ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും, ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി നിര്‍വ്വഹിച്ചു.

റോബോട്ടിക് സര്‍ജറി തുടങ്ങി അതിസങ്കീര്‍ണവും നൂതനവുമായ ചികിത്സാരീതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പുതിയ ആശുപത്രിയിലൂടെ ആസ്റ്റര്‍ പദ്ധതിയിടുന്നത്. നിലവില്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, ഗാസ്ട്രോഎന്ററോളജി, കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ് തുടങ്ങി ഇരുപതില്‍ അധികം സേവനങ്ങള്‍ ഷാര്‍ജയില്‍ ലഭ്യമാണ്. വരുംനാളുകളില്‍ കൂടുതല്‍ സൂപ്പര്‍സ്പെഷ്യാലിറ്റികള്‍ കൂടെ കൂട്ടിച്ചേര്‍ക്കും.

യുഎഇയിലെ അഞ്ചാമത്തെയും ആസ്റ്റര്‍ ഗ്രൂപ്പിനു കീഴിലുള്ള 30-മത്തെ ആശുപത്രിയും ജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
ഷാര്‍ജയിലെയും മറ്റു വടക്കന്‍ എമറേറ്റ്സിലെയും ജനങ്ങള്‍ക്ക് വിദഗ്ദവും മേന്മയുമുള്ള ചികിത്സ താങ്ങാവുന്നതും, അനായാസം പ്രാപ്യവുമായ രീതിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

ആസ്റ്ററിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്ന ശ്രമത്തിലാണ് തങ്ങളെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here