ഖാര്‍ഗെ വിജയിച്ചെങ്കിലും കോണ്‍ഗ്രസിലെ അവസാന വാക്ക് നെഹ്റു കുടുംബത്തിന്‍റെ തന്നെ

മല്ലികാര്‍ജ്ജുണ ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ ഒരു കുടുംബം നയിക്കുന്ന പാര്‍ടി എന്ന ആക്ഷേപം മറികടക്കാന്‍ തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസിന് സാധിച്ചേക്കും. പക്ഷെ, അധികാര കേന്ദ്രം പത്ത് ജന്‍പഥ് തന്നെയായിരിക്കും. പാര്‍ടിയില്‍ തന്‍റെ റോള്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു

വോട്ടെടുപ്പ് നടത്തി അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് ജനാധിപത്യ പാര്‍ടിയെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. 24 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവ് അദ്ധ്യക്ഷനാവുകയും ചെയ്തു. പക്ഷെ, തെരഞ്ഞെടുപ്പ് ആഘോഷമാക്കാന്‍ ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകരും നേതാക്കളും ഒക്കെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത് രാഹുല്‍ ഗാന്ധിക്ക് വേണ്ടി.

പാര്‍ടി ആസ്ഥാനത്ത് നിറഞ്ഞ പ്ളക്കാര്‍ഡുകളിലും പതാകകളിലും രാഹുല്‍ ഗാന്ധിയുടെ മുഖം മാത്രം. മല്ലികാര്‍ജ്ജുണ ഖാര്‍ഗെക്ക്  കീഴില്‍ പാര്‍ടിക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളായിരിക്കും താനെന്നായിരുന്നു ഖാര്‍ഗെയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

നെഹ്റു കുടുംബം നേതൃ നിരയില്‍ നിന്ന് മാറിനില്‍ക്കണം എന്നതായിരുന്നു ജി 23ലെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടത്. അതില്‍ പല നേതാക്കളും പാര്‍ടി വിട്ടെങ്കിലും ഖാര്‍ഗെയുടെ വരവോടെ അതേചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒരുപരിധി വരെ അവസാനിപ്പിക്കാം. പക്ഷെ, അതുകൊണ്ട് മാത്രം കോണ്‍ഗ്രസില്‍ എന്തുമാറ്റം എന്നതാണ് ചോദ്യം.

അദ്ധ്യക്ഷ സ്ഥാനത്ത് ഖാര്‍ഗെ തുടരുമെങ്കിലും നെഹ്റു കുടുംബം തന്നെയാകും  കോണ്‍ഗ്രസിലെ അവസാന വാക്ക്. സോണിയാഗാന്ധിയുടേയോ, രാഹുല്‍ ഗാന്ധിയുടേയോ അംഗീകാരമില്ലാതെ ഒരു തീരുമാനവും ഖാര്‍ഗെ എടുക്കാനും പോകുന്നില്ല.  രാഹുല്‍ ഗാന്ധി തിരിച്ചുവരുന്നതുവരെ മാത്രമാകും അദ്ധ്യക്ഷ സ്ഥാനത്ത് ഖാര്‍ഗെയുടെ സ്ഥാനം എന്നതിലും സംശയമില്ല. അങ്ങനെയല്ലെങ്കില്‍ അത് ഖാര്‍ഗെ തന്നെയാണ് തെളിയിക്കേണ്ടത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here