ISRO; ഡോ.ശങ്കരസുബ്രഹ്മണ്യത്തെ സൂര്യ പഠനദൗത്യം ‘ആദിത്യ എല്‍ 1’ ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി നിയമിച്ചു

ഡോ.ശങ്കരസുബ്രഹ്മണ്യത്തെ ഐഎസ്ആര്‍ഒയുടെ(ISRO) സൂര്യ പഠന ദൗത്യം ആദിത്യ എല്‍ 1 ന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി നിയമിച്ചു. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ ഗവേഷണ കേന്ദ്രമായ ബെംഗളൂരു യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയര്‍ സോളാര്‍ സയന്റിസ്റ്റാണ്. ഐഎസ്ആര്‍ഒ 2023 ല്‍ പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

ആസ്‌ട്രോസാറ്റ്, ചന്ദ്രയാന്‍ 1, ചന്ദ്രയാന്‍ 2 ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞനാണ് ഡോ.ശങ്കരസുബ്രഹ്മണ്യം. നിലവില്‍ യുആര്‍എസ്‌സിയിലെ സ്‌പേസ് ആസ്‌ട്രോണമി ഗ്രൂപ്പിന്റെ മേധാവിയാണ്. ആദിത്യ എല്‍ 1 ന് പുറമേ, എക്‌സ്‌പോസാറ്റ്, ചന്ദ്രയാന്‍ 3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ദൗത്യങ്ങളിലെ ശാസ്ത്ര ഉപകരണങ്ങളുടെ വികസനവും സ്‌പേസ് ആസ്‌ട്രോണമി ഗ്രൂപ്പില്‍ നടക്കുന്നുണ്ട്. ആദിത്യ എല്‍1 സയന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മേധാവിയുമാണ് ഡോ.ശങ്കരസുബ്രഹ്മണ്യം.

ആദിത്യ എല്‍ 1

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമാണ് ആദിത്യ എല്‍ 1. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കാന്‍ പോകുന്നത്. ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂര്‍ണ സമയവും സൂര്യനെ നിരീക്ഷിക്കാന്‍ ഇവിടെ സ്ഥാപിക്കുന്ന പേടകത്തിന് കഴിയും.

ഭൂമിയില്‍ നിന്ന് 15,00,000 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. അഞ്ച് ലഗ്രാഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇതില്‍ രണ്ടാം ലഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

ഏഴ് പഠന ഉപകരണങ്ങളാണ് പേടകത്തില്‍ ഉള്‍പ്പെടുത്തുക. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കൊറോണയെക്കുറിച്ചുള്ള പഠനത്തിന് പുറമെ സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങള്‍ തുടങ്ങിയവയെല്ലാം ആദിത്യ എല്‍ 1 പഠന വിധേയമാക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സും, ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സും അടക്കം രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ ദൗത്യവുമായി സഹകരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News