ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടുമില്ല; ലോകകപ്പിൽ നിന്ന് പിന്മാറുന്നത് പരി​ഗണിച്ച് പാകിസ്ഥാൻ

പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന അടുത്ത ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അയക്കില്ല എന്ന് ബിസിസിഐ തീരുമാനിച്ചത് ഇന്നലെയാണ്. ബിസിസിഐയുടെ വാർഷിക പൊതുയോ​ഗത്തിന് ശേഷം സെക്രട്ടറി ജെയ്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്.

അടുത്ത ഏഷ്യാ കപ്പിന് ഇന്ത്യ പങ്കെടുക്കുമെന്ന് നേരത്തെ ബിസിസിഐ സ്റ്റേറ്റ് അസോസിയേഷനുകളെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെയാണ് പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ല എന്ന് ഷാ പ്രഖ്യാപിച്ചത്. പകരം ഏഷ്യാ കപ്പ് മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്നാണ് ഷാ ആവശ്യപ്പെടുന്നത്.

അതേസമയം, ടീമിനെ അയക്കില്ല എന്ന ബിസിസിഐ നിലപാട് പാകിസ്ഥാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിന് ടീമിനെ അയച്ചില്ലെങ്കിൽ, അടുത്ത വർഷം തന്നെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് പിന്മാറുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് അധികൃതർ ആലോചിക്കുന്നതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ ഐസിസിക്കും എസിസിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത തീരുമാനങ്ങൾ പരി​ഗണിക്കുന്നതെന്നാണ് സൂചന. അതേസമയം ബിസിസിഐ നിലപാടിനോട് പരസ്യപ്രതികരണത്തിന് പാക് അധികൃതർ തയ്യാറായിട്ടില്ല. അടുത്ത മാസം നടക്കുന്ന ഐസിസി ബോർഡ് മീറ്റിങ്ങിൽ തങ്ങളുടെ ഭാ​ഗം പറയാനാണ് പാകിസ്ഥാന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here