ADVERTISEMENT
ബലാത്സംഗ കേസിലെ പ്രതി കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി(Eldhose Kunnappilly) നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. നിയന്ത്രിത കസ്റ്റഡിക്ക് തുല്യമായ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥന് അധികാരം നല്‍കുന്നതാണ് ജാമ്യവ്യവസ്ഥ. രാവിലെ 9 മുതല്‍ രാത്രി ഏഴുവരെയാണ് ചോദ്യം ചെയ്യല്‍. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.
ജാമ്യം ലഭിച്ചെങ്കിലും പൊലീസ് കസ്റ്റഡിക്ക് തുല്യമായ ചോദ്യചെയ്യലിന് എല്‍ദോസ് കുന്നപ്പിള്ളി വിധേയനാകണം. നാളെ രാവിലെ
ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ബി അനില്‍കുമാറിന് മുന്നില്‍ എല്‍ദോസ് ഹാജരാകണം. രാത്രി 7 മണിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം ഉണ്ട്. നാളെ മുതല്‍ അടുത്തമാസം ഒന്നാം തീയതിവരെ ഈ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് എല്‍ദോസിനെ ചോദ്യം ചെയ്യലിന് വിധേയമാക്കാം. ഈ ഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെയും രണ്ടു വ്യക്തികളുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണമെന്നാണ് വ്യവസ്ഥ.
അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനും മറ്റുമായി നിയന്ത്രിത കസ്റ്റഡിയിലെടുക്കാം. പ്രതിയുടെ ഒപ്പടക്കമുള്ള തെളിവ് ശേഖരിക്കാനും പൊലീസിന് അധികാരമുണ്ടാകും. നിയന്ത്രിത കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ജാമ്യം താല്‍ക്കാലികമായി റദ്ദുചെയ്യും. നാളെ ഹാജരാകുന്ന എല്‍ദോസ് തന്റെ രണ്ടു ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടിവും. അതേസമയം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കും. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കോവളത്തെ ആത്മഹത്യാ മുനമ്പിലെത്തിച്ച് എല്‍ദോസ് കുന്നപ്പിള്ളി യുവതിയെ വധിക്കാന്‍ ശ്രമിച്ചതായി മൊഴിയുണ്ട്. ഇക്കാര്യത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് ഹാജരാക്കേണ്ടതുണ്ടന്നും പ്രേസിക്യൂഷന്‍ കോടതിയെ അറിയിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.