
സൗദി അറേബ്യയിൽ കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായ നാനൂറോളം തൊഴിലാളികൾക്ക് സഹായഹസ്തവുമായി റിയാദ് കേളി കലാ സാംസ്കാരിക വേദി. മക്കാ ഹൈവേയിൽ തബ്റാക്കിലെ, നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ പത്ത് മാസമായി ശമ്പളം മുടങ്ങിയത്.
140 ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ നാനൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയായിരുന്നു. ശമ്പളം മുടങ്ങിയിരുന്നെങ്കിലും ഭക്ഷണത്തിനുള്ള സഹായം ഇതുവരെ ഫാം അധികൃതർ നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഭക്ഷണവും കമ്പനി നിർത്തലാക്കിയതോടെ തൊഴിലാളികൾ തീർത്തും ദുരിതത്തിലാവുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളും ഇവിടെയുണ്ട്. മലയാളികളായ തൊഴിലാളികൾ വിഷയം കേളിയെ അറിയിച്ചതിനെ തുടർന്ന് കേളി മുസാമിഅഃ ഏരിയ ജീവകാരുണ്യ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിര സഹായമായി ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു.
എമ്പസിയിൽ പരാതി നൽകിയ തൊഴിലാളികൾ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ എമ്പസ്സിയുമായി ചേർന്ന് മറ്റ് നിയമനടപടികൾക്ക് വേണ്ട സഹായം നൽകാൻ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് കേളി കൺവീനർ അറിയിച്ചു.
മിക്ക തൊഴിലാളികളും പത്തും പതിനഞ്ചും വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതുവരെയുള്ള ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തിരികെ നാടണയാനാവും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here