ADVERTISEMENT
സമരവും ജീവിതവും രണ്ടായിരുന്നില്ല വി എസിന്. ജീവിതത്തോടും ജന്‍മി പ്രഭുക്കന്‍മാരോടും പോരാടിയ വി എസ് അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടര്‍ന്നു. സമരം തന്നെയാണ് വി എസ്സിന്റെ ജീവിതം
അനാഥത്വം കൂട്ടായ ബാല്യം മുതല്‍ വി എസ്സിന് ജീവിതം എന്നാല്‍ സമരമായിരുന്നു. രാഷ്ട്രീയം ജീവിതമായപ്പോഴും മറ്റൊന്നായിരുന്നില്ല വി എസിന്റെ വഴി. ജന്മിമാര്‍ക്കും കര്‍ഷക കുടിയാന്മാര്‍ക്കും എതിരെ 1946 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി.എസ്. ദിവാന്‍ ഭരണത്തിനെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവില്‍ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴയില്‍ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കള്‍ക്ക് രാഷ്ട്രീയബോധം കൂടി നല്‍കുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു.
പുന്നപ്രയില്‍ നിരവധി ക്യാമ്പുകള്‍ക്ക് വി.എസ് അക്കാലത്ത് നേതൃത്വം നല്‍കി. ഒരു വളണ്ടിയര്‍ ക്യാമ്പില്‍ 300 മുതല്‍ 400 വരെ പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ അടക്കം നിരവധി പൊലീസുകാര്‍ മരിച്ചതും ദിവാന്‍ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി. എസ് അറസ്റ്റിലായത്. പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനം ശക്തമായപ്പോള്‍ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയില്‍ പൊലീസുകാര്‍ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ ശിക്ഷയും അനുഭവിച്ചു. അഞ്ചു വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുന്‍പേ വി.എസ്. പാര്‍ട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു.മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.