ADVERTISEMENT
ബസിൽ കയറുംമുമ്പ് വാതിലിടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി ദേവരാജിനാണ് (17) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർത്ഥികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയയുടൻ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. ഇതേ തുടർന്ന് ദേവരാജ് പുറത്തേക്ക് തെറിച്ച് വീണു.
വീഴ്ചയിൽ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ ദേവരാജ് ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർത്ഥികൾ കൂട്ടമായി എത്തുമ്പോൾ പലപ്പോഴും ബസ് സ്റ്റോപ്പിൽ നിർത്താറില്ലെന്ന് കുട്ടികൾ പറയുന്നു. ഇതുമൂലം നൂറുകണക്കിന് വിദ്യാർത്ഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം കൂടുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാന രീതിയിൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും ബസിൽ നിന്ന് വീണിരുന്നു.
കാര്യമായ പരിക്കേറ്റിരുന്നില്ല. വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ചില ബസുകൾ റൂട്ടു മാറിയാണ് ഓടുന്നത്. ഇതും യാത്രക്ലേശം ഇരട്ടിയാക്കുന്നു. വല്ലപ്പോഴും മാത്രമാണ് സ്കൂളിന് മുന്നിൽ പൊലീസ് സേവനം കിട്ടുന്നത്. ഇതും സ്വകാര്യ ബസുകളുടെ നിയമലംഘനത്തിന് സഹായകരമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുള്ള സ്കൂളായതിനാൽ രാവിലെയും വൈകീട്ടും വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.