നാടറിയട്ടെ നേട്ടങ്ങളുടെ യാത്ര…………

ഒക്ടോബര്‍ ആദ്യത്തെ രണ്ടാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന കേരളത്തിന്‍റെ ഔദ്യോഗികസംഘം യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം ഒരു യാത്ര നടത്തിയത്. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന് സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെയില്‍സ്

വെയില്‍സില്‍ കേരള പ്രതിനിധി സംഘം ഫസ്റ്റ്
മിനിസ്റ്റര്‍ മാര്‍ക് ഡ്രെയ്ക്ഫോഡിനെ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ മന്ത്രി എലുന്‍റ് മോര്‍ഗനുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍നിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയില്‍സിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സര്‍ക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ആദ്യത്തെ ബാച്ച് വെയില്‍സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവല്‍ക്കരണം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ആധികാരികമായ പഠനം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ കണ്ടെത്തലുകള്‍ അവര്‍ പ്രതിനിധി സംഘത്തിനു മുമ്പില്‍ അവതരിപ്പിച്ചു.

കൊച്ചി നേരിടുന്ന ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗത പ്രശ്നങ്ങള്‍, ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്നിവയെല്ലാം പഠനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ജനുവരിയില്‍ കേരളത്തില്‍ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന് യൂണിവേഴ്സിറ്റി താല്‍പര്യം പ്രകടിപ്പിച്ചു.

ലണ്ടനില്‍ ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദൂജയുമായി സര്‍ക്കാര്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഇലക്ട്രിക് ബസ്സ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇതിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദൂജ തന്നെ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും.

ഹിന്ദൂജ ഗ്രൂപ്പിന്‍റെ അശോക് ലൈലന്‍റ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ ഊന്നുന്ന സമയമാണിത്. കേരളത്തില്‍ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാന്‍ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉള്‍പ്പെടെ ഈ സന്ദര്‍ശനത്തില്‍ നിര്‍ദേശിക്കാനാവുമെന്നാണ് കരുതുന്നത്.

സൈബര്‍ ക്രൈം നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാന്‍ കഴിയുംവിധം ആധുനിക സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.

നോര്‍വ്വേ

ഫിഷറീസ് രംഗത്തെ വന്‍ ശക്തികളിലൊന്നായ നോര്‍വ്വെയുമായി സഹകരണം ശക്തമാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ കേരളത്തിന്‍റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നല്‍കുന്നതാണ്. നോര്‍വെയുടെ മാരിടൈം തലസ്ഥാനമായ ബെര്‍ഗന്‍ നഗരത്തില്‍ നടന്ന ബിസിനസ് മീറ്റില്‍ മാരിടൈം വ്യവസായ രംഗത്തെ പുതിയ അനേകം സാധ്യതകളാണ് ഉരുത്തിരിഞ്ഞത്.

കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും നോര്‍വേയുടെ സഹായവാഗ്ദാനം ലഭിച്ചു. നോര്‍വേ ഫിഷറീസ് ആന്‍റ് ഓഷ്യന്‍ പോളിസി മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പുകള്‍ നല്‍കി.

1953ല്‍ നീണ്ടകരയില്‍ ആരംഭിച്ച നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ല്‍ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്‍റും മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വര്‍ക്ക്ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ കേരളം അതിവേഗം വളരുകയും കടല്‍ മത്സ്യ ഉല്‍പ്പാദനം വര്‍ഷം തോറും വര്‍ധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതല്‍ വിപുലമാക്കാന്‍ നോര്‍വ്വേയുമായുള്ള സഹകരണം കൊണ്ട് സാധ്യമാകും.

ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസര്‍ച്ച് ആന്‍ഡ് ഹെല്‍ത്ത് മാനേജ്മെന്‍റിലും കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ റിസര്‍ച്ചില്‍ നിന്നും ലഭിക്കുകയുണ്ടായി. മറൈന്‍ കേജ് കള്‍ച്ചര്‍, കപ്പാസിറ്റി ബില്‍ഡിങ് ഇവയില്‍ നോര്‍വീജിയന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. സ്റ്റുഡന്‍റ് ആന്‍ഡ് ഫാക്കല്‍ട്ടി എക്സ്ചേഞ്ച്, കേജ് ഫാര്‍മിങ് വഴിയുള്ള ഓഫ് ഷോര്‍ അക്വാകള്‍ച്ചര്‍, കയറ്റുമതിക്കുള്ള പുനഃചംക്രമണ മത്സ്യ കൃഷി തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനും തൊഴില്‍ സാധ്യതകള്‍ക്കും കൂടുതല്‍ സഹകരണം ഉറപ്പുവരുത്താന്‍ തീരുമാനിച്ചു.

ഇതുകൂടാതെ, നോര്‍ദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ പരിശീലനം നല്‍കാന്‍ താല്പര്യം അറിയിച്ചു.

നോര്‍വ്വേ സന്ദര്‍ശനത്തിലെ എടുത്തുപറയേണ്ട ഒരു കാര്യം നോബല്‍ പീസ് സെന്‍റര്‍ എക്സിക്യുട്ടീവ് ഡയരക്ടറുമായുള്ള കൂടിക്കാഴ്ചയാണ്. കേരള സര്‍ക്കാരിന്‍റെ കഴിഞ്ഞ ബജറ്റില്‍ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്ന സ്ഥാപനമാണ് നോര്‍വേയിലെ നോബല്‍ പീസ് സെന്‍റര്‍.

ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്‍റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്ലോഗ്സ്റ്റാഡ് കൂടികാഴ്ചയില്‍ വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചതാണ് മറ്റൊരു നേട്ടം. നോര്‍വ്വേയില്‍ തുരങ്കപാതകള്‍ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കാതെ തുരങ്കപാതകള്‍ നിര്‍മ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോര്‍വ്വേ മാതൃകയില്‍ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തില്‍നിന്ന് ബോധ്യമായത്.

ഇന്ത്യന്‍ റെയില്‍വേക്ക് തുരങ്കപ്പാത നിര്‍മ്മാണത്തില്‍ നോര്‍വേയുടെ സാങ്കേതിക സഹകരണം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്‍റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കുകയുണ്ടായി. പ്രളയ മാപ്പിങ്ങില്‍ ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്നും ഇവര്‍ വ്യക്തമാക്കി.

വിദഗ്ധരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും
അവര്‍ അറിയിച്ചു.

ഓസ്ലോയില്‍ നടത്തിയ ഇന്‍വെസ്റ്റേഴ്സ് റൗണ്ട് ടേബിളില്‍ നാല് നോര്‍വീജിയന്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജന്‍ പ്രൊ, ടോമ്ര, കാമ്പി ഗ്രൂപ്പ്, ഓര്‍ക്ക്ല എന്നിവയാണ് അവ.

കേരളത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്നാണ് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്ലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡര്‍ ഉറപ്പു നല്‍കിയത്. ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്ക്ലെ യുടെ സന്നദ്ധതയും അറിയിച്ചു. റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം നടത്താന്‍ ഓര്‍ക്ക്ലെ ആലോചിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അവര്‍ സൂചിപ്പിച്ചു.

കൊച്ചിയെ ലോകത്തെ പ്രധാന മാരിടൈം ഹബുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. കൊച്ചിയില്‍ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാന്‍ അസ്കോ മാരിടൈം താല്‍പര്യം പ്രകടിപ്പിച്ചു.

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും നിക്ഷേപം നല്‍കാനും തയ്യാറായി നോര്‍വ്വേയിലെ മലയാളി സമൂഹം മുന്നോട്ടു വരിക കൂടി ചെയ്തു. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മയുടെ സ്വീകരണ
സമ്മേളനത്തില്‍ പങ്കെടുത്ത പലരും ഈ താല്പര്യം പ്രകടിപ്പിച്ചു. മികച്ച സംരഭകത്വ അവസരങ്ങള്‍ അവര്‍ക്കായി സര്‍ക്കാര്‍ കേരളത്തിലൊരുക്കും.

വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീല്‍ ഫര്‍ണിച്ചറുകളും നിര്‍മിച്ചു നല്‍കിയ മരിനോര്‍ കേരളത്തില്‍ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കും എന്നറിയിച്ചു. ഏഷ്യന്‍ മേഖലയിലെ ആവശ്യത്തിനുള്ള ഉല്‍പ്പാദനം കേരളത്തില്‍ നടത്താന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നത്. ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന നോര്‍വ്വീജിയന്‍ സംരംഭകരുടെ സംഗമത്തില്‍ പങ്കെടുക്കുമെന്ന് മരിനോര്‍ വ്യക്തമാക്കി.

കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിര്‍മ്മിതാക്കളായ കോര്‍വസ് എനര്‍ജി മുന്നോട്ടുവന്നിട്ടുണ്ട്. മാരിടൈം ഇലക്ട്രിക്ക് ബാറ്ററി നിര്‍മ്മാണ രംഗത്തെ പ്രമുഖരായ കോര്‍വസ് എനര്‍ജി കേരളത്തിലെ വൈദ്യുതി അധിഷ്ഠിത ജലഗതാഗതരംഗത്തെ സാധ്യതകളില്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ നിര്‍ദ്ദിഷ്ട സുസ്ഥിര
മാരിടൈം ടെക്നോളജി ഹബ്ബിലൂടെ കമ്പനി കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികളും തയ്യാറാക്കും. കേന്ദ്ര, കേരള സര്‍ക്കാരുകളുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്കോളര്‍ഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവര്‍ക്കും പ്രാപ്യമാവുന്നതുമായ ഒരു ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കും.

നോര്‍വ്വേയില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണ്. മറ്റൊരു കാര്യം ശ്രദ്ധയില്‍പെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തില്‍ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താല്‍ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോര്‍വ്വേ മാതൃക അനുകരിക്കാനാകും എന്നാണ് തോന്നിയത്.

ഫിന്‍ലന്‍ഡ്

കേരള സംഘത്തിന്‍റെ യാത്രയുടെ തുടക്കം ഫിന്‍ലന്‍ഡിലായിരുന്നു. എല്ലാ സംഘാംഗങ്ങള്‍ക്കും നിശ്ചിത സമയത്ത് എത്താനായില്ല എങ്കിലും തീരുമാനിച്ച കൂടിക്കാഴ്ചകള്‍ അവിടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഫിൻലണ്ട് വിദ്യാഭ്യാസ മന്ത്രി ലി ആന്‍ഡേഴ്സെന്‍റ ക്ഷണപ്രകാരമാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചത്.

പുതിയ കാലത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വെല്ലുവിളികള്‍ നേരിടാനും നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കാന്‍ കേരള-ഫിന്‍ലാന്‍ഡ് സഹകരണം സഹായിക്കും. ഫിന്‍ലാന്‍ഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെന്‍ററി, സെക്കന്‍ററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മനസ്സിലാക്കാന്‍ സന്ദര്‍ശനം വഴി സാധിച്ചു.

ഫിന്‍ലാന്‍ഡിലെ ഹെല്‍ത്ത് നെറ്റ്വര്‍ക്ക് ഫെസിലിറ്റി, ഫിനിഷ് നാഷണല്‍ പ്രോഗ്രാം ഓണ്‍ ഏയ്ജിങ് തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും അവസരം ലഭിച്ചു. ആരോഗ്യ രംഗത്തും സാമൂഹ്യ വയോജന പരിപാലന രംഗത്തും പരസ്പര സഹകരണം തുടരാന്‍ തീരുമാനം കൈക്കൊണ്ടു. കേരളത്തിന്‍റെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വലിയ അളവില്‍ ആവശ്യമുണ്ടെന്ന് ഫിന്നിഷ് പ്രതിനിധികള്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചകള്‍ക്കായി ഫിന്‍ലാന്‍ഡില്‍ നിന്നുള്ള സംഘം കേരളം സന്ദര്‍ശിക്കും.

ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. അതേസമയം വയോജനങ്ങളുടെ സംഖ്യ അവിടെ വര്‍ദ്ധിച്ചുവരികയാണ്. സ്കില്‍ ഷോര്‍ട്ടേജ് സ്വാഭാവികമായും ഉണ്ട്. ഈ സ്കില്‍ ഷോര്‍ട്ടേജ് നികത്താനാണ് ഫിന്നിഷ് ഗവണ്മെന്‍റ് ‘ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം’ വിഭാവനം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കഴിവുള്ള യുവാക്കളെ ഫിന്‍ലാന്‍ഡിലേക്ക് ക്ഷണിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ പ്രധാന ടാര്‍ഗറ്റ് രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാന്‍ ഒരു സംഘത്തെ അയച്ചത്. വരുന്ന നാല്-അഞ്ച് വര്‍ഷത്തേക്ക് ഏകദേശം പതിനായിരം നഴ്സുമാരെ ഫിന്‍ലാന്‍ഡിലേക്ക് വേണ്ടിവരുമെന്നാണ് ഫിൻലന്റ് അധികൃതര്‍ അറിയിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാനും അവര്‍ക്ക് ആഗ്രഹമുണ്ട്. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്ഐഡിസി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് ശ്രമം. ബിസിനസ് ഫിന്‍ലാന്‍ഡിന്‍റെ ഇന്ത്യാ ഓഫീസുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ധാരണയായി.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഫിന്‍ലാന്‍ഡ് സാമ്പത്തികാര്യ, തൊഴില്‍ വകുപ്പ് മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം ഡയറക്ടര്‍ സോണ്യ ഹമലായ്നെന്‍ അടങ്ങുന്ന സംഘവുമായി ചര്‍ച്ച ചെയ്തു.

കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫിന്‍ലാന്‍ഡില്‍ വലിയ സാധ്യതകളുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വഴി സാങ്കേതിവിദ്യാ രംഗത്തെ തൊഴില്‍ശക്തിയെ ഉപയോഗിക്കാന്‍ സാധിക്കണമെന്നുമാണ് ഫിന്നിഷ് സംഘം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ളവരുടെ കുടിയേറ്റ നടപടികള്‍ സുഗമമാക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.

ഫിന്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസി, കോണ്‍ഫെഡറേഷന്‍ ഓഫ് ഫിന്നിഷ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് അഡ്വാന്റേജ് കേരള ബിസിനസ് മീറ്റ് നടത്തുകയുണ്ടായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഫിന്നിഷ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ടിമോ വൗറി മീറ്റില്‍ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ പ്രമുഖ ബിസിനസ് വൃത്തങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ സന്നിഹിതരായി. ഗ്രീന്‍ എനര്‍ജി, മറൈന്‍ മേഖല, ലൈഫ് സയന്‍സസ്,പെട്രോകെമിക്കല്‍സ്, നാനോ മെറ്റീരിയല്‍സ്, ഗ്രഫീന്‍ എന്നീ സാങ്കേതിക വിദ്യാമേഖലകളിലെ സഹകരണത്തിനുള്ള സാദ്ധ്യതകള്‍ കേരള സംഘം വിശദീകരിച്ചു. പരിസ്ഥിതി സൗഹൃദ വികസന മേഖലകളിലെ സഹകരണം അവര്‍ ഉറപ്പുനല്‍കി.

പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ ‘നോക്കിയ’യുടെ എക്സ്പീരിയന്‍സ് സെന്‍റര്‍ സന്ദര്‍ശിക്കുകയും ഊര്‍ജ്ജ, മറൈന്‍ ബിസിനസ് രംഗത്തെ ഫിന്‍ലാന്‍ഡ് കമ്പനിയായ ‘വാര്‍ട്സീല’യുടെ വൈസ് പ്രസിഡന്‍റ് കായ് ജാന്‍ഹ്യൂനെനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കൊച്ചിയില്‍ ആരംഭിക്കുന്ന സസ്റ്റയിനബിള്‍ മാരിടൈം ടെക്നോളജി ഹബിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News