V. S. Achuthanandan: വി എസ്സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

നൂറാം വയസ്സിലേക്ക് കടക്കുന്ന മുന്‍ മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വി എസ്സിന്റെ മകന്‍ അരുണ്‍ കുമാറിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുകയായിരുന്നു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങള്‍ ക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവര്‍ണര്‍ ആശംസ റ്റ്വീറ്റില്‍ പറഞ്ഞു.

സമരയൗവ്വനത്തിന് ഇന്ന് 99ാം പിറന്നാള്‍ ദിനം

സമരത്തിനും പോരാട്ടത്തിനും വിപ്ലവവീര്യത്തിനും കേരളത്തിനൊരു പര്യായമുണ്ട്. സഖാവ് വി എസ്. 99 ന്റെ നിറവില്‍ സഖാവിനിന്ന് പിറന്നാള്‍ ദിനം.

സമരത്തിന്,പോരാട്ടത്തിന്,വിപ്ലവത്തിന് രണ്ടക്ഷരമുള്ളൊരു പര്യായം…കമ്മ്യുണിസ്റ്റ് എന്ന വാക്കിന് സ്വന്തം ജീവിതം കൊണ്ട് ചിത്രമെഴുതിയ ചെന്താരകം. വാരിക്കുന്തങ്ങളെക്കാള്‍ മൂര്‍ച്ചയുള്ള അനുഭവങ്ങള്‍, വെടിയുണ്ടകളെക്കാള്‍ കൃത്യതയുള്ള രാഷ്ട്രീയബോധം.എല്ലമടങ്ങുന്ന ആ രണ്ടക്ഷരമാണ് വി എസ്. 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. നാലാം വയസ്സില്‍ വിടപറഞ്ഞ അമ്മയും 11 ആം വയസ്സില്‍ തനിച്ചാക്കി മടങ്ങിയ അച്ഛനും..സഹോദരന്റെ തണലില്‍ തയ്യല്‍ കടയിലും പിന്നീട് കയര്‍ഫാക്ടരിയിലും തൊഴിലെടുത്തു. അവിടെ തുടങ്ങുന്നു വി എസ് എന്ന കമ്മ്യുണിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം.

പോരാട്ടങ്ങളുടെ വീഥിയില്‍ മര്‍ദനങ്ങളുടെ തീമഴ പെയ്ത നാളുകളില്‍ ഇന്‍ക്യുലാബ് വിളികളുടെ കരുത്തില്‍ വി എസ് പിന്നെയും പിന്നെയും പൂത്തു. പുന്നപ്ര വയലാറിന്റെ ചെഞ്ചുവപ്പായി..ജീവന്‍ വെടിഞ്ഞെന്ന് കരുതി സര്‍ സി പി യുടെ പോലീസ് ഉപേക്ഷിച്ച കുറ്റികാട്ടില്‍ നിന്നും തലമുറകളിലേക്ക് വിപ്ലവവീര്യത്തിന്റെ വിത്തെറിയാനുള്ള നിയോഗവുമായി ഉയിര്‍ത്തെണീറ്റു വി എസ്. 1940 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. ജന്മികള്‍ക്കെതിരെയും ഭൂപ്രഭുക്കള്‍ക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം വി എസ്സിന് ജീവിതമായി. 1964 ല്‍ സി പി ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങി സി പി ഐ എം രൂപീകരണത്തിന് ഇറങ്ങിതിരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരു സഖാവ്..
5 വര്‍ഷം ജയിലിലും,നാലര വര്‍ഷക്കാലം ഒലിവിലും കഴിഞ്ഞ സമരചരിത്രം.

9 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വി എസ് 6 ലും വിജയിച്ചു. 3 തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്,2006ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി. 1985 മുതല്‍ 2009 വരെ സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം.

നീട്ടിയും പരത്തിയും മൂന്നുവട്ടം ആവര്‍ത്തിച്ചും വി എസ് പ്രസംഗിക്കുമ്പോള്‍ പറഞ്ഞതിലുമേറെ കേള്‍ക്കാനായി കേരളത്തിന്…ആരോഗ്യം അനുവദിച്ചിടത്തോളം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കാലുറപ്പിച്ചു നിന്നു വി എസ്. 99 ന്റെ നിറവില്‍ പ്രിയ സഖാവിന്, സമരജീവിതത്തിന് ജന്മദിനാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News