സമൂഹത്തില്‍ വന്നുചേരുന്ന മാറ്റങ്ങളുടെ ഉരകല്ലായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ്: മന്ത്രി ആര്‍ ബിന്ദു

സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും പ്രതിബദ്ധതയും നേരിട്ട് കണ്ടറിയാനായ അവസരമായിരുന്നു വർണ്ണപ്പകിട്ട് ട്രാൻസ്‍ജെൻഡർ ഫെസ്റ്റെന്ന് മന്ത്രി ആര്‍ ബിന്ദു.

സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും പ്രതിബദ്ധതയും നേരിട്ട് കണ്ടറിയാനായ അവസരമായിരുന്നു വർണ്ണപ്പകിട്ട് ട്രാൻസ്‍ജെൻഡർ ഫെസ്റ്റ്. സമൂഹം വേർതിരിക്കുന്നവരെ, ഒപ്പം ചേർത്തുപിടിക്കാൻ ഒരുക്കിയ വർണ്ണപ്പകിട്ടിനെ ഏറ്റവും വിജയത്തിലെത്തിച്ച സാമൂഹ്യനീതി വകുപ്പിലെ ഡയറക്ടർ തൊട്ട് താഴെത്തലം വരെയുള്ള പ്രവർത്തകരെ പ്രത്യേകം വിളിച്ചുചേർത്ത് സർക്കാരിന്റെ ആദരവും അഭിനന്ദനവും അറിയിച്ചു.

ദൈനംദിനത്തിൽ ഒട്ടേറെ പ്രതിബന്ധങ്ങളും അവഹേളനങ്ങളും നേരിടുന്നവരാണ് ട്രാൻസ്‍ജെൻഡർ സമൂഹമെന്നും  അവരുടെ ശാക്തീകരണം അദ്‌ഭുതകരമായ വേഗത്തിൽ മുന്നേറുന്ന സംസ്ഥാനമാണ് നമ്മുടേതെന്നത് അഭിമാനത്തോടെ പറയാമെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ദൈനംദിനത്തിൽ ഒട്ടേറെ പ്രതിബന്ധങ്ങളും അവഹേളനങ്ങളും നേരിടുന്നവരാണ് ട്രാൻസ്‍ജെൻഡർ സമൂഹം. അവരുടെ ശാക്തീകരണം അദ്‌ഭുതകരമായ വേഗത്തിൽ മുന്നേറുന്ന സംസ്ഥാനമാണ് നമ്മുടേതെന്നത് അഭിമാനത്തോടെ പറയാം. രാജ്യത്താദ്യമായി ട്രാൻസ്‍ജെൻഡർ നയത്തിനു രൂപം നൽകിയതടക്കമുള്ള എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടും അതിന് കാരണമാണെന്നതും അഭിമാനത്തോടെ പറയട്ടെ.

അനുകമ്പയോ സഹതാപമോ അല്ല, ഐക്യദാർഢ്യമാണ് ഏതു അരികുവത്‌കൃത സമൂഹത്തിനും വേണ്ടതെന്നതാണ് ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനം. അതിന്റെ വെളിച്ചത്തിൽത്തന്നെയാണ് ഏറ്റവും ജനകീയമായി, വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തിന്റെ മുൻകൈയിൽ ആഘോഷമായി ഫെസ്റ്റ് ഏറ്റെടുക്കണമെന്ന ആവശ്യം മന്ത്രിയെന്ന നിലയിൽ മുന്നോട്ടുവെച്ചത്. അതേറ്റെടുക്കുകയും വിജയകരമായി അതിനെ പരിസമാപ്തിയിൽ എത്തിക്കുകയും ചെയ്‌തതിലൂടെ സാമൂഹ്യനീതിവകുപ്പുദ്യോഗസ്ഥർ സാമൂഹ്യനീതിയുടെ ഉയർന്ന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാനാണ് കൂടെനിന്നത്. അതിന് പ്രത്യേകം നന്ദി പറയാനായിരുന്നു കൂടിയിരിപ്പ്.

അരികുവത്കൃത നിലയിൽനിന്നും മുഖ്യധാരയിലേക്ക് ഉയർന്നുവരാനുള്ള ട്രാൻസ് സമൂഹത്തിന്റെ അഭിവാഞ്ഛകളെ ഉൾക്കൊണ്ട് അംഗീകരിക്കുന്നതിലെ വിമുഖതയിൽനിന്ന് പൊതുസമൂഹം ഏറെ മുന്നോട്ടു പോന്നുകഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥിനവോത്ഥാനത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായ യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസ് സമൂഹം മേളയെ നെഞ്ചോടുചേർത്ത് ഏറ്റെടുത്തത് അതിന്റെ വിളിച്ചുപറയലായിരുന്നു. ചടങ്ങിൽ സംസാരിച്ചവരെല്ലാം അതിലുള്ള ചാരിതാർഥ്യം പങ്കിട്ടതും സന്തോഷാനുഭവമായി.

നിശ്ചയമായും, കേരളസമൂഹത്തിൽ വന്നുചേരുന്ന മാറ്റങ്ങളുടെ വലിയൊരു ഉരകല്ലായിരുന്നു ട്രാൻസ്‍ജെൻഡർ ഫെസ്റ്റ്. അരികുവൽകൃതരോടുള്ള സമീപനമാറ്റത്തിന്റെ ഉരകല്ല്. അതിനു നേതൃത്വം കൊടുക്കാൻ ഉദ്യോഗസ്ഥവൃന്ദംതന്നെ മുന്നിട്ടിറങ്ങുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയാണ്. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യുമെന്നതിനു തെളിവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here