വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണര്‍; 15 സെനറ്റംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ സ്വമേധയാ വിജ്ഞാപനമിറക്കി

വീണ്ടും അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വമേധയാ ഉത്തരവിറക്കി.

ഇന്ന് വൈകീട്ടോടെ ഉത്തരവിറക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം വി.സി തള്ളിയതോടെയാണ് ഗവര്‍ണര്‍ സ്വമേധയാ ഉത്തരവിറക്കിയത്. വൈസ് ചാന്‍സലര്‍ ഉത്തരവിറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് രാജ്ഭവന്‍ ഉത്തരവിറക്കിയത്.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വി.സി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നും സര്‍വകലാശാല മറുപടി നല്‍കുകയായിരുന്നു.

കഴിഞ്ഞ 11ന്‌ കേരള സർവകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത തന്റെ നോമിനികളുമായ 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച്‌ ശനിയാഴ്ചയാണ്‌ ഗവർണർ വിസിക്ക്‌ കത്തയച്ചത്‌.

വരിൽ നാലുപേർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഇവർ സെനറ്റ് യോഗത്തിൽ എത്തിചേരാൻ സാധിക്കാത്തതിന്റെ കാരണം അറിയിച്ചിരുന്നു. അതിനാൽ ഇവരെ പിൻവലിക്കാൻ സാധിക്കില്ല. മറ്റ് 11 പേരെ നീക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ് മാത്രം പോരായെന്ന്‌ ചൂണ്ടികാട്ടിയാണ്  വി സി ഗവർണർക്ക് മറുപടി നൽകിയത്.

ഗവർണറുടെ സെക്രട്ടറിയുടെ അറിയിപ്പ് ആനുസരിച്ച് സർവകലാശാല വൈസ് ചാൻസിലർക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ചാൻസിലർ ഒപ്പിട്ട രേഖ അനുസരിച്ചുമാത്രമെ അത്‌ കഴിയൂഎന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. . അയോഗ്യരാക്കിയവയർ അവധി സംബന്ധിച്ച ഔദ്യേഗിക നടപടികൾ സ്വീകരിച്ചവരാണ്‌. അതിനാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന്‌ കത്തിൽ വ്യക്തമാക്കിയിരുന്നു.

സർവകലാശാല വകുപ്പ്‌ തലവൻമാരായ ഡോ. കെ എസ്‌ ചന്ദ്രശേഖർ (ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ഇൻ കേരള), ഡോ. കെ ബിന്ദു (സംഗീതം), ഡോ. സി എ ഷൈല (സംസ്‌കൃതം), ഡോ. ബിനു ജി ഭീംനാഥ്‌, തിരുവനന്തപുരം ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ പ്രധാനാധ്യാപകൻ ആർ എസ്‌ സുരേഷ്‌ ബാബു, കോട്ടൺഹിൽ ഗവ. പിപിടിടിഐ പ്രിൻസിപ്പൽ ടി എസ്‌ യമുനാദേവി, കടയ്‌ക്കൽ കുറ്റിക്കാട്‌ സിപിഎച്ച്‌എസ്‌എസ്എസ്‌ അധ്യാപകൻ ജി കെ ഹരികുമാർ, വർക്കല പാളയംകുന്ന്‌ ജിഎച്ച്‌എസ്‌എസിലെ അധ്യാപകൻ വി അജയകുമാർ, പി എ ഹാരീസ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്‌ക്ക്‌ പി ഹാരീസ്‌, കയർ ഫ്‌ളക്‌സ്‌ എക്‌സ്‌പോർട്ട്‌ കമ്പനി ചെയർമാൻ ജോയ്‌ സുകുമാരൻ, ക്യാപിറ്റൽ കളർ പാർക്ക്‌ ഉടമ ജി പത്മകുമാർ, മലയാളം കമ്മ്യുണിക്കേഷൻസ്‌ ന്യുസ്‌ ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ, അഡ്വ. ജി മുരളീധരൻ പിള്ള, ഡോ. പി അശോകൻ (എസ്‌ പി ഫോർട്ട്‌ ഹോസ്‌പിറ്റൽ), അഡ്വ. ബി ബാലചന്ദ്രൻ എന്നിവരുടെ അംഗത്വം പിൻവലിക്കണമെന്നാണ് ഗവർണറുടെ ആവശ്യം.\

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News