C H Kanaran:കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സി എച്ച് കണാരന്റെ ഓര്‍മ്മകള്‍ക്ക് അരനൂറ്റാണ്ട്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് സി എച്ച് കണാരന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ ഇരുപതിനാണ് അദ്ദേഹം വേര്‍പിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള സംഘടനയായി പാര്‍ടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്. പാര്‍ടിയുടെ അടിസ്ഥാന നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു ജനാധിപത്യശക്തികളെ യോജിപ്പിക്കാന്‍ കഴിവുള്ള അസാധാരണശേഷിയുള്ള നേതാവ് കൂടിയായിരുന്നു സി എച്ച്. പാര്‍ടി പിളരുന്ന ഘട്ടത്തില്‍ പാര്‍ടിയെ നയിക്കുകയെന്ന ഏറെ ശ്രമകരമായ ഉത്തരവാദിത്വം ഫലപ്രദമായി ഏറ്റെടുക്കുകയായിരുന്നു സഖാവ്.

ജനങ്ങളുടെ സ്പന്ദനങ്ങള്‍ മനസ്സിലാക്കുന്നതിനും കേഡര്‍മാരെ കണ്ടെത്തി വിന്യസിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനിതരസാധാരണമായ കഴിവാണ് സി എച്ച് പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് ഇഎംഎസ്, ഒരു ഡോക്ടര്‍ രോഗിയുടെ നാഡിമിടിപ്പും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും പരിശോധിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതുപോലെയാണ് ജനങ്ങളുടെ പ്രതികരണം നോക്കി നയസമീപനങ്ങളുടെ ശരിയും തെറ്റും മനസ്സിലാക്കാന്‍ സി എച്ച് ശ്രമിച്ചിരുന്നുവെന്നത് രേഖപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി. മികച്ച വിദ്യാര്‍ഥിയായിരുന്നു സി എച്ച്. ബൈബിള്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായിരുന്നു. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരവും സാമൂഹ്യനീതിക്കായുള്ള പോരാട്ടവും സമന്വയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോയ ജീവിതമായിരുന്നു സഖാവിന്റേത്.

1932ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ സി എച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വനിരയിലേക്കുയര്‍ന്നു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940, 1948, 1964 എന്നീ വര്‍ഷങ്ങളില്‍ രാജ്യരക്ഷാ തടവുകാരനെന്ന പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും തടവുകാരനായി കഴിയേണ്ടിവന്നു സി എച്ച് എന്ന സ്വാതന്ത്ര്യസമര പോരാളിക്ക്.

ജയിലില്‍ അടയ്ക്കപ്പെട്ട വേളയിലാണ് മറ്റു സംസ്ഥാനങ്ങളിലെ വിപ്ലവകാരികളുമായി അദ്ദേഹം അടുത്തിടപഴകുന്നത്. കമ്യൂണിസ്റ്റ് ആശയം ആഴത്തില്‍ പതിയുന്നത് ഈ അവസരത്തിലാണ്. 1942ല്‍ ബോംബെ പാര്‍ടി പ്ലീനത്തില്‍ സി എച്ച് പങ്കെടുത്തിരുന്നു. 1952ലെ മദിരാശി അസംബ്ലി അംഗമെന്നനിലയില്‍ ഐക്യ കേരളത്തിനുവേണ്ടി ശക്തമായ വാദം സി എച്ച് ഉന്നയിച്ചത് ചരിത്രരേഖയാണ്. 1957ല്‍ നാദാപുരം മണ്ഡലത്തില്‍നിന്നും വിജയിച്ചു. ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തില്‍ രാഷ്ട്രീയമായും നിയമപരമായും സി എച്ച് നടത്തിയ ഇടപെടല്‍ അവിസ്മരണീയമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ചെറുപ്പത്തിലേ സി എച്ച് പൊരുതി. കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം രൂപീകരണം ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ചര്‍ച്ചായോഗങ്ങള്‍ അക്കാലത്ത് സി എച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അവര്‍ണവിഭാഗങ്ങളെ ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ നേതൃത്വം നല്‍കിയതും എടുത്തുപറയേണ്ട സംഭവമാണ്. ശ്രീനാരായണ ദര്‍ശനം അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ദിശാബോധം നല്‍കി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ സജീവമായി നില്‍ക്കുന്ന ഘട്ടമാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമുയരേണ്ട കാലത്ത് സി എച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വഴികാട്ടിയായിത്തന്നെ മുന്നില്‍ നില്‍ക്കുന്നുണ്ട്.

സി എച്ചിന്റെ ഉള്‍പ്പെടെ ശ്രമഫലമായി രൂപപ്പെട്ട ഭൂപരിഷ്‌കരണം കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് തലയുയര്‍ത്തി ജീവിക്കാന്‍ പറ്റുന്ന സാഹചര്യം അത് സൃഷ്ടിച്ചു. ഇനിയും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നവകേരള സൃഷ്ടിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ഫെഡറലിസത്തിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ബദല്‍ ഉയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണിത്. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് രാഷ്ട്രീയമായ കരുത്തായും ഈ ഇടപെടല്‍ മാറിയിട്ടുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ജനവിഭാഗത്തെയും സര്‍ക്കാരിനെതിരാക്കാനുള്ള കള്ളപ്രചാരവേലകളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കൈപ്പിടിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍, ഇതെല്ലാം കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന രീതിയാണ് കേരള ഗവര്‍ണര്‍ സ്വീകരിക്കുന്നത്. സെനറ്റിലേക്ക് ഒഫീഷ്യല്‍ പദവിയുടെ അടിസ്ഥാനത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരെപ്പോലും പുറത്താക്കുന്ന രീതി ഗവര്‍ണര്‍ സ്വീകരിച്ചു. ഇപ്പോള്‍ മന്ത്രിമാരെയും പുറത്താക്കുമെന്നാണ് ഗവര്‍ണറുടെ ഭീഷണി. ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാനംപോലും അറിയാത്ത നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്.

ആര്‍എസ്എസ് മേധാവിയുടെ ദര്‍ശനത്തിനുവേണ്ടി കാത്തുനിന്ന ഗവര്‍ണറില്‍നിന്ന് ഇത്തരം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിന്റകൂടി ഫലമാണ് ഗവര്‍ണര്‍ തന്റെ രാഷ്ട്രീയ പക്ഷപാതിത്വവും എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള പകയും പ്രകടിപ്പിച്ചിട്ടുള്ളത്. സംഘപരിവാറിനുവേണ്ടി എന്തുംചെയ്യുമെന്ന സന്ദേശം നല്‍കുകകൂടി ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് വ്യക്തം. രാഷ്ട്രീയവും വ്യക്തിപരവുമായ താല്‍പ്പര്യങ്ങള്‍ക്കായി നടത്തുന്ന ഇത്തരത്തിലുള്ള ഒരു അജന്‍ഡയും കേരളത്തില്‍ വിലപ്പോകില്ല. വരുംനാളുകള്‍ അത് തെളിയിക്കും. ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനും ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ക്കും നേതൃപരമായ പങ്കുവഹിച്ച സി എച്ചിന്റെ ഓര്‍മകള്‍ ഈ പോരാട്ടത്തിന് കരുത്താകും.

സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍
സിപിഐ എം സംസ്ഥാന സെക്രട്ടറി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News