Happiness Festival:ഹാപ്പിനസ് ഫെസ്റ്റിവല്‍ സംഘാടക സമിതി ഓഫീസ് അജുവര്‍ഗീസ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 18 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍'(Happiness Festival) സംഘാടക സമിതി ഓഫീസ് പ്രശസ്ത ചലച്ചിത്രതാരം അജുവര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ എംഎല്‍എ അദ്ധ്യക്ഷനായി. കലാ, സാംസ്‌കാരിക, വിനോദ, വിജ്ഞാന വിരുന്നൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ ഡിസംബര്‍ 24ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 19ന് വൈകിട്ട് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരിതെളിയിക്കും.

ലോകസിനിമയുടെ ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ചിത്രങ്ങളും, ക്ലാസിക് ദൃശ്യാനുഭവങ്ങളുമൊരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി പ്രശസ്ത ചലച്ചിത്രകാരന്മാരും, അഭിനേതാക്കളും, പിന്നണി പ്രവര്‍ത്തകരും അണിനിരക്കുന്ന ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കും. സാംസ്‌കാരിക സമ്പന്നതയും അതിനൂതന ഷോപ്പിംഗ് അനുഭവവും സമന്വയിക്കുന്ന അസുലഭ സന്ദര്‍ഭമായി ഫെസ്റ്റ് മാറും.

ഫെസ്റ്റിവല്‍ രാവുകളെ സംഗീത സാന്ദ്രമാക്കുവാന്‍, സുപ്രസിദ്ധ മ്യൂസിക് ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകള്‍ ഫെസ്റ്റിന്റെ വിവിധ ദിവസങ്ങളില്‍ അരങ്ങേറും. ഫാഷന്‍ ലോകത്തെ മോഡേണ്‍ ട്രന്റുകള്‍ അരങ്ങിലെത്തുന്ന ഫാഷന്‍ ഷോ, കാഴ്ചയുടെ വര്‍ണ്ണ വസന്തം തീര്‍ക്കുവാന്‍ വൈവിദ്ധ്യങ്ങളുടെ അതുല്യ ശേഖരവുമായി അവതരിപ്പിക്കുന്ന ഫ്‌ലവര്‍ ഷോ, കുട്ടികളെ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന അത്യാകര്‍ഷകമായ ചില്‍ഡ്രണ്‍സ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ത്രസിപ്പിക്കുന്ന റൈഡുകളും, പുത്തന്‍ ഗെയിമുകളും സജ്ജമാക്കും.

ഷോപ്പിംഗിന്റെ വൈവിദ്ധ്യലോകമൊരുക്കുന്ന വിപുലമായ എക്‌സിബിഷനുകളിലൂടെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ ഉല്‍പ്പന്ന, സേവനങ്ങള്‍ വിപണനത്തിനെത്തും. രുചി വൈവിദ്ധ്യങ്ങളുടെ അത്ഭുത ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഫുഡ്‌കോര്‍ട്ടുകളിലൂടെ കേരളത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും തനത് രുചിക്കൂട്ടുകള്‍ സ്വാദിന്റെ കലവറ തുറക്കും.കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികള്‍ച്ചറല്‍ ഫെസ്റ്റില്‍ അതിനൂതന കാര്‍ഷിക സാങ്കേതികവിദ്യകള്‍, കൃഷി രീതികള്‍, വിത്തുകള്‍, എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടത്തും. നാടിന്റെ കാര്‍ഷിക പാരമ്പര്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടമായി അഗ്രികള്‍ച്ചറല്‍ ഫെസ്റ്റ് മാറും.

നാട്ടറിവുകളുടേയും നാടന്‍ കലാമികവിന്റെയും കേളികൊട്ടുയര്‍ത്തിക്കൊണ്ട് പ്രശസ്ത നാടന്‍ കലാകാരന്മാരുടെ പ്രകടനങ്ങള്‍ അരങ്ങിലെത്തും. നാടന്‍ പാട്ടുകള്‍, നാടോടി നൃത്തങ്ങള്‍ എന്നിവ അരങ്ങേറും. അറിവിന്റെയും അക്ഷരങ്ങളുടേയും പുതുവാതായനങ്ങള്‍ തുറക്കുന്ന പുസ്തകോത്സവത്തില്‍ നൂറുകണക്കിന് എഴുത്തുകാരുടെയും, പ്രശസ്ത പ്രസാധകരുടെയും പുസ്തകങ്ങള്‍ വായനക്കാരിലെത്തും.

ഫെസ്റ്റിനോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. നവംബര്‍ 1 മുതല്‍ 15 വരെ വിവിധ പ്രദേശങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഡയബറ്റിസ്, പീഡിയാട്രിക് അസുഖങ്ങള്‍, ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകളുള്‍ തുടങ്ങി വിവിധ സ്‌പെഷ്യലൈസ്ഡ് ക്യാമ്പുകള്‍ നടത്തും. കായിക തരങ്ങളെ കണ്ടെത്തുകയും അവരെ മികവിലേക്കുയര്‍ത്തുകയും ചെയ്യുന്ന കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവല്‍ നാടിന്റെ പൊതുഇടങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാനമായ ഇടപെടലാവും.

സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി മുകുന്ദന്‍ സ്വാഗതം പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍
ഷൈന്‍ കെ എസ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്‍, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി, കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെജി പി പി, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ്, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍, സംഘാടക സമിതി ഭാരവാഹികളായ കെ സന്തോഷ്, കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ എന്‍ അനില്‍കുമാര്‍, പി ഒ മുരളീധരന്‍ മാസ്റ്റര്‍, സിനിമ നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ നിഷാന്ത് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News