മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരിടേണ്ടത് നിരവധി വെല്ലുവിളികള്‍…

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മുന്നില്‍ വെല്ലുവിളികള്‍ അനവധിയാണ്. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. സമാനതകളില്ലാത്ത തകര്‍ച്ചയിലൂടെ കടന്ന പോകുന്ന കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കിടയിലെ അധികാരത്തര്‍ക്കവും, ശശി തരൂര്‍ ഉയര്‍ത്തുന്ന തിരുത്തല്‍ വാദവും ഖാര്‍ഗെയ്ക്ക് മുന്നിലുള്ള പ്രതിസന്ധികളാണ്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നത് കോണ്‍ഗ്രസിന്റെ മോശം കാലത്താണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങുന്നത്. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ളത്. G 23 ഉയര്‍ത്തിയ നേതൃമാറ്റമെന്ന ആവശ്യം, മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകുന്ന അവസ്ഥ, പ്രതിപക്ഷ ഐക്യമെന്ന ആവശ്യം അങ്ങനെ കോണ്‍ഗ്രസിനെ നയിക്കുന്ന ഖാര്‍ഗെയ്ക്ക് മുന്നില്‍ കടമ്പകള്‍ പലതുണ്ട്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രസക്തി തിരികെ പിടിക്കുക എന്നതാണ് ഖാര്‍ഗെ യുടെ വലിയ ലക്ഷ്യം. BJP അധികാരത്തിലിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണ്ണായകമാണ്. ഇവിടെ അധികാരത്തിലെത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.

ഈ സാഹചര്യത്തിലാണ് ഖാര്‍ഗെ യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള കടന്ന് വരവ്. പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കപ്പെടുമോ., ഗാന്ധി കുടുംബത്തിലെ പ്രബലരുടെ റോള്‍ എന്താകും എന്നതൊക്കെ കാത്തിരുന്നു കാണേണ്ടതാണ്. ഖാര്‍ഗെയെ സംബന്ധിച്ചടുത്തോളം കാര്യങ്ങള്‍ അത്ര പന്തിയല്ല. പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന ശശി തരൂരിന്റെ ആവശ്യവും ഖാര്‍ഗെയ്ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാകും സൃഷ്ട്ടിക്കുക എന്നുറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News