‘ഞങ്ങളുടെ പാർട്ടിയുടെ പുനരുജ്ജീവനം  ഇന്ന് ആരംഭിച്ചതായി ഞാൻ വിശ്വസിക്കുന്നു, ഖാർഗെയ്ക്ക് അഭിനന്ദനങ്ങൾ’; പ്രസ്താവനയിറക്കി ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ പദവിയിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ച് തരൂർ പ്രസ്താവന ഇറക്കി. പുതിയ അധ്യക്ഷനൊപ്പം പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടുമെന്നും ഞങ്ങളുടെ പാർട്ടിയുടെ പുനരുജ്ജീവനം യഥാർത്ഥത്തിൽ ഇന്ന് ആരംഭിച്ചതായി ഞാൻ വിശ്വസിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്നവർക്ക് തരൂർ നന്ദി അറിയിച്ചു.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂരിന് 1072 വോട്ടുകൾ കിട്ടി. ഖാർഗെയ്ക്ക് 7897 വോട്ടുകളും ലഭിച്ചു. ഒക്ടോബർ 17 (തെരഞ്ഞെടുപ്പ് നടന്ന ദിവസം) ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ യഥാർത്ഥ ആഘോഷമായിരുന്നു. കോൺഗ്രസിന്റെ 9500ലേറെ പ്രതിനിധികൾ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. ഇന്ന് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുന്നു. വിജയത്തിൽ അദ്ദേഹത്തിന് എന്റെ അനുമദോനങ്ങൾ. തീരുമാനം അന്തിമമാണ്. അത് താഴ്മയായി അംഗീകരിക്കുന്നു. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ വോട്ടിങ്ങിലൂടെ അവസരം നൽകുന്ന ഈ പാർട്ടിയിൽ അംഗമായിരിക്കുന്നത് തന്നെ പ്രിവിലേജാണ്- തരൂര്‍ കുറിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിച്ച നെഹ്‌റു കുടുംബത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. കോൺഗ്രസിന്റെ അടിസ്ഥാന സ്തംഭമായി ഈ കുടുംബം ഇനിയുമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഈ കുടുംബത്തിന് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയം.- അദ്ദേഹം കൂട്ടിച്ചേർത്തു.

അസാധ്യമായ ഈ യജ്ഞത്തിൽ ഫലം എന്താകുമെന്നറിയാതെ തനിക്കൊപ്പം നിന്ന എല്ലാ പ്രതിനിധികൾക്കും നന്ദിയുണ്ടെന്നും തരൂർ കുറിച്ചു. വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണിത്. ഭാവിയിലും പാർട്ടിയെ നല്ല നിലയിൽ സേവിക്കും. രാജ്യത്തിന്റെ സ്ഥാപകർ വിഭാവനം ചെയ്ത ജനാധിപത്യ മാതൃകയിലേക്ക് രാജ്യത്തെ എത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ബഹുസ്വരതയ്ക്ക് മേൽ ഭരണകക്ഷി അഴിച്ചുവിടുന്ന ആക്രമണങ്ങളെ പുതുനിശ്ചയത്തോടെ നേരിടേണ്ടതുണ്ട്- തരൂർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here