാണ് അയൽ രാജ്യങ്ങൾ. ഡാക്കയിൽ നിന്ന് വെറും നാല് മണിക്കൂർ ബസ് യാത്ര നടത്തിയാൽ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ എത്താം. കൽക്കത്തയിൽ നിന്ന് ട്രെയിനിലും ബസ്സിലും ഡാക്കയിലെത്താനാകും. ടൗണിലെ തിരക്കൊഴിവാക്കാൻ ജലഗതാഗത സാദ്ധ്യതകൾ പരമാവധി പ്രയോജപ്പെടുത്തിയവരാണ് ബംഗ്ലാ ദേശക്കാർ. അറ്റം കാണാത്ത ഗാതാഗതക്കുരുക്കാണ് ഡാക്കയുടെ ശാപം. നഗര ഹൃദയത്തിൽ ചെറിയ ദൂരം സഞ്ചരിക്കാൻ മണിക്കൂറുകൾ വേണം. സ്ഥിര യാത്രികരുടെ നല്ലൊരുഭാഗം സമയം റോഡിൽ കരിഞ്ഞ് തീരും.
“ബംഗ്ലാ” എന്ന വാക്കിൻ്റെ അർത്ഥം “നമ്മുടെ” എന്നാണ്. “ദേശ്” എന്നാൽ രാജ്യമെന്നും. “നമ്മുടെ രാജ്യം” എന്ന അർത്ഥത്തിലാണ് “ബംഗ്ലാദേശ്” എന്ന് കിഴക്കൻ പാക്കിസ്ഥാന് പേരുവന്നത്. രക്തരൂക്ഷിതമായ രാഷ്ട്രീയ ചരിത്രമാണ് ബംഗ്ലാദേശിൻ്റേത്. അറുപത്തി ഒൻപതുകളിൽ പാക്കിസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ മുജീബ്റഹ്മാൻ്റെ നേതൃത്വത്തിലുള്ള പാർട്ടി കേവല ഭൂരിപക്ഷം നേടി. പടിഞ്ഞാറൻ പാക്കിസ്ഥാനിലെ വരേണ്യർ മുജീബിനെ അധികാരത്തിലേറാൻ അനുവദിച്ചില്ല. അതോടെ കിഴക്കൻ പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. മുജീബ് റഹ്മാൻ ഇന്ത്യയുടെ സഹായം തേടി.
ഇന്ദിരാഗാന്ധി കൈമെയ് മറന്ന് മുജീബിനെ സഹായിച്ചു. ബംഗ്ലാദേശ് പാക്കിസ്ഥാനിൽ നിന്ന് വിമോചിതമായി. മുജീബ് ബംഗ്ലാദേശിൽ ഭരണത്തിലേറി. താൻ വിശ്വസിച്ച പട്ടാളത്തിലെ ഒരു സംഘം മുജീബ് റഹ്മാൻ്റെ ആരാച്ചാരൻമാരായി. 1975 ആഗസ്റ്റ് 15 പുലരുംമുമ്പ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിലേക്ക് അവർ ഇരച്ചു കയറി. മുജീബ് റഹ്മാൻ, ഭാര്യ, മൂന്ന് മക്കൾ, രണ്ട് മരുമക്കൾ എന്നിവരുൾപ്പടെ 17 പേർ പട്ടാളത്തിൻ്റെ തോക്കിനിരയായി. പഠനാവശ്യാർത്ഥമോ മറ്റോ ജർമ്മനിയിലായിരുന്നതിനാൽ ഷെയ്ക്ക് ഹസീനയും സഹോദരിയും രക്ഷപ്പെട്ടു. ഈ അരുംകൊല നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന ശേഷിപ്പുകളെല്ലാം ഒന്നൊഴിയാതെ സംരക്ഷിച്ച് ബന്ധപ്പെട്ട മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മുജീബ് വെടിയേറ്റു വീണ വീടുതന്നെ സർക്കാർ മ്യൂസിയമാക്കിയിരിക്കുകയാണ്. ചുമരിലെ വെടിയുണ്ടയുടെ പാടുകളും തറയിലെ രക്തക്കറയുടെ അടയാളങ്ങളും ഗ്ലാസ്സിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വെടിയൊച്ചയുടെ ശബ്ദവും നിലവിളികളും കേട്ട് താഴേക്കിറങ്ങവെ ഏണിപ്പടിയിൽ വെച്ചാണ് മുജീബ് റഹ്മാനെ വെടിവെച്ച് കൊന്നത്. അദ്ദേഹത്തിൻ്റെ വെടിയേൽക്കുമ്പോഴുള്ള ഭാവമടക്കം അതേസ്ഥലത്ത് ചുമരിൽ രേഖാചിത്രം പോലെ വരച്ചുവെച്ചത് മനസ്സലിയിക്കും. ഒരുപക്ഷെ, മുജീബ് റഹ്മാൻ്റെ അവസ്ഥ അദ്ദേഹം ജീവിച്ച നൂറ്റാണ്ടിൽ മാറ്റൊരു രാഷ്ട്രത്തലവനും നേരിട്ടിട്ടുണ്ടാവില്ല. വാഷ് ബെയ്സിന് അടുത്ത് കൈ തുടക്കാൻ തൂക്കിയിരുന്ന ടവ്വൽ വരെ അവിടെത്തന്നെ പ്ലാസ്റ്റിക്ക് കവർ മൂടി സൂക്ഷിച്ചിട്ടുണ്ട്. ദുരന്തം നടക്കുമ്പോൾ അവിടെ എന്തെല്ലാമുണ്ടായിരുന്നോ അവയെല്ലാം പരിരക്ഷിച്ച് നിർത്തിയിട്ടുണ്ട്.
മ്യൂസിയം സന്ദർശിച്ച് മടങ്ങുമ്പോൾ വല്ലാത്തൊരു സഹതാപവും വൈകാരികതയും മുജീബ് റഹ്മാനോടും കുടുംബത്തോടും തോന്നും. എം.എക്ക് പഠിക്കുന്ന കാലം മുതൽക്കേ മുജീബ് റഹ്മാനും അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവും എൻ്റെ മനസ്സിൽ ഇടം നേടിയിരുന്നു. മ്യൂസിയത്തിൻ്റെ ഏറ്റവും മുകളിൽ മികച്ച ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. മുജീബും ഇന്ദിരയും ഒരുമിച്ച് വൻജനാവലിയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ പ്രത്യേകം ശ്രദ്ധിച്ചു. തിരിച്ചുപോരവെ സന്ദർശക പുസ്തകത്തിൽ ഇംഗ്ലീഷിൽ ഒരു കുറിപ്പെഴുതി. മനസ്സും കൈകളും വിറയാതെ നോക്കാൻ നന്നേ പ്രയാസപ്പെട്ടു. അതിൻ്റ സാരം ഇങ്ങിനെ വായിക്കാം: ”ഇവിടെ വരാനായത് അവിസ്മരണീയമാണ്. ബംഗബന്ധു മുജീബ് റഹ്മാൻ, ചരിത്രത്തിൽ എന്നും മായാതെ നിൽക്കും. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മരണമില്ല. മുജീബ് റഹ്മാൻ ബംഗ്ലാ ജനതക്കായി ജനിച്ചു. ബംഗ്ലാ ജനതക്കായി ജീവിച്ചു. അവർക്കായി അദ്ദേഹം പീഡനങ്ങൾ സഹിച്ചു. ബംഗ്ലാ ജനതക്കായി മുജീബ് പൊരുതി. അവരെ അകമഴിഞ്ഞ് സേവിച്ചു. ഇന്ത്യയുടെ ഉറ്റ സുഹൃത്തായി അദ്ദേഹം വർത്തിച്ചു. അവസാനം ബംഗ്ലാ ജനതക്കുവേണ്ടി മുജീബും കുടുംബവും ജീവതം ത്യജിച്ചു. മനുഷ്യനുള്ളെടത്തോളം ബംഗബന്ധുവിന്റെ വീരചരിതം കാലത്തെ അതിജയിച്ച് നിൽക്കും”.
മുജീബ് റഹ്മാൻ്റെ ദാരുണമായ കൊലയെ തുടർന്ന് പട്ടാളം ഭരണം പിടിച്ചു. പിന്നെ സിയാവുറഹ്മാൻ്റെ ഊഴമായിരുന്നു. അതും അധികം നീണ്ടില്ല. അദ്ദേഹവും കൊലചെയ്യപ്പെട്ടു. മുജീബ് റഹ്മാൻ്റെ മകൾ ഹസീനയും സിയാഉറഹ്മാൻ്റെ ഭാര്യ ഖാലിദ സിയയും മാറിമാറി ബംഗ്ലാദേശ് ഭരിച്ചു. കഴിഞ്ഞ 14 വർഷമായി മുജീബിൻ്റെ മകൾ ഷൈക്ക് ഹസീനയാണ് ബംഗ്ലാ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത്. രാഷ്ട്രീയ അട്ടിമറികളും ഭരണാധിപൻമാരുടെ ക്രൂര വധങ്ങളും ബംഗ്ലാദേശിനെ തളർത്തി. വികസന പ്രവർത്തനങ്ങൾക്ക് ഇടവേളകൾ നൽകി. ഭരണ രംഗത്തെ അസ്ഥിരത കിഴക്കൻ ബംഗാളിനെ പിന്നോട്ടടിപ്പിച്ചു.
സമീപകാലത്ത് പ്രകടമായ ഭരണ സ്ഥിരത പുരോഗതിയുടെ പുത്തൻ വാതിലുകളാണ് ബംഗ്ലാദേശിനു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
ക്ഷീണം മാറ്റി ഡാക്ക മുന്നോട്ട് കുതിക്കുന്ന കാഴ്ചകളാണ് ചുറ്റുവട്ടം മുഴുവൻ. വിശാലമായ ദേശീയ പാതകളും മെട്രോയും റെയിൽവെയും ജലഗതാഗതവും പുരോഗതിയുടെ ദിശാസൂചികകളായി നിൽക്കുന്നു. പതിനെട്ട് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന രാജ്യത്ത് ഏതാണ്ട് രണ്ട് കോടിയോളം ആളുകൾ വിദേശത്ത് ജോലി ചെയ്യുന്നു. അവർ നേടിക്കൊടുക്കുന്ന വിദേശനാണ്യം സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിൽ ബംഗ്ലാദേശിന് കരുത്തായിട്ടുണ്ടാകും.
പ്രശ്നസങ്കീർണതകളിൽ ഉലയാതെ മുന്നോട്ടു പോയ രാജ്യം ഗാർമെൻസ് വ്യവസായ രംഗത്ത് ലോകത്ത് തന്നെ മുൻപന്തിയിൽ നിൽക്കുന്നു. പച്ചക്കറികളും പഴങ്ങളും യഥേഷ്ടം ഡാക്കയിൽ നിന്ന് കയറ്റി അയക്കുന്നു. മുന്നൂറോളം മലയാളികൾ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളായും സ്വന്തം സ്ഥാപനങ്ങൾ നടത്തുന്നവരായും ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് ലോകകേരള സഭാംഗം അഭിലാഷ് പറഞ്ഞത്. സാങ്കേതിക വിദഗ്ദർക്കും മാനേജീരിയൽ വൈഭവമുള്ളവർക്കും ബിസിനസ്സുകാർക്കും ബംഗ്ലാദേശ് നല്ല ഇടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അഞ്ച് ആഭ്യന്തര എയർപോർട്ടുകളും രണ്ട് പ്രമുഖ തുറമുഖങ്ങളും ബംഗ്ലാദേശിലുണ്ട്. പതിനാറ് കോടിയിലധികം വരും ഇവിടുത്തെ ജനസംഖ്യ. മതാടിസ്ഥാനത്തിലെടുത്താൽ 90 ശതമാനം മുസ്ലിങ്ങളാണ്. 8 ശതമാനം ഹൈന്ദവരും (ഏകദേശം ഒന്നേകാൽ കോടി). ബുദ്ധരും ക്രൈസ്തവരും മറ്റുള്ളവരും കൂടി 2 ശതമാനം.
ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അകൽച്ചയോ പരസ്പര വിദ്വേഷമോ ഇല്ല. ഇരുപത് വർഷമായി ഡാക്കയിലുള്ള അഭിലാഷ് കരിച്ചേരിയും സെബാസ്റ്റ്യൻ നെല്ലിശേരിയും അതിന് അടിവരയിട്ടു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും മതത്തിൻ്റെ പേരിൽ തങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഇരുവരും ഡാക്ക മലയാളി അസോസിയേഷൻ്റെ ഭാരവാഹികളാണ്.
ബംഗ്ലാദേശിലെ ദേശീയ ക്ഷേത്രമായ ഡാക്കേശ്വരി മന്ദിറും ദേശീയ മസ്ജിദായ ബൈതുൽ മുഖറമും സന്ദർശിച്ചു. ഡാക്കയുടെ ദേവതയാണ് ഡാക്കേശ്വരി. ദേശീയ ക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന ദുർഗ്ഗാപൂജ ബംഗ്ലാ സർക്കാരിൻ്റെ മേൽനോട്ടത്തിലാണ് കൊണ്ടാടപ്പെടുന്നത്. ആവശ്യമായി വരുന്ന പണം മുഴുവൻ സർക്കാർ നൽകുന്നു. മന്ദിറിൽ ജോലി ചെയ്യുന്നവർക്കുള്ള ശമ്പളം കൊടുക്കുന്നതും സർക്കാർ ഖജനാവിൽ നിന്നാണ്. ക്ഷേത്ര ഭാരവാഹികളാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ സേനാ രാജവംശത്തിലെ ബല്ലാത്സനാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിർമ്മിച്ചത്. പൂജയോടനുബന്ധിച്ച് പത്ത് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരളത്തിലെ ക്രിസ്മസ് അവധി പോലെ. പൂജാദിനം ദേശീയ അവധിയും. ഷെയ്ക്ക് ഹസീനയുടെ മന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്കുള്ള ഭക്ഷ്യവകുപ്പ് മന്ത്രിയാണ് സധൻചന്ദ്ര മജുംദാർ. സ്വപൻ ബട്ടാചാർജി തദ്ദേശ വകുപ്പിൻ്റെ സഹമന്ത്രിയായും പ്രവർത്തിക്കുന്നു. ബുദ്ധമതക്കാരനായ ബിർ ബഹദൂർ ഉഷ്യേ സിംഗ് മലയോര വികസന വകുപ്പ് സഹ മന്ത്രിയായും മന്ത്രിസഭയിലുണ്ട്. ഷേയ്ക്ക് ഹസീനയും അവരുടെ സർക്കാരും എല്ലാവരെയും ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്. അകറ്റി നിർത്താനല്ല.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടിയിലധികം വരും. മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനം. ദൗർഭാഗ്യവശാൽ അവരെ പ്രതിനിധീകരിച്ച് ഒരു എം.പിയോ മന്ത്രിയോ ബി.ജെ.പി സർക്കാരിലില്ല. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ആദ്യ അനുഭവം. നേരത്തെ ഉണ്ടായിരുന്ന മന്ത്രിക്ക് ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും മാത്രമാണ് നൽകിയത്. മുക്താർ നഖ് വിയുടെ രാജ്യസഭാ കാലാവധി തീർന്നപ്പോൾ മറ്റൊരാളെ ബി.ജെ.പി രാജ്യസഭയിൽ എത്തിച്ചില്ല. അതോടെ നാമമാത്ര മുസ്ലിം പ്രാതിനിധ്യവും ഇല്ലാതായി. ഒരു പൊതു വകുപ്പ് ഒന്നാം മോദി സർക്കാരിലും രണ്ടാം മോദി സർക്കാരിലും പ്രബല ന്യൂനപക്ഷ വിഭാഗത്തിലെ ഒരാൾക്ക് കൊടുക്കാൻ ഭരണക്കാർ സൻമനസ്സ് കാണിച്ചില്ല. ഒരു ജനവിഭാഗത്തെ അധികാരികൾ അവിശ്വാസിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കാൻ ഇതിടയാക്കിയാൽ അൽഭുതപ്പെടാനില്ല. അധികാര പങ്കാളിത്തം ജനാധിപത്യത്തിൽ മർമ്മ പ്രധാനമാണ്. അത് ആർക്കെങ്കിലും നിഷേധിക്കുന്നതിനെക്കാൾ വലിയ അന്യായം മറ്റൊന്നില്ല.
ഭാഷാ വികാരത്തിൻ്റെ കാര്യത്തിൽ തമിഴരെപ്പോലെയാണ് ബംഗ്ലാദേശുകാർ. അതവർക്ക് കേവലമൊരു വികാരമല്ല അതിരുകടന്ന ആവേശമാണ്. സത്യത്തിൽ ബംഗാളി ഭാഷ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ് ആത്യന്തികമായി ബംഗ രാഷ്ട്രത്തിൻ്റെ പിറവിയിലേക്ക് നയിച്ചത്. ഡാക്കയിലെ ഭാഷാ പ്രക്ഷോഭ സ്മാരക ഓപ്പൺ ഓഡിറ്റോറിയം അതിൻ്റെ കഥ പറയും. ഏഴു സമരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു കവാടങ്ങൾ പോലുള്ള സ്തൂപങ്ങൾ അവിടെ കാണാം. സന്ദർശകർ ചെരുപ്പുകൾ അഴിച്ചുവെച്ചാണ് സ്തൂപ സ്ഥലത്ത് കയറുന്നത്. ബംഗാളി ഭാഷയോട് ബംഗ്ലാദേശുകാർക്കുളള വൈകാരികതക്ക് ഇതിലും വലിയ തെളിവുകൾ തേടേണ്ട കാര്യമില്ല.
വടക്കൻ പാക്കിസ്ഥാനിലെ ഭരണകൂടം കിഴക്കൻ പാക്കിസ്ഥാനിലെ അഥവാ ബംഗ്ലാദേശിലെ ജനങ്ങളുടെ മേൽ ഉർദു അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അവർ സടകുടഞ്ഞെണീറ്റത്. ഡാക്കക്ക് പല നഗരങ്ങളെയും പോലെ രണ്ട് മുഖങ്ങളുണ്ട്. പുതിയ ഡാക്ക ഒരു മിനി ന്യൂഡൽഹിയാണ്. പഴയ ഡാക്ക ഒരു മിനി കൽക്കത്തയും. ലോകത്തിലെ സൈക്കിൾ റിക്ഷകളുടെ തലസ്ഥാനം എന്നും ഡാക്ക വിളിക്കപ്പെടുന്നു. പ്രധാന രാജവീഥികളിലൊഴികെ മറ്റെല്ലായിടത്തും സൈക്കിൾ റിക്ഷക്കാരെക്കാണാം. ചെറിയ വൈദ്യുത മോട്ടോർ ഉപയോഗിച്ച് ഓടുന്ന സൈക്കിൾ റിക്ഷകളും കുറവല്ല. ഇരുനഗരങ്ങളിലും ഭിക്ഷാടനം നടത്തുന്ന ഒട്ടേറെപ്പേരെ കാണാനായി. കൽക്കത്തയിലെപ്പോലെ മനുഷ്യർ വലിക്കുന്ന റിക്ഷകൾ ഡാക്കയിലെവിടെയും കണ്ടില്ല. അതിന് ബംഗ്ലാദേശിൽ നിരോധനമുള്ളതായി മനസ്സിലായി. കൽക്കത്ത മുറിച്ചു വെച്ച പോലെ തോന്നും പഴയ ഡാക്കയിലൂടെ സഞ്ചരിച്ചാൽ. സൈൻ ബോർഡുകൾ എടുത്ത് മാറ്റി ഒരാളെ കൽക്കത്തയിലും ഓൾഡ് ഡാക്കയിലും കൊണ്ടുപോയി നിർത്തിയാൽ ഡാക്കയിലോ കൽക്കത്തയിലോ എന്ന് തിട്ടപ്പെടുത്തി പറയാൻ കഴിയില്ലെന്ന അസ്ഗർ അലി എഞ്ചിനീയറുടെ നിരീക്ഷണം എത്ര അർത്ഥവത്താണ്.
ഗംഗ ഹിമാലയത്തിൽ നിന്നൊഴുകിത്തുടങ്ങി ബംഗ്ലാദേശിലെത്തുമ്പോൾ പത്മയായി മാറുന്നു. പശ്ചിമ ബംഗാളിൽ നിന്നാരംഭിക്കുന്ന ടീസ്ത നദി ബംഗ്ലാദേശിൻ്റെ മാറിടം തഴുകിയാണ് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. ബ്രഹ്‌മപുത്ര കുടിനീർ ചുരത്തി കടന്ന് പോകുന്നതും ബംഗ്ലാ മണ്ണിലൂടെയാണ്. 6.8 കിലോമീറ്റർ ദൂരത്തിൽ പത്മ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ബ്രിഡ്ജ് പത്മ പാലം എന്നാണ് അറിയപ്പെടുന്നത്. അതിന് “പാത്തുമ്മ” പാലം എന്ന് നാമകരണം ചെയ്ത് വികൃതമാക്കിയാലത്തെ സ്ഥിതി എന്താകും? പഴമയും പാരമ്പര്യവും നില നിർത്താൻ ബംഗ്ലാ ദേശക്കാർ ബദ്ധശ്രദ്ധരാണ്. അവർ നാരായൺ ഗഞ്ചിൻ്റെ പേരുമാറ്റാൻ തുനിഞ്ഞിട്ടേയില്ല. ഗോപാൽ ഗഞ്ച് ഇന്നും അതേ പേരിൽ തുടരുന്നു. ഷിദ്ദിത് ഗഞ്ചും തഥൈവ.
എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതിയോ? മുഗൾ ഓർമ്മകളെ മായ്ച്ചു കളയാൻ അലഹബാദിനെ പ്രയാഗ് രാജാക്കിയതും ഫൈസാബാദിനെ അയോദ്ധ്യയാക്കിയതും മുഗൾസറായ് റെയിൽവെ സ്റ്റേഷൻ്റെ പേര് ദീൻദയാൽ ഉപാദ്ധ്യായ റെയിൽവെ സ്റ്റേഷനെന്നാക്കി മാറ്റിയതും സമീപകാലത്താണല്ലോ. തുടർഭരണം കിട്ടിയ യോഗി ആദിത്യനാഥ് സ്ഥലനാമങ്ങൾ വക്രീകരിക്കാൻ ഒരു വലിയ പട്ടിക തന്നെ തയ്യാറാക്കിയതായാണ് വാർത്തകൾ. അധികം വൈകാതെ സുൽത്താൻപൂർ ഖുഷ്ഭവൻപൂരും, മിർസാപ്പൂർ വിൻദ്യാധമും, അലിഗർ ഹരിഗറും, ആഗ്ര അഗർവനും, മൈൻപുരി മയാൻ നഗറും, മുസഫർ നഗർ ലക്ഷ്മി നഗറും, ഫിറോസാബാദ് ചന്ദ്രനഗറുമൊക്കെയായി കോലം മാറുമെന്നാണ് റിപ്പോർട്ടുകൾ. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കണ്ടറിയണം.
25 വർഷമായി ഡാക്കയിലുള്ള ഷൈജു ശേഖരൻ കാണാൻ താൽപര്യം പ്രകടിപ്പിച്ച കാര്യം യാത്രക്കിടെ അഭിലാഷ് സൂചിപ്പിച്ചു. തൃശൂർക്കാരനായ അദ്ദേഹം തൻ്റെ ഫ്ലാറ്റിൽ കാത്തിരിപ്പുണ്ടെന്നും പറഞ്ഞു. കാണാനും പരിചയപ്പെടാനും എനിക്കും താൽപര്യം തോന്നി. ഡാക്കയിൽ ജോലിക്കാരനായി വന്ന് ഇപ്പോൾ വലിയൊരു ഗാർമെൻസ് കമ്പനി നടത്തുന്നയാളാണ് ഷൈജു ശേഖരൻ. തൃശൂർ കേരള വർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥി. അമ്മാമൻ വഴിയാണ് ഡാക്കയിലെത്തിയത്. ബംഗ്ലാദേശിലാണ് ജോലി എന്നറിഞ്ഞ് വിവാഹാലോചനകൾ പോലും മുടങ്ങിയത് അദ്ദേഹം ചിരിച്ച് കൊണ്ട് ഓർത്തു. പത്ത് വർഷം ഒറ്റക്കും 15 വർഷം കുടുംബ സമേതവും ഡാക്കയിലാണ് താമസം. നേടിയ സമ്പാദ്യം മുഴുവൻ ബംഗ്ലാ മണ്ണിൽ നിന്നാണെന്ന് ഷൈജു അഭിമാനത്തോടെ സമ്മതിച്ചു.
അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് ഉടമ റുഖൈബ ദസ്തകിർ ലണ്ടനിലാണ് സ്ഥിരവാസം. ഇത്തവണ ഉംറ കഴിഞ്ഞ് നേരെ വന്നിരിക്കുന്നത് ഷൈജു ശേഖറിൻ്റെ വീട്ടിലേക്കാണ്. അവർക്കായി ഷൈജു ഒരു റൂം എപ്പോഴും ഒഴിച്ചിടുമെത്രെ. ഏതുസമയത്ത് ഡാക്കയിൽ എത്തിയാലും താമസിക്കാൻ. റുഖൈബക്ക് പ്രായം എഴുപത്തിയാറായി. ഷൈജു ശേഖറിന് അവർ അമ്മയെപ്പോലെയല്ല അമ്മ തന്നെയാണ്. റുഖൈബയുടെ ഭർത്താവ് ദസ്തകിർ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. ഏതാനും വർഷം മുമ്പ് മരിച്ചു. രാഷ്ട്രീയ അനിശ്ചിതത്വം കാരണം റുഖൈബ ലണ്ടനിൽ വീട് വാങ്ങി. അങ്ങോട്ട് താമസം മാറ്റി. ഇടക്കിടെ ഡാക്കയിൽ വരും. മക്കളെയും ബന്ധുക്കളെയും സന്ദർശിച്ച് രാത്രിയാകുമ്പോഴേക്ക് ഷൈജു ശേഖറിൻ്റെ കുടുംബത്തോടൊപ്പം ചേരും. ഷൈജുവിനെയും ഭാര്യയെയും അത്രക്കിഷ്ടമാണ് റുഖൈബ ദസ്തകിറിന്. തൻ്റെ ആരാധനാ കർമ്മങ്ങളെല്ലാം അവർ ഭംഗം വരാതെ നിർവഹിക്കുന്നത് ശേഖറിൻ്റെ ഫ്ലാറ്റിൽ വെച്ചാണ്. റംസാൻ കാലത്താണ് വരുന്നതെങ്കിൽ വൃതമുൾപ്പടെ. അതിനെല്ലാമുള്ള സൗകര്യം ഷൈജുവും കുടുംബവും ഒരുക്കും.
ഇപ്രാവശ്യം അവരെത്തിയത് മദീനയിൽ നിന്ന് രണ്ട് ജോഡി “കഫൻപുടവ” (മരണാനന്തരം അണിയിക്കാനുള്ള വസ്ത്രം) വാങ്ങിയാണത്രെ. ഒരു ജോഡി ഷൈജുവിനെ ഏൽപ്പിച്ചു. ഡാക്കയിൽ വെച്ചാണ് മരണമെങ്കിൽ ഉപയോഗിക്കാൻ. മറ്റൊരു ജോഡി ലണ്ടനിലേക്ക് കൊണ്ടുപോകാൻ എടുത്തുവെച്ചു. വൈകുന്നേരം അവരുടെ ഭർത്താവിനെയും മാതാപിതാക്കളെയും മറമാടിയ ഖബർസ്ഥാനിൽ പോകാൻ റുഖൈബ ആഗ്രഹം പ്രകടിപ്പിച്ചത് ഷൈജു പങ്കുവെച്ചു. അവരുടെ ഉമ്മ അമീന ഷൈജുവുമായി നല്ല ബന്ധമായിരുന്നു. അവരുടെ ഖബറിടം സന്ദർശിക്കാൻ മൂന്നുമാസത്തിലൊരിക്കൽ പൗരപ്രമുഖർക്കായി ഒരുക്കിയ ഖബർസ്ഥാനിൽ ഷൈജു എത്തും. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിൽ ശരിക്കും ഞാൻ ആശ്ചര്യപ്പെട്ടു. ഷൈജുവിൻ്റെ വിശാല മനസ്കതക്കു മുമ്പിൽ മനസ്സ് കൊണ്ട് നമിച്ചു.
തലേ ദിവസം രാത്രി സൈക്കിൾ റിക്ഷയിൽ നഗരം ചുറ്റിക്കറങ്ങി. അതിനിടയിൽ പ്രകാശപൂരിതമായ ഏക്കർ കണക്കിൽ വിസ്തൃതിയുള്ള സുന്ദരമായ ഒരു പൂന്തോട്ടം നഗരമദ്ധ്യത്തിൽ കാണാനിടയായി. അതെന്താണെന്ന് അന്വേഷിച്ചപ്പോൾ ഡാക്കയിലെ അറിയപ്പെടുന്ന “ബനാനി” ഖബർസ്ഥാനാണ്. സമയം രാത്രി ഒൻപത് മണി. ശവപ്പറമ്പുകളുടെ അരികിലൂടെപ്പോലും പോകാൻ ആളുകൾ ഭയപ്പെടുന്ന നേരം. റിക്ഷയിൽനിന്ന് ധൃതിയിൽ ഇറങ്ങിച്ചെന്നപ്പോൾ ഗേറ്റുകൾ തുറന്നിട്ടിരിക്കുന്നു. ഓഫീസാണെന്ന് കരുതിയ കെട്ടിടം പള്ളിയാണ്. ആളുകൾ അവിടെ പ്രാർത്ഥിക്കുന്നുണ്ട്.
ഞങ്ങൾ നേരെ ഖബർസ്ഥാനിലേക്ക് നടന്നു. ജീവിതത്തിൽ ഇന്നുവരെ ഇത്ര മനോഹരമായ ശ്മശാനം കണ്ടിട്ടില്ല. കുഴിമാടങ്ങൾക്കിടയിലൂടെ ടൈൽ പതിച്ച നടവഴികൾ. ഓരോ നടപ്പാതകളിലും സ്ട്രീറ്റ് ലൈറ്റുകൾ പോലെ നോക്കെത്താ ദൂരത്തോളം വിളക്കു കാലുകൾ. ഒരൊറ്റ ലൈറ്റ് പോലും കത്താത്തതായില്ല. സുഗന്ധം പരത്തുന്ന കാറ്റ് ഞങ്ങളെ തഴുകി കടന്ന് പോയി. വിവിധ നടവഴികളിലൂടെ കുറേ നടന്നു. പച്ചപ്പുല്ല് വിരിച്ച പരവതാനിയും വിവിധ നിറങ്ങളിലുള്ള പൂക്കളും ചെടികളും വെളിച്ചം തട്ടി മിന്നിത്തിളങ്ങുന്നുണ്ട്.
പരിചയമില്ലാത്ത ഒരു നാട്ടിലെ ഖബർസ്ഥാനിൽ രാത്രി ആരുമില്ലാത്ത നേരത്ത് സ്വൈരവിഹാരം നടത്തുന്നത് ആർക്കെങ്കിലും ചിന്തിക്കാനാകുമോ? എല്ലാ കുഴിമാടങ്ങളും മാർബിൾ ഉപയോഗിച്ച് ഒന്നൊന്നര അടി കെട്ടി ഉയർത്തിയിരിക്കുന്നു. മറവ് ചെയ്യപ്പെട്ടവരുടെ പേരുകൾ കുഴിമാടങ്ങളോട് ചേർന്ന് വെണ്ണക്കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. അവിടെയെത്തുന്ന ഒരാളും മരണത്തെ ഭയപ്പെടില്ല. ഒരുവേള മരണം കൊതിച്ചാലും അൽഭുതപ്പെടാനില്ല. ശ്മശാന നടത്തിപ്പുകാർക്ക് മുടങ്ങാതെ വരിസംഖ്യ കൊടുക്കുന്ന ആർക്കും അവിടെ അന്ത്യനിദ്ര പ്രാപിക്കാം. സമ്പന്നർക്കേ അത്രയും സംഖ്യ മുടങ്ങാതെ നൽകാനാകൂ. എത്ര വൃത്തിയിലും ഭംഗിയിലുമാണ് ശ്മശാനം പരിപാലിക്കുന്നതെന്ന് വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല. ഷൈജു സൂചിപ്പിച്ച ഖസർസ്ഥാനും അതുതന്നെയായിരുന്നു.
ഖബർസ്ഥാനുകളെല്ലാം പൂന്തോട്ടങ്ങളാക്കണം. പള്ളിപ്പറമ്പുകൾ രാത്രി കാലങ്ങളിൽ വെളിച്ചത്തിൽ വിളങ്ങി നിൽക്കണം. പള്ളികളോട് ചേർന്ന ശ്മശാനങ്ങളിലെ പൊന്തക്കാടുകൾ വെട്ടിത്തെളിയിച്ച് കണ്ണിന് കുളിരേകുന്ന പൂക്കൾ വിടരുന്ന ചെടികൾ നിറക്കണം. ശരിയാംവിധം അവ പരിപാലിക്കണം. മരണഭയം ഇല്ലാതാക്കാൻ അതുപകരിക്കും. ഒരിക്കലും മടങ്ങിവരാതെ മണ്ണിനടിയിൽ ഉറങ്ങുന്ന ഉറ്റവർക്ക് ശാന്തി കിട്ടാനും അത് നല്ലതാണ്. കുഴിമാടങ്ങൾ മാർബിളിട്ട് ഉയർത്തുന്നതിനോട് യോജിപ്പില്ല. ഓരോ മൂടുകല്ലിനോട് ചേർന്നും പൂക്കളുള്ള ചെടികൾ വെക്കണം. അതിനിടയിൽ പച്ചപ്പുല്ലുകൾ വിരിക്കണം. സമയാസമയങ്ങളിൽ ചെടികൾ വെട്ടി ഒപ്പമാക്കി നിർത്തണം. ഇതിനെല്ലാമുള്ള പണം സ്വരൂപിക്കാൻ വരിസംഖ്യ ഉയർത്തണം. നമ്മുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പുഷ്കലമായി നിൽക്കാൻ കുറച്ച് പണം ചെലവിടുന്നത് ആരും നഷ്ടമായി കാണില്ല. അവരുടെ സമ്പാദ്യമാണല്ലോ നമ്മുടെ സമൃദ്ധിയുടെ ആധാരം.
ഡാക്കാ യൂണിവേഴ്സിറ്റിയിൽ പോകണമെന്ന് യാത്ര ഉദ്ദേശിച്ചപ്പോൾ തന്നെ തീരുമാനിച്ചതാണ്. ഇന്ത്യയുടെ ദേശീയ ചരിത്രകാരൻ ആർ.സി മജുംദാർ 1937 മുൽ 42 വരെ വൈസ് ചാൻസലറായ സർവകലാശാലയാണത്. അവിഭക്ത ഇന്ത്യയയുടെ അഭിമാനമായ യൂണിവേഴ്സിറ്റി 258 ഏക്കറിൽ 1921 ലാണ് സ്ഥാപിതമായത്. ലോർഡ് കേഴ്സണും നവാബ് സലീമുള്ളയുമാണ് അതിന് മുൻകയ്യെടുത്തത്. ക്യാമ്പസിലെത്തി കുറച്ച് നടന്നപ്പോൾ ഒരു വിദ്യാർത്ഥി പ്രകടനം കണ്ണിൽ പെട്ടു. അവാമി ലീഗിൻ്റെ വിദ്യാർത്ഥി സംഘടയുടെ ജാഥയാണതെന്ന് മുദ്രാവാക്യങ്ങൾ വ്യക്തമാക്കി. ഞങ്ങൾ അതിനെ പിന്തുടർന്നു. കേൻ്റീനിലാണ് പ്രകടനം അവസാനിച്ചത്.
കൂട്ടത്തിൽ നേതാവെന്ന് തോന്നിക്കുന്ന വിദ്യാർത്ഥിക്ക് ഹസ്തദാനം നൽകി. സ്വയം പരിചയപ്പെടുത്തി.
വളച്ചുകെട്ടാതെ ആവശ്യം ഉണർത്തി. ഉടനെത്തന്നെ കൂട്ടത്തിൽ നിന്നുള്ള ഒരു ഹിസ്റ്ററി വിദ്യാർത്ഥിയെ ഞങ്ങളെ സഹായിക്കാൻ വിട്ട് തന്നു. പേര്, ഷഹീൻ. വടക്കൻ ബംഗ്ലാദേശിലാണ് വീട്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. പിതാവ് സർക്കാർ സർവീസിൽ ക്ലാസ്സ് ത്രി ജീവനക്കാരൻ. പഠിക്കാൻ മിടുക്കൻ. ചരിത്രം നന്നായറിയാം. പൂജാ അവധി കഴിഞ്ഞ് ക്യാമ്പസ് സാധാരണ നിലയിലാകാൻ ഇനിയും മൂന്ന് ദിവസമെടുക്കുമെന്ന് ഷഹീൻ സംസാരത്തിനിടെ പറഞ്ഞു. ഡിപ്പാർട്ട്മെൻറുകളെല്ലാം അടവാണ്. ആവശ്യക്കാരുടെ വിളിയും പ്രതീക്ഷിച്ച് സൈക്കിൾ റിക്ഷ ക്യാമ്പസിൽ സുലഭമായി നിൽപ്പുണ്ട്. നടക്കാനുള്ള മടി കാരണം യൂണിവേഴ്സിറ്റി ചുറ്റിക്കാണാൻ സൈക്കിൾ റിക്ഷ വിളിച്ചു. ഏതാണ്ടെല്ലാ സ്ഥലങ്ങളും ചുറ്റിക്കണ്ടു.
ബംഗ്ലാദേശിലെ ജെ.എൻ.യുവാണ് ഡാക്ക യൂണിവേഴ്‌സിറ്റി. ഓരോ വർഷവും വിവിധ പഠന വിഭാഗങ്ങളിലെ ഏഴായിരത്തോളം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കും. രണ്ടരലക്ഷത്തിലധികം അപേക്ഷകൾ വരും. അതിൽ ഏറ്റവും മാർക്കുള്ള ഏഴായിരം വിദ്യാർത്ഥികൾക്കാണ് പ്രവേശനം. മഹാഭൂരിഭാഗം കുട്ടികളും ഹോസ്റ്റലിലാണ് താമസം. യൂണിവേഴ്സിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന കേഴ്സൺ ഹാൾ സർവകലാശാലയുടെ ഗാംഭീര്യം വിളിച്ചോതും. രണ്ടായിരത്തിലധികം കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള വിശാലമായ ഹാൾ. ഞങ്ങൾ ചെന്ന സമയത്ത് അവിടെ പരീക്ഷ നടക്കുകയാണ്. മുൻ വൈസ് ചാൻസലർ ആർ.സി മജുംദാറിൻ്റെ പേരിൽ നിർമ്മിച്ച ഓഡിറ്റോറിയവും സന്ദർശിച്ചു.
ക്യാമ്പസിൽ മസ്ജിദും ക്ഷേത്രവും ഭീമാകാരൻ ബുദ്ധ വിഗ്രഹവും ഗുരുദ്വാരയും ശിരസ്സുയർത്തി നിൽക്കുന്നു. നാനാജാതി മതസ്ഥരും ക്യാമ്പസിൽ പഠിക്കുന്നുണ്ട്. എന്നെ ശരിക്കും വിസ്മയിപ്പിച്ചത് ക്യാമ്പസിലെ വെണ്ണക്കല്ലിൽ പത്തിരുപത് അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സ്വാമി വിവേകാനന്ദൻ്റെ പ്രതിമയാണ്. പഴമയാർന്ന ആ പ്രതിമ ബംഗ്ലാദേശിൻ്റെയും ഡാക്കാ സർവകലാശാലയുടെയും മതനിരപേക്ഷ മനസ്സിൻ്റെ ബഹിർ സ്ഫുരണമാണ്. മതവിശ്വാസിയായ മതനിരപേക്ഷ സന്യാസിയായിരുന്നല്ലോ സ്വാമി വിവേകാനന്ദൻ. അദ്ദേഹം ചിക്കാഗോയിലെ ലോക മത സമ്മേളനത്തിൽ നടത്തിയ പ്രസംഗം സദസ്സിനെ പിടിച്ച് കുലുക്കിയത് ഭാരതത്തിൻ്റെ അഭിമാന ചരിത്രം. ഇന്ത്യയിലെ എണ്ണം പറഞ്ഞ സർവകലാശാലകളിൽ പോലും ഇത്തരമൊരു വിവേകാനന്ദ പ്രതിമ കാണുമോ എന്ന് സംശയം.
കമ്യൂണിസ്റ്റ് അനുഭാവിയായ അഭിലാഷ് ഏർപ്പാടാക്കിയ ഇടതനുകൂല വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനും ക്യാമ്പസ് ചുറ്റിക്കറങ്ങലിനിടയിൽ ഞങ്ങളോടൊപ്പം ചേർന്നു. പേര്, ആൻ്റോബ ചക്മ. ചിറ്റഗോങ്ങിലെ ഗോത്രവർഗ്ഗക്കാരനാണ്. ജാപ്പനീസ് ഭാഷാ വിദ്യാർത്ഥി. സഹോദരൻ ഡാക്കയിലെ ഒരു സാങ്കേതിക സ്ഥാപനത്തിൽ പഠിക്കുന്നു. അച്ഛന് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. പഠനം കഴിഞ്ഞ് ചക്മക്ക് ജപ്പാനിൽ പോകണം. ഷഹീന് താൽപര്യം സിവിൽ സർവീസ് ഉദ്യോഗസ്ഥനാകാനാണ്. ക്യാമ്പസിൽ കണ്ടുമുട്ടിയ ചില വിദ്യാർത്ഥികളുമായും ആശയവിനിമയം നടത്തി.
അവരിൽ പലർക്കും കേരളം അറിയാം. എങ്ങിനെ എന്ന് ചോദിച്ചപ്പോൾ സിനിമകളിലൂടെ എന്നായിരുന്നു മറുപടി. അതെന്നിൽ കൗതുകമുണർത്തി. ദുൽഖർ സൽമാനാണ് അവരുടെ ഇഷ്ട നടൻ. ഫഹദ് ഫാസിലിനും ആരാധകർ ധാരാളം. ചാർളിയും ബാഗ്ലൂർ ഡെയ്സും സീതാരാമനുമെല്ലാം പലരും കണ്ടതായി പറഞ്ഞു.
ഇതിവൃത്തത്തിലും അവതരണത്തിലും അഭിനയത്തിലും മികച്ചതായത് കൊണ്ടാണ് ബംഗ്ലാദേശുകാർ മലയാള സിനിമകളെ ഇഷ്ടപ്പെടുന്നതെത്രെ. ഇംഗ്ലീഷ് മാസ്റ്റേഴ്സ് വിദ്യർത്ഥി ജോയാണ് അക്കാര്യം തുറന്ന് സമ്മതിച്ചത്. മോഹൻലാലിൻ്റെ “ദൃശ്യം” സിനിമയെക്കുറിച്ച് ഷഹീൻ വാചാലനായി. ചരിത്രത്തിൽ മാത്രമല്ല സിനിമ, കല, സംസ്കാരം, കായികം ഇതിലൊക്കെ ഷഹീൻ തൽപ്പരനാണ്. അവനൊരു സിവിൽ സർവെൻ്റൊകുമെന്നതിൽ സംശയമില്ല. ശശി തരൂരിൻ്റെ പ്രസംഗം കേട്ട് ആസ്വദിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. തരൂരിൻ്റെ ഇംഗ്ലീഷ് ഭാഷാ വൈഭവത്തിൽ അവർ വലിയ മതിപ്പ് പ്രകടിപ്പിച്ചു.
ക്യാമ്പസിനോട് ചേർന്ന് കിടക്കുന്ന സുഹർവർദി ഉദ്യോനത്തിലേക്കും കുട്ടിനേതാക്കൾ ഞങ്ങളെ കൊണ്ടുപോയി. ബംഗ്ലാദേശിൻ്റെ രാഷ്ട്രപിതാവായ ഷെയ്ക്ക് മുജീബ് റഹ്മാൻ, പാക്ക് മേൽക്കോയ്മ പിഴുതെറിഞ്ഞ് ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യം ജനലക്ഷങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ച മൈതാനം. അതിന്റെ വലിയൊരു സ്മാരകവും അവിടെയുണ്ട്. ഡാക്കാ വിമാനത്താവളത്തിൽ വിമാനമിറങ്ങി വരുമ്പോൾ ആദ്യം കാണുന്നത് മുജീബ് റഹ്മാൻ്റെ സ്വാതന്ത്യ പ്രഖ്യാപന പ്രസംഗത്തിൻ്റെ വീഡിയോ ക്ലിപ്പിംഗാണ്. കാർ യാത്രക്കിടെ നഗരത്തിൻ്റെ പല സ്ഥലങ്ങളിലും ഇതേ കാഴ്ച ആവർത്തിച്ചു. തൻ്റെ പിതാവിൻ്റെയും കുടുംബത്തിൻ്റെയും ജീവത്യാഗത്തിൻ്റെ കനൽ ജനമനസ്സുകളിൽ അണയാതെ നോക്കാൻ ഷെയ്ക്ക് ഹസീന നന്നായി നോക്കുന്നുണ്ട്. നന്ദിയുള്ള ഒരു ജനത അത് മറക്കുമെന്ന് തോന്നുന്നില്ല.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശിൻ്റെ പ്രസിഡണ്ട് മുജാഹിദുൽ ഇസ്ലാം സലീമിനെ ഡാക്കാ പാർട്ടി ഓഫീസിലെത്തി കാണാനും അവസരമുണ്ടായി. ദീർഘ നേരം സംസാരിച്ചു. മൂന്നുതവണ ഇന്ത്യയിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ വന്നത് അദ്ദേഹം അനുസ്മരിച്ചു. സമൂഹത്തിൻ്റെ താഴേതട്ടിലുള്ളവരുടെ ജീവൽ പ്രശ്നങ്ങൾ അപരിഹാര്യമായി തുടരുന്നതിലുള്ള രോഷവും ദു:ഖവും അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിഴലിച്ചു. ഒരു വ്യക്തിക്ക് പല സ്വത്വങ്ങളുണ്ട്. മത സ്വത്വം, വർഗ്ഗ സ്വത്വം, ഭാഷാ സ്വത്വം, സാംസ്കാരിക സ്വത്വം എന്നിങ്ങനെ. അതിൽ മുന്തി നിൽക്കേണ്ടത് വർഗ്ഗ സ്വത്തമാണെന്ന് സഖാവ് സലീം നിരീക്ഷിച്ചു. മറ്റുള്ള സ്വത്വങ്ങൾക്ക് മേൽക്കൈ കിട്ടിയാൽ മനുഷ്യർ വിഭജിക്കപ്പെടും. എല്ലാ സ്വത്വങ്ങളും അംഗീകരിക്കപ്പെടണം. പക്ഷെ അതിരുവിടാതെ നോക്കണം. അത്രമാത്രം വൈകാരിക തലം അവക്കുണ്ട്. അങ്ങിനെ പോയി അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ. അഭിലാഷാണ് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത്.
ബംഗ്ലാദേശ്, ഗാർമെൻസ് വ്യവസായത്തിൻ്റെ ലോകത്തിലെ ഹബ്ബാണ്. വലിയൊരു ശതമാനം പ്രദേശവാസികൾ ഈ മേഖയിലാണ് ജോലി ചെയ്യുന്നത്. ഗാർമൻസ് ഫാക്ടറികളിലെ 85% വും സ്ത്രീ തൊഴിലാളികളാണ്. പ്രാൺ-RFL എന്ന ബംഗ്ലാ കമ്പനിയിൽ ഒന്നരലക്ഷം തൊഴിലാളികളാണത്രെ ജോലി ചെയ്യുന്നത്. സമാന സംരഭങ്ങൾ നിരവധിയുണ്ടിവിടെ. സമയക്കുറവ് ഉണ്ടായിട്ടും ഒരു ഗാർമൻസ് ഫാക്ടറി (SOLAR GROUP) സന്ദർശിച്ചു. ചെറുപ്പക്കാരനായ സ്ഥാപനത്തിൻ്റെ എം.ഡി ഷാറൂഖ് അഹമ്മദ് ഞങ്ങളെ സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് സ്ഥാപനം. അമേരിക്കയിൽ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞെത്തിയ മകനെ കമ്പനി ഏൽപ്പിച്ച് പിതാവ് വിശ്രമജീവിതം നയിക്കുന്നു. ഡാക്കയിൽ ജോലി നോക്കുന്ന കണ്ണൂർ സ്വദേശി ഷിനോജാണ് ഞങ്ങളെ അവിടെ എത്തിച്ചത്.
ബംഗ്ലാദേശിലെ ഗാർമൻസ് ഫാക്ടറികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ സിംഹഭാഗവും വരുന്നത് ചൈനയിൽ നിന്നാണ്. ചിലതെല്ലാം സ്വദേശീയമായും ഉൽപ്പാദിപ്പിക്കുന്നു. വളരെ ഉത്തരവാദിത്തത്തോടെയാണ് സ്ത്രീ തൊഴിലാളികൾ ഉൾപ്പടെ ജോലി ചെയ്യുന്നത്. മോശമല്ലാത്ത ശമ്പളം തൊഴിലാളികൾക്ക് ലഭിക്കുന്നുവെന്നാണ് ഒരു ജീവനക്കാരൻ പറഞ്ഞത്. എന്ത് ജോലിയും ചെയ്യാൻ ബംഗ്ലാ പൗരൻമാർ തയ്യാറാണ്. കോവിഡ് കാലത്ത് ലോകം അടഞ്ഞ് കിടന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി എം.ഡി പറഞ്ഞു. പല ബൾക്ക് ഓർഡറുകളും റദ്ദാക്കപ്പെട്ടത് കാരണം ഭീമമായ നഷ്ടം ഗാർമൻസ് വ്യവസായ രംഗത്ത് ഉണ്ടായത് അൽപം വിഷമത്തോടെയാണ് ഷാറൂഖ് ഓർത്തത്. അതിൽനിന്നിപ്പോൾ കരകയറുകയാണ് ബംഗ്ലാ ഗാർമൻസ് വ്യവസായികൾ. മലയാളികൾക്കും ഇവിടെ ഫാക്ടറികളുണ്ട്. മനുഷ്യാധ്വാനം ആവശ്യമായ വ്യവസായങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് നമ്മുടെ നാട് പോലെത്തന്നെ യോജ്യമായ മണ്ണാണ് ബംഗ്ലാദേശിൻ്റേത്. നല്ല മനുഷ്യരാണ്. ജോലിയിൽ പ്രതിബദ്ധതയുള്ളവർ. മലയാളിക്ക് വീട് വിട്ടാൽ മറ്റൊരു വീട് പോലെത്തോന്നും പഴയ കിഴക്കൻ ബംഗാൾ.
വൈകുന്നേരം ബംഗ്ലാദേശ് പാർലമെൻ്റിൻ്റെ മെമ്പേഴ്സ് ക്ലബ്ബിൽ വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശിൻ്റെ പ്രസിഡണ്ടും കമ്മ്യൂണിസ്റ്റ് നേതാവുമായ റാഷെദ് ഖാൻ മേനോനെ കാണാൻ അഭിലാഷ് സമയം തരപ്പെടുത്തിയിരുന്നു. അദ്ദേഹം നിലവിലെ ബംഗ്ലാ പാർലമെൻ്റ് അംഗവും മുൻ സിവിൽ ഏവിയേഷനും ടൂറിസവും വകുപ്പ് മന്ത്രിയുമാണ്. അഭിലാഷിന് നേരത്തെതന്നെ ഖാനെ പരിചയമുണ്ട്. സഖാവ് എം.എ ബേബിയുടെ സുഹൃത്തു കൂടിയാണ് റാഷെദ് ഖാൻ. അവിഭക്ത പാക്കിസ്ഥാൻ സ്പീക്കറായിരുന്ന ജസ്റ്റിസ് ജബ്ബാർ ഖാൻ്റെ മകനാണ് റാഷെദ്.
പേരിൽ മേനോൻ വന്നത് എങ്ങിനെയാണെന്ന കുസൃതി ചോദ്യം ചോദിച്ചാണ് സംഭാഷണം ആരംഭിച്ചത്. ജിജ്ഞാസയോടെ മറുപടിക്ക് കാതോർത്തു. പേരിൻ്റെ പിന്നിൽ “മേനോൻ” വന്ന കൗതുകമുണർത്തുന്ന കഥ അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി അടുത്ത ചങ്ങാത്തം പുലർത്തിയ വ്യക്തിയാണ് പിതാവ് ജബ്ബാർ ഖാൻ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും പണ്ഡിറ്റ് നഹ്റു കഴിഞ്ഞാൽ രണ്ടാമനായി ഒരുകാലത്ത് അറിയപ്പെട്ട ശക്തനായ വി.കെ കൃഷ്ണമേനോൻ ജബ്ബാർഖാൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആത്മാർത്ഥമായ ആ സൗഹൃദത്തിൻ്റെ പ്രതീകമായാണ് പിതാവ് തൻ്റെ പേരിനോട് മേനോൻ ചേർത്തത്. റാഷെദ് ഖാൻ ഇതു പറഞ്ഞു നിർത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ അൽഭുതം കൂറി. ആദ്യം രേഖകളിൽ ഇല്ലാതിരുന്ന മേനോൻ പിന്നീട് ഔദ്യോഗിക രേഖകളിലും ചേർക്കുകയാണത്രെ ഉണ്ടായത്. മനുഷ്യ സ്നേഹത്തിൻ്റെയും സത്യസന്ധമായ സൗഹൃദത്തിൻ്റെയും ഇത്തരം ഉദാത്ത മാതൃകകളുണ്ടോ മതഭ്രാന്ത് തലക്ക് പിടിച്ച് സ്ഥലനാമങ്ങൾ മാറ്റാൻ ഓടിനടക്കുന്നവർക്ക് മനസ്സിലാവുക.
റാഷെദ് ഖാൻ മേനോൻ ഇപ്പോൾ ബംഗ്ലാ പാർലമെന്റിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിൻ്റെ ചെയർമാനാണ്. വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് അടിസ്ഥാനമായി അംഗീകരിച്ചിരിക്കുന്നത്. പാർട്ടിക്ക് നിലവിൽ 4 പാർലമെൻ്റ് അംഗങ്ങളുണ്ട്. 14 കക്ഷികൾ ഉൾകൊള്ളുന്ന ഷെയ്ക്ക് ഹസീന നേതൃത്വം നൽകുന്ന ഭരണമുന്നണിയിൽ വർക്കേഴ്സ് പാർട്ടി സഖ്യ കക്ഷിയാണ്. പാർട്ടി സെൻട്രൽ കമ്മിറ്റി അംഗം അലി അഹമ്മദ് ഇനാമുൽ ഹഖും അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്നു.
കേരളത്തെക്കുറിച്ചും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കന്മാരെ കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാമൂഴം വലിയ സന്തോഷം നൽകിയെന്ന് ഖാൻ പറഞ്ഞു. പ്രവാസികൾ വളരെ കൂടുതലുള്ള രാജ്യമായതിനാൽ അവർക്കായി എന്തെങ്കിലും ചെയ്യാൻ താൽപര്യമുണ്ടെന്ന് ഖാന്റെ സംസാരത്തിൽ മനസ്സിലായി. നോർക്കയുടെ പ്രവർത്തനങ്ങളെ കുറിച്ചും ‘ലോക കേരള സഭ’രൂപീകരണത്തെ കുറിച്ചും ഞങ്ങൾ വിശദമായി സംസാരിച്ചു. എല്ലാം അദ്ദേഹം സശ്രദ്ധം കേട്ടു. അത് സംബന്ധമായ രേഖകൾ ചോദിച്ചു. മെയിൽ ചെയ്യാമെന്ന് അറിയിച്ചു. ‘ലോക ബംഗ്ലാ സഭ’ പ്രവാസികളുടെ പ്രശ്നങ്ങൾ അറിയാൻ രൂപീകരിക്കുന്ന കാര്യം ഗൗരവപൂർവ്വം ആലോചിക്കുമെന്ന് അതീവ താൽപര്യത്തോടെ റാഷെദ് ഖാൻ മേനോൻ പ്രതികരിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്നാരാഞ്ഞപ്പോൾ മേനോൻ്റെ മുഖം കുറച്ച് ഗൗരവത്തിലായി. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം ഒരൊറ്റ വർഗീയ കലാപവും അവിടെ നടന്നിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഹിന്ദു പീഡന വാർത്തകൾ തൽപ്പര കക്ഷികൾ തെറ്റായി പ്രചരിപ്പിക്കുന്നതാണ്. ജ്യോതിബാസുവിൻ്റെ ജൻമനാട് ഇവിടെയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ജ്യോതിബാസുവിന് നാരായൺ ഗഞ്ചിൽ സ്മാരകം പണിത ബംഗ്ലാദേശുകാരുടെ മനസ്സിൽ പോലും ഇന്ത്യാ വിരുദ്ധതയോ ഹിന്ദു വിരുദ്ധതയോ ഇല്ല. മുൻ ഇന്ത്യൻ പ്രസിഡണ്ട് പ്രണബ് മുഖർജിയുടെ ഭാര്യവീട് ഈസ്റ്റ് ബംഗാളിലാണ്. രബീന്ദ്രനാഥ ടാഗോറിൻ്റെ മരുമകൻ ഈ നാട്ടുകാരനാണ്. പിന്നെ എങ്ങിനെ ഞങ്ങൾ ഇന്ത്യക്കാരെ വെറുക്കും. വേദനയാർന്ന വാക്കുകളോടെ റാഷെദ് ഖാൻ മേനോൻ പറഞ്ഞു നിർത്തി. അദ്ദേഹത്തിൻ്റെ ആതിഥ്യം സ്വീകരിച്ച് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത അഭിമാനം തോന്നി.
കൃഷിയിടങ്ങളും ഗ്രാമങ്ങളും കാണാൻ മടങ്ങുന്നതിൻ്റെ തലേദിവസം ഇറങ്ങിത്തിരിച്ചു . മല്ലിച്ചെപ്പും പുതിയിനയും നെല്ലും ചോളവും കൃഷി ചെയ്യുന്ന ഗ്രാമങ്ങളിലേക്കാണ് പുറപ്പെട്ടത്. ഗ്രാമീണ പാതകൾ ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് കിടന്നു. വലിയ കുഴികൾ ഇഷ്ടികകൾ കൊണ്ട് അടച്ച് ഒരുവിധം ഭേദപ്പെടുത്തിയിട്ടുണ്ട്. മല്ലിപ്പാടങ്ങളിൽ പണിയെടുക്കുന്ന കർഷകരെ കണ്ടപ്പോൾ കാറ് നിർത്തി. അവരെ പണിയെടുക്കുന്നേടത്ത് സന്ദർശിച്ചു. അഭിലാഷിൻ്റെ സഹായത്തോടെ കർഷകരുമായി ആശയവിനിമയം നടത്തി. രാവിലെ 7.30 ന് പണി തുടങ്ങിയാൽ വൈകുന്നേരം 6 മണിവരെ തുടരും. പത്ത് മണിക്കൂർ ജോലി ചെയ്താൽ 500 ടാക്കയാണ് (ബംഗ്ലാ കറൻസി) കിട്ടുക. 400 ഇന്ത്യൻ രൂപ. ഗ്രാമീണരെങ്കിലും കേരളത്തെ കുറിച്ച് അവരിൽ ചിലർ കേട്ടിട്ടുണ്ട്.
നെല്ലും കടുകും നിർലോഭം പാടശേഖരങ്ങളിൽ വിളഞ്ഞ് നിൽക്കുന്നു. മല്ലിച്ചെപ്പ് പാടത്ത് കള പറിക്കുന്ന തൊഴിലാളികളോടാണ് ഞങ്ങൾ സംസാരിച്ചത്. ഇഷ്ടികക്കമ്പനികളുടെ പുകക്കുഴലുകൾ ഗ്രാമീണ പാതയോരങ്ങളിൽ ഉയർന്നു നിൽക്കുന്നു. പഴയ ഫറോക്കാണ് അപ്പോൾ മനസ്സിൽ തെളിഞ്ഞത്. ബംഗ്ലാ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ കേരളത്തിലെ ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്ന പ്രതീതി. പ്ലാവ്, തെങ്ങ്, മാവ്, വൈക്കോൽ കൂനകൾ, മുള, വാഴ, പപ്പായ മരങ്ങൾ, മത്തൻ, കുമ്പളം, ചീര, ചെരങ്ങ, പയർ, വെണ്ട, കക്കരി, കൈപ്പ, മുരിങ്ങ, കമുങ്ങ്, ചേമ്പ്, പന, പുളി, തുടങ്ങിയവയെല്ലാം യഥേഷ്ടമുണ്ട്. ബംഗ്ലാദേശുകാരുടെ ദേശീയ പഴം ചക്കയാണ്. മലയാളി മറന്നതും ചക്കയെയാണ്.
അട്ടിപ്പറ ഗ്രാമത്തിലെ “കഫേ മമാർബാരി” ഹോട്ടലിൽ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. 15 വർഷം സൗദിയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് സുമാർ ഹുസൈൻ ഈ കൊച്ചു റസ്റ്റോറൻ്റ് അമ്മാവന്റെ സ്ഥലത്ത് ആരംഭിച്ചിരിക്കുന്നത്. ഞങ്ങൾ മലയാളം സംസാരിക്കുന്നത് കേട്ട ഹുസൈൻ മലയാളം കുറച്ചൊക്കെ മനസ്സിലാകുമെന്ന് പറഞ്ഞു. സൗദിയിൽ ഹുസൈന് മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്നത്രെ.
നബിദിന ദിവസം ഡാക്കയിലും പ്രാന്തപ്രദേശങ്ങളിലുമാണ് ചെലവിട്ടത്. ആഘോഷത്തിൻ്റെ പകിട്ടൊന്നും എവിടെയും കണ്ടില്ല. കുട്ടികളുടെയോ മുതിർന്നവരുടെയോ മീലാദ് റാലികളും ശ്രദ്ധയിൽ പെട്ടില്ല. പ്രധാന മസ്ജിദുകൾ കേന്ദ്രീകരിച്ച് ചില അലങ്കാരങ്ങൾ കാണാനിടയായി. ഡാക്കയിലെ നാഷണൽ മസ്ജിദിൽ തലേദിവസം വൈകുന്നേരം ചെന്നപ്പോൾ അവിടെ വലിയ ആഘോഷത്തിൻ്റെ തയ്യാറെടുപ്പുകൾ കണ്ണിൽ പെട്ടിരുന്നു. എന്നാൽ ചിറ്റഗോങ്ങിൽ വൻ നബിദിന റാലി നടന്നതിന്റെ വാർത്ത ബംഗ്ലാ ടിവിയിൽ കണ്ടു.
ബംഗ്ലാ വിമോചന പോരാട്ടത്തിൽ പാക്കിസ്ഥാൻ പട്ടാളം കൊന്ന ധീര പോരാളികളുടെ ശവശരീരങ്ങൾ അടക്കം ചെയ്ത സവാറിലെ ദേശീയ രക്തസാക്ഷി സ്തൂപം കാണാൻ ഉച്ചയോടെയാണെത്തിയത്. അതിനോട് ചേർന്ന ഹെക്ടർ കണക്കിന് സ്ഥലം മനോഹര ഉദ്യാനമായി എത്ര വൃത്തിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നോ? ഉച്ച വെയിലിനെ വകവെക്കാതെ നിരവധി പേരാണ് അവിടെ സന്ദർശകരായി എത്തിയിരിക്കുന്നത്. അവരുടെ മുഖത്ത് ആഹ്ലാദമല്ല മ്ലാനതയാണ് നിഴലിച്ച് കണ്ടത്. രക്തസാക്ഷികളെ ബംഗ്ലാദേശക്കാർ എത്രമാത്രമാണ് ബഹുമാനിക്കുന്നതെന്ന് ഈ സ്മാരകം പറയാതെ പറയുന്നു.
യാത്രക്കിടെ ചില മലയാള വാക്കുകൾ ബംഗാളി മാത്രം അറിയുന്ന ഡ്രൈവർ ഉച്ഛരിക്കുന്നത് മനസ്സിൽ ഉടക്കി. മലയാളത്തിലും ബംഗാളിയിലും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ കൂടെയുള്ളവർ ചികഞ്ഞെടുത്തു. ബുദ്ധിജീവി. പ്രധാന, വിവാഹം, പുരാണ, വിഭിന്നം, കഠിനം, കഷ്ടം, അശ്ചര്യം എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഭാഷാശാസ്ത്ര വിദ്യാർത്ഥികൾക്ക് ഒരു സെമിനാർ പേപ്പറിന് വകയുള്ള വിഷയമാണ്.
കേരളത്തിൽ നിന്ന് എം.എൽ.എയായ ഒരു പൊതു പ്രവർത്തകൻ ഡാക്കയിലെത്തിയ വിവരമറിഞ്ഞ് ഡാക്ക മലയാളി അസോസിയേഷൻ ഒരു ഡിന്നർ പാർട്ടി ഒരുക്കിയിരുന്നു. പെട്ടന്ന് തട്ടിക്കൂട്ടിയതായിട്ടും അറുപതോളം ആളുകൾ പങ്കെടുത്തു. ഭക്ഷണം കഴിച്ച് നാട്ടുവർത്തമാനങ്ങൾ പങ്കുവെച്ചാണ് രാത്രി അൽപം വൈകി പിരിഞ്ഞത്. അസോസിയേഷൻ ഭാരവാഹികളായ തൃശൂർ സ്വദേശി സെബാസ്റ്റ്യനും കണ്ണൂർ സ്വദേശി ശ്രീരാജ് എസ് നായരും കൂത്തുപറമ്പ് സ്വദേശി വിമോദും കോഴിക്കോട്ടുകാരൻ റമീസും പരിപാടിക്ക് ചുക്കാൻ പിടിച്ചു. ഡാക്കയിലെ ഏറ്റവും പഴക്കം ചെന്ന മലയാളിയെന്ന് വിളിക്കപ്പെടുന്ന ഗുരുവായൂർ സ്വദേശി വിനോദേട്ടൻ കാരണവരുടെ സ്ഥാനത്തിരുന്ന് എല്ലാം നിയന്ത്രിച്ചു. ഡാക്കാ എയർപോർട്ടിൻ്റെ നിർമ്മാണച്ചുമതലയുള്ള ‘സാംസംഗ്’ കമ്പനിയുടെ എഞ്ചിനീയറായി എത്തിയ മണ്ണാർക്കാട്ടുകാരൻ അജ്മലിനെ സംഗമത്തിൽ പരിചയപ്പെട്ടു.
മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ബംഗ്ലാദേശിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നുണ്ടെന്ന് ഡാക്കയിൽ ഹോസ്പിറ്റൽ നടത്തുന്ന ആർദ്ര കുര്യൻ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മനസ്സുവെച്ചാൽ ഒരുപാട് അവസരങ്ങൾ ഇവിടെ ഉണ്ടാക്കാനാകുമെന്ന് ഡിന്നറിനെത്തിയവരിൽ
ചിലർക്ക് അഭിപ്രായമുണ്ട്.
എന്തെല്ലാം അറിയണമെന്ന് ആഗ്രഹിച്ചാണോ ഡാക്കയിലേക്ക് പുറപ്പെട്ടത്, അതിനെക്കാൾ എത്രയോ ഇരട്ടി മനസ്സിലാക്കിയാണ് പഴയ കിഴക്കൻ ബംഗാളിനോട് യാത്ര പറഞ്ഞത്. ബംഗ്ലാദേശ് നിലവിൽവന്ന ശേഷം “അമാർ ശ്വനാർ ബംഗ്ലാ” (സ്വർണ്ണത്തിളക്കമുള്ള ബംഗ്ലാ) എന്ന് തുടങ്ങുന്ന രബീന്ദ്രനാഥ ടാഗോറിൻ്റെ വരികളാണ് ഔദ്യോഗിക ദേശീയ ഗാനമായി അവർ സ്വീകരിച്ചത്. ഇന്ത്യയുടെ യശസ്സ് ലോക സാഹിത്യത്തിൻ്റെ നെറുകിലെത്തിച്ച മഹാകവിയുടെ നോബൽ സമ്മാനത്തെക്കാൾ ഹർഷപുളകിതമാക്കുന്നതാണ് ഇന്ത്യയിൽ നിന്ന് വേറിട്ട് രൂപം കൊണ്ട രാജ്യം പിൽക്കാലത്ത് ഭിന്നിച്ച് നിലവിൽ വന്ന രാഷ്ട്രം ടാഗോറിൻ്റെ വരികളെ ദേശഭക്തി ഗീതമായി നെഞ്ചോട് ചേർത്തുവെച്ച ചരിത്രം.
ബംഗ്ലാദേശ് മതനിരപേക്ഷമാണെന്ന്ആ ദേശത്തിൻ്റെ ഓരോ തരി മണ്ണും സാക്ഷി പറയും. വേഷത്തിലും പെരുമാറ്റത്തിലും സമീപനങ്ങളിലും അറേബ്യൻ ദേശീയത കലർന്ന ഇസ്ലാമിനെയല്ല ബംഗാളികൾ സ്വയത്തമാക്കിയിട്ടുള്ളത്. അവരുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പ്രകടമാകുന്നത് ബംഗാളി സ്വാധീന ഇസ്ലാമാണ്. അടിസ്ഥാന വിശ്വാസ പ്രമാണങ്ങളോട് വിരുദ്ധമല്ലാത്ത പ്രാദേശിക സംസ്കാരങ്ങളുടെ സ്വാംശീകരണം മുഹമ്മദ് നബി പ്രോൽസാഹിപ്പിച്ച കാര്യമാണ്. അത് ഷെയ്ക്ക് ഹസീനയുടെയുടെയും ഖാലിദ സിയയുടെയും ദേശക്കാർ അക്ഷരാർത്ഥത്തിൽ പാലിച്ചതായാണ് കാഴ്ചകളും അനുഭവങ്ങളും തെളിയിക്കുന്നത്. സഫലമായ ഒരു യാത്രയുടെ മധുരിക്കുന്ന ഓർമ്മകളുടെ സുഖം എന്നും ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ആകാശത്ത് ഉരുണ്ടുകൂടി നിൽക്കുന്ന മേഘങ്ങൾക്ക് വാക്കു നൽകിയാണ് ഈസ്റ്റ് ബംഗാളിനോട് വിട ചൊല്ലിയത്.

ADVERTISEMENT

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Dr KT Jaleel

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Umrah; ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം
Latest

ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല

February 6, 2023
T-20; വെസ്റ്റിന്‍ഡീസിനെതിരെ കളിക്കളത്തിൽ സഞ്ജുവും; ഇന്ത്യുടെ ടി-20 സ്ക്വാഡിൽ ഇടം നേടി താരം
Kerala

സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു

February 6, 2023
അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ
Big Story

അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

February 6, 2023
തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു
Latest

തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

February 6, 2023
CPIM പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും
Latest

ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

February 6, 2023
മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
Kerala

മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

February 6, 2023
Load More

Latest Updates

ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല

സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു

അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

തുർക്കി – സിറിയ ഭൂകമ്പം; മരണം 2300 കടന്നു

ഫെബ്രുവരി 8ന് സിപിഐഎം ഐക്യദാര്‍ഢ്യ സദസ്

മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഹജ്ജ് നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ; വിഐപി ക്വാട്ട ഇനിയില്ല February 6, 2023
  • സഞ്ജു ഇനി കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡർ; പദവി തനിക്കുള്ള ആദരമാണെന്ന് സഞ്ജു February 6, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE